എല്‍ നിനോ വില്ലനാകും; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്, അരിക്കും കാപ്പിക്കും പാമോയിലിനും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരും

Published : Oct 05, 2026, 05:24 PM IST
El Nino climate impact report

Synopsis

എൽ നിനോ കരുത്താർജിക്കുന്നതും യുദ്ധങ്ങൾ മൂലമുള്ള വിതരണ ശൃംഖലയുടെ തകർച്ചയും ലോകത്തെ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം കാരണം കാപ്പി, പാമോയിൽ, അരി, ഗോതമ്പ് എന്നിവയുടെ ഉൽപ്പാദനം കുറയുകയും വില കുതിച്ചുയരുകയും ചെയ്യും. ഇത് വികസ്വര രാജ്യങ്ങളെയാകും ഏറ്റവും രൂക്ഷമായി ബാധിക്കുക.

എല്‍ നിനോ കരുത്താര്‍ജിക്കുന്നതോടെ ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കാപ്പി, പാമോയില്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. യുദ്ധം മൂലം വിതരണ ശൃംഖല തകര്‍ന്നിരിക്കുന്ന ഈ സമയത്ത് എല്‍ നിനോ കൂടി വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഈ വര്‍ഷം അവസാനത്തോടെ എല്‍ നിനോ അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് പ്രവചനം.

വളത്തിന്റെ ക്ഷാമം, മോശം വിളവ്, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ നേരിടാന്‍ ശേഷി കുറവായതിനാല്‍ വികസ്വര രാജ്യങ്ങളെയാകും ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക. കിഴക്കന്‍, ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എല്‍ നിനോ പ്രാദേശികമായി വലിയ ഭക്ഷ്യക്ഷാമത്തിന് കാരണമാകും. പസഫിക് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി വര്‍ധിക്കുന്ന കാലാവസ്ഥാ മാറ്റമാണ് എല്‍ നിനോ. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊടും വരള്‍ച്ചയും കിഴക്കന്‍ ആഫ്രിക്കയില്‍ പ്രളയവും ലോകമെമ്പാടും കടുത്ത ചൂടും ഇത് സമ്മാനിക്കും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം കാപ്പി, പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ എല്‍ നിനോ വലിയ രീതിയില്‍ ബാധിക്കും.

ലോകത്തെ പ്രധാന കാപ്പി ഉല്‍പ്പാദകരായ ബ്രസീലിലും വിയറ്റ്‌നാമിലും മധ്യ അമേരിക്കയിലും മഴയുടെ ലഭ്യതയില്‍ വലിയ മാറ്റങ്ങളുണ്ടാകും. പാമോയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്തൊനീഷ്യ ഇതിനോടകം തന്നെ എല്‍ നിനോയുമായി ബന്ധപ്പെട്ട വരള്‍ച്ചയുടെ പിടിയിലാണ്. ഇവിടെ മഴ ലഭിക്കേണ്ട സമയത്ത് കൊടും വരള്‍ച്ചയും കാട്ടുതീയുമാണ് അനുഭവപ്പെടുന്നത്. 2015-16 കാലഘട്ടത്തിലുണ്ടായ സൂപ്പര്‍ എല്‍ നിനോ സമയത്തെ കാട്ടുതീയ്ക്ക് സമാനമായ അവസ്ഥയാണ് ഇന്തൊനീഷ്യയില്‍ ഇപ്പോഴുള്ളത്. ഇത് പാമോയില്‍ ഉല്‍പ്പാദനത്തെ സാരമായി ബാധിക്കും. പാമോയിലിന് ക്ഷാമം നേരിടുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. സ്വന്തമായി മികച്ച കാര്‍ഷിക ഉല്‍പ്പാദനം ഉള്ളതിനാല്‍ അമേരിക്കയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെങ്കിലും, 2026-2027 കാലഘട്ടത്തില്‍ അവിടെയും ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും.

പ്രതിസന്ധി ഇരട്ടിയാക്കി യുദ്ധങ്ങളും

യുദ്ധങ്ങളും വ്യാപാര നിയന്ത്രണങ്ങളും എല്‍ നിനോയും ചേരുന്നതോടെ ആഗോള തലത്തില്‍ ഭക്ഷ്യവിലകള്‍ കുതിച്ചുയരുകയാണെന്ന് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ചീഫ് ഇക്കണോമിസ്റ്റ് മാക്‌സിമോ ടൊറേറോ പറയുന്നു. ഇറാന്‍- ഇസ്രയേല്‍- യുഎസ് സംഘര്‍ഷങ്ങള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനൊപ്പം രാസവളങ്ങളുടെ വിതരണത്തെയും ബാധിക്കുന്നുണ്ട്. അമേരിക്കയും മറ്റ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇന്ത്യയുടെ അരിയും ഓസ്‌ട്രേലിയയുടെ ഗോതമ്പും

എല്‍ നിനോ ഇതിനോടകം തന്നെ ഭക്ഷ്യോല്‍പ്പാദനത്തില്‍ വലിയ ഇടിവ് വരുത്തിയിട്ടുണ്ട്. മഴ കുറഞ്ഞത് ഇന്ത്യയിലെ നെല്‍കൃഷിയെ സാരമായി ബാധിച്ചു. ചൂടും വരള്‍ച്ചയും കാരണം ഓസ്‌ട്രേലിയയുടെ ഗോതമ്പ് ഉല്‍പ്പാദനവും കുറയുമെന്നാണ് കണക്കുകൂട്ടല്‍. ആഭ്യന്തര ഭക്ഷ്യസുരക്ഷയെ കരുതി ഇന്ത്യ അരി കയറ്റുമതി നിയന്ത്രിച്ചാല്‍ ആഗോള വിപണിയില്‍ അരിവില കുത്തനെ ഉയരും. എല്‍ നിനോ വന്ന് മാസങ്ങള്‍ക്ക് ശേഷമായിരിക്കും പലപ്പോഴും ഭക്ഷ്യവിലകളില്‍ മാറ്റം പ്രകടമാകുക . പാമോയില്‍, വെളിച്ചെണ്ണ, കാപ്പി തുടങ്ങിയ ഉഷ്ണമേഖലാ ഉല്‍പ്പന്നങ്ങള്‍ക്കാണ് വില ഏറ്റവും കൂടുതല്‍ വര്‍ധിക്കുക. വികസിത രാജ്യങ്ങളെ കാലാവസ്ഥാ മാറ്റം കാര്യമായി ബാധിക്കാത്തതിനാല്‍ ആഗോളതലത്തില്‍ ധാന്യവിളകളുടെ വിലയെ എല്‍ നിനോ കാര്യമായി ബാധിക്കാറില്ല.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണം
പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് കനത്ത തിരിച്ചടി: ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഇൻഡിഗോ, വർധനവ് നാളെ മുതൽ