നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണ്'; പോലീസ് വേഷത്തില്‍ വീഡിയോ കോള്‍, പണം തട്ടാന്‍ പുതിയ വഴികള്‍: ജാഗ്രത പാലിക്കാം

Published : Jan 22, 2026, 10:40 PM IST
 mumbai digital arrest scam delhi blast investigation 16 5 lakh fraud case

Synopsis

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ 'ഡിജിറ്റല്‍ അറസ്റ്റ്' എന്നൊന്നില്ല എന്നതാണ് സത്യം. എന്നാല്‍ ആ പേടിപ്പെടുത്തുന്ന സാഹചര്യത്തില്‍ പലരും ഈ സത്യം ഓര്‍ക്കാറില്ല.

 

ഫോണ്‍ ബെല്ലടിക്കുന്നു. മറുതലയ്ക്കല്‍ ശാന്തമായ സ്വരത്തില്‍ ഒരാള്‍ സംസാരിക്കുന്നു. താന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നോ, സിബിഐ ഓഫീസറാണെന്നോ അല്ലെങ്കില്‍ സൈബര്‍ ക്രൈം അന്വേഷണ ഉദ്യോഗസ്ഥനാണെന്നോ പരിചയപ്പെടുത്തുന്നു. നിങ്ങളുടെ ആധാര്‍ കാര്‍ഡോ, ബാങ്ക് അക്കൗണ്ടോ, മൊബൈല്‍ നമ്പറോ അല്ലെങ്കില്‍ നിങ്ങളുടെ പേരില്‍ വന്ന ഒരു പാഴ്‌സലോ ഏതെങ്കിലും നിയമവിരുദ്ധമായ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ആ വാചകം പിന്നാലെ വരുന്നു: 'നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണ് '.

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ 'ഡിജിറ്റല്‍ അറസ്റ്റ്' എന്നൊന്നില്ല എന്നതാണ് സത്യം. എന്നാല്‍ ആ പേടിപ്പെടുത്തുന്ന സാഹചര്യത്തില്‍ പലരും ഈ സത്യം ഓര്‍ക്കാറില്ല. ഭയം, അധികാരം, വേഗത എന്നിവ ആയുധമാക്കിയാണ് തട്ടിപ്പുകാര്‍ വലവിരിക്കുന്നത്. ഫോണ്‍ കട്ട് ചെയ്യരുതെന്നും, വീട്ടുകാരോട് സംസാരിക്കരുതെന്നും, പോലീസ് സ്റ്റേഷനില്‍ പോകരുതെന്നും ഇക്കൂട്ടര്‍ ഭീഷണിപ്പെടുത്തും. പണം കൈമാറുന്നതും മൊഴിയെടുക്കുന്നതും ഉള്‍പ്പെടെ എല്ലാം ഓണ്‍ലൈനായി വീഡിയോ കോളിലൂടെ നടക്കുമെന്നും ഇവര്‍ വിശ്വസിപ്പിക്കുന്നു. ഫോണ്‍ വെയ്ക്കുമ്പോഴേക്കും അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും.

എന്താണ് യഥാര്‍ത്ഥത്തില്‍ ഈ 'ഡിജിറ്റല്‍ അറസ്റ്റ്'?

ഇതൊരു ഔദ്യോഗിക നിയമ നടപടിയല്ല. ഇരകളെ ഭയപ്പെടുത്തി, തങ്ങള്‍ക്കെതിരെ ഗുരുതരമായ നിയമനടപടികള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ സഹകരിച്ചില്ലെങ്കില്‍ കുഴപ്പമാകുമെന്നും വിശ്വസിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉണ്ടാക്കിയെടുത്ത ഒരു കള്ളപ്പേരാണിത്. പോലീസ് യൂണിഫോം ധരിച്ചും, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചും, പോലീസ് സ്റ്റേഷനെന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിലുമാകും ഇവര്‍ വീഡിയോ കോളില്‍ വരുന്നത്. അവരുടെ സംസാരത്തിലെ ആത്മവിശ്വാസം കണ്ട് ആരും വീണുപോകും. ചിന്തിക്കാനുള്ള സാവകാശം നല്‍കാതിരിക്കുക എന്നതാണ് ഇവരുടെ തന്ത്രം.

അറസ്റ്റ്, ചോദ്യം ചെയ്യല്‍, സാമ്പത്തിക പരിശോധനകള്‍ എന്നിവയൊന്നും വാട്സാപ്പ് വീഡിയോ കോളിലൂടെയോ മെസേജിംഗ് ആപ്പുകളിലൂടെയോ നടക്കില്ലെന്ന് പോലീസ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

കുടുങ്ങുന്നത് എങ്ങനെ?

