
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി മാറിയതിന് തൊട്ടുപിന്നാലെ, ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. വെറും മൂന്ന് വ്യാപാര ദിനങ്ങള്‍ കൊണ്ട് കമ്പനിയുടെ വിപണി മൂല്യത്തില്‍ 600 ബില്യണ്‍ ഡോളറിലധികം (ഏകദേശം 57 ലക്ഷം കോടി രൂപയിലധികം) ഇടിവുണ്ടായി. ഈ തുകയുടെ വലിപ്പം മനസിലാക്കണമെങ്കില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സ്വത്തുമായി താരതമ്യം ചെയ്താല്‍ മതി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ധനികരായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ആകെ സ്വത്തിന്റെ മൂന്നിരട്ടിയോളം വരും ഈ നഷ്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി 88.3 ബില്യണ്‍ ഡോളറും, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടേത് 120 ബില്യണ്‍ ഡോളറുമാണ്. തിങ്കളാഴ്ച മാത്രം സ്‌പേസ് എക്‌സ് ഓഹരികള്‍ 16 ശതമാനം ഇടിഞ്ഞ് 154.60 ഡോളറിലെത്തി. കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതോടെ മൂന്ന് ദിവസത്തെ ആകെ ഇടിവ് 23 ശതമാനമായി. ഇത്ര വലിയ ഇടിവുണ്ടായിട്ടും, 2 ട്രില്യണ്‍ ഡോളറിലധികം വിപണി മൂല്യമുള്ള സ്‌പേസ് എക്‌സ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി തുടരുന്നു.
റെക്കോര്‍ഡ് തുകയായ 75 ബില്യണ്‍ ഡോളര്‍ സമാഹരിച്ച സ്‌പേസ് എക്‌സിന്റെ ബംപര്‍ ഐപിഒയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ തിരിച്ചടി. റോക്കറ്റുകള്‍, സാറ്റലൈറ്റ് ആശയവിനിമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയടങ്ങുന്ന മസ്‌കിന്റെ സാമ്രാജ്യത്തില്‍ പങ്കാളികളാകാന്‍ നിക്ഷേപകര്‍ ഇരച്ചെത്തിയതോടെ കമ്പനിയുടെ മൂല്യം അതിവേഗം ഉയര്‍ന്നിരുന്നു. എന്നാല്‍, ഓഹരി വിലയിലുണ്ടായ ഈ പെട്ടെന്നുള്ള വര്‍ദ്ധനവ് ലാഭമെടുപ്പിന് വഴിവെച്ചതാണ് ഓഹരി വില ഇടിയാന്‍ കാരണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്കുള്ള സ്‌പേസ് എക്‌സിന്റെ അതിശക്തമായ പ്രവേശനവും നിക്ഷേപകരെ ചിന്തിപ്പിക്കുന്നുണ്ട്. എഐ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ബോണ്ട് വില്‍പ്പനയിലൂടെ കുറഞ്ഞത് 20 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ബ്ലൂംബെര്‍ഗ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, എഐ സ്റ്റാര്‍ട്ടപ്പായ റിഫ്ളെക്ഷന്‍ എഐയുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറിലും സ്‌പേസ് എക്‌സ് ഒപ്പുവെച്ചു. ഐപിഒയ്ക്ക് ശേഷമുള്ള കുതിപ്പിന് പ്രധാന കാരണം ചെറുകിട നിക്ഷേപകരായിരുന്നു. ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ആദ്യ അഞ്ച് വ്യാപാര ദിനങ്ങളില്‍ അവര്‍ 405 മില്യണ്‍ ഡോളറിന്റെ സ്‌പേസ് എക്‌സ് ഓഹരികള്‍ വാങ്ങി. പ്രമുഖ ടെക് കമ്പനികളായ 'മാഗ്‌നിഫിഷ്യന്റ് സെവന്‍' ഓഹരികളേക്കാള്‍ കൂടുതല്‍ പണം അക്കാലത്ത് സ്‌പേസ് എക്‌സിലേക്കാണ് ഒഴുകിയത്.