അശ്രദ്ധ കൊണ്ടല്ല മിക്കവരും ഈ ചതിയില്‍ വീഴുന്നത്; മറിച്ച് വിശ്വസനീയമായ കാര്യങ്ങള്‍ പറഞ്ഞാണ് തട്ടിപ്പ് തുടങ്ങുന്നത് എന്നതുകൊണ്ടാണ്. കൊറിയര്‍ പാഴ്‌സല്‍, സിം കാര്‍ഡ്, ബാങ്ക് ലോണ്‍ എന്നിങ്ങനെ നമുക്ക് പരിചിതമായ കാര്യങ്ങളെക്കുറിച്ചാകും അവര്‍ സംസാരിക്കുക. ഭയം വരുമ്പോള്‍ യുക്തി കൈമോശം വരും. ബാങ്ക് അക്കൗണ്ട് പരിശോധിക്കാനായി ഒരു പോലീസുകാരനും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും, വാട്സാപ്പിലൂടെ ബാങ്കുകള്‍ കേസുകള്‍ തീര്‍പ്പാക്കില്ലെന്നും ജനം മറന്നുപോകുന്നു.

അപായ സൂചനകള്‍ തിരിച്ചറിയാം

ധൃതിപിടിപ്പിക്കല്‍: ചിന്തിക്കാനോ മറ്റൊരാളോട് സംസാരിക്കാനോ സമയം നല്‍കാതെ വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ഇവര്‍ നിര്‍ബന്ധിക്കും.

ഒറ്റപ്പെടുത്തല്‍: ഇക്കാര്യം കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ പറയരുതെന്ന് കര്‍ശനമായി വിലക്കും. മൂന്നാമതൊരാള്‍ അറിഞ്ഞാല്‍ തട്ടിപ്പ് പൊളിയുമെന്ന് അവര്‍ക്കറിയാം.

പണം ആവശ്യപ്പെടല്‍: 'വെരിഫിക്കേഷന്' വേണ്ടിയാണെന്നും, 'സേഫ് അക്കൗണ്ടിലേക്ക്' മാറ്റാനാണെന്നും പറഞ്ഞ് പണം അയയ്ക്കാന്‍ ആവശ്യപ്പെടും. പണം അയയ്ക്കുമ്പോള്‍ വീഡിയോ കോള്‍ കട്ട് ചെയ്യാന്‍ പാടില്ലെന്നും പറയും. ഓര്‍ക്കുക, ഇതൊരു തട്ടിപ്പാണ്.

എങ്ങനെ രക്ഷപ്പെടാം?

ഫോണ്‍ കട്ട് ചെയ്യുക: ഭീഷണിപ്പെടുത്തിയാലും പേടിക്കേണ്ട, ധൈര്യമായി ഫോണ്‍ കട്ട് ചെയ്യുക. ഫോണ്‍ കട്ട് ചെയ്തതിന്റെ പേരില്‍ യഥാര്‍ത്ഥ പോലീസ് നടപടിയെടുക്കില്ല.

സ്ഥിരീകരിക്കുക: പോലീസ് സ്റ്റേഷനിലോ ബാങ്കിലോ വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുക. വീട്ടിലുള്ളവരോട് കാര്യം പറയുക. മറ്റൊരാളോട് സംസാരിക്കുന്നതോടെ തട്ടിപ്പുകാരുടെ കള്ളത്തരം വെളിച്ചത്താകും.

ഓര്‍ക്കുക: നിയമനടപടികള്‍ക്ക് രേഖകളുണ്ടാകും, അത് നാടകീയമായിരിക്കില്ല. നോട്ടീസുകള്‍, നേരിട്ടുള്ള സന്ദര്‍ശനം എന്നിവയാണ് പോലീസിന്റെ രീതി. അല്ലാതെ വീഡിയോ കോളിലൂടെയല്ല.

തട്ടിപ്പിന് ഇരയായാല്‍ എന്തുചെയ്യണം?

അഥവാ ഇത്തരം കോള്‍ വന്നാല്‍ തര്‍ക്കിക്കാനോ നിരപരാധിത്വം തെളിയിക്കാനോ നില്‍ക്കരുത്. 'സുരക്ഷയ്ക്കായി' പണം മാറ്റാനും ശ്രമിക്കരുത്. പണം കൈമാറിക്കഴിഞ്ഞാല്‍ അത് തിരികെ ലഭിക്കുക പ്രയാസമാണ്. അബദ്ധത്തില്‍ വിവരങ്ങള്‍ കൈമാറുകയോ പണം നഷ്ടപ്പെടുകയോ ചെയ്താല്‍, ഉടന്‍ തന്നെ ബാങ്കിലും സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലും റിപ്പോര്‍ട്ട് ചെയ്യുക. എത്ര വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവോ അത്രയും നല്ലത്. ഭയവും മൗനവുമാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാരുടെ വിജയം. അതുകൊണ്ട് ധൈര്യമായിരിക്കുക, സംശയം തോന്നിയാല്‍ വിശ്വസ്തരായവരോട് സംസാരിക്കുക.

PREV
Read more Articles on
click me!

Recommended Stories

ലോകത്തിന് മരുന്നേകി ഇന്ത്യ; ബ്രസീലും നൈജീരിയയും ഇന്ത്യയുടെ പ്രധാന വിപണികള്‍
പാദരക്ഷാ വ്യവസായത്തിന് രക്ഷയുമായി കേന്ദ്രം; 9,000 കോടിയുടെ പാക്കേജ് വരും