ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണ്, പക്ഷേ കയ്യില്‍ പണമില്ല; മസ്‌കിന്റെ ആ 'ചില്ലറ' മാത്രം 7650 കോടി രൂപ!

Published : Feb 18, 2026, 11:04 AM IST
Elon musk X

Synopsis

ഈ വര്‍ഷം തന്നെ മസ്‌ക് ലോകത്തെ ആദ്യ ട്രില്യണയര്‍ ആകാന്‍ 75% സാധ്യതയുണ്ടെന്ന 'കാല്‍ഷി' എന്ന പ്രവചന പ്ലാറ്റ്ഫോമിന്റെ പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ (ലക്ഷം കോടി ഡോളര്‍ ആസ്തിയുള്ള വ്യക്തി) ആകാന്‍ കുതിക്കുമ്പോഴും, തന്റെ കയ്യില്‍ പണമില്ലെന്ന് വെളിപ്പെടുത്തി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ആസ്തിയുടെ 0.1 ശതമാനം പോലും പണമായി കൈവശമില്ലെന്നാണ് മസ്‌കിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കേട്ട് സഹതാപം തോന്നാന്‍ വരട്ടെ, മസ്‌ക് നിസ്സാരമെന്ന് കരുതുന്ന ഈ 0.1 ശതമാനം പണം മാത്രം ഏകദേശം 85 കോടി ഡോളര്‍ വരും. അതായത് നമ്മുടെ 7650 കോടി രൂപ!

തന്റെ സമ്പത്ത് കുതിച്ചുയരുന്നു എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് താന്‍ 'ക്യാഷ് പുവര്‍' ആണെന്ന് മസ്‌ക് വീണ്ടും വ്യക്തമാക്കിയത്. തന്റെ ആസ്തിയുടെ ഭൂരിഭാഗവും ടെസ്ല, സ്‌പേസ് എക്‌സ് എന്നീ കമ്പനികളിലെ ഓഹരികളായാണ് കിടക്കുന്നതെന്നും അത് പണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ ആസ്തി എന്നത് ടെസ്ലയിലെയും സ്‌പേസ് എക്‌സിലെയും ഓഹരി പങ്കാളിത്തമാണ്. കൈവശമുള്ള പണം 0.1 ശതമാനത്തില്‍ താഴെ മാത്രം,' മസ്‌ക് എക്സില്‍ കുറിച്ചു.

ഈ വര്‍ഷം തന്നെ മസ്‌ക് ലോകത്തെ ആദ്യ ട്രില്യണയര്‍ ആകാന്‍ 75% സാധ്യതയുണ്ടെന്ന 'കാല്‍ഷി' എന്ന പ്രവചന പ്ലാറ്റ്ഫോമിന്റെ പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മസ്‌കിന്റെ പോക്കറ്റ് നിറയ്ക്കുന്നത് ആര്?

ടെസ്ലയുടെ 80 ശതമാനത്തിലധികം ഓഹരികളും സാധാരണ നിക്ഷേപകരും പന്‍ഷന്‍ ഫണ്ടുകളുമാണ് കൈവശം വച്ചിരിക്കുന്നതെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി. കൂടാതെ, ടെസ്ലയിലെയും സ്‌പേസ് എക്‌സിലെയും ജീവനക്കാര്‍ക്ക് ഓഹരികളും ഓപ്ഷനുകളും നല്‍കുന്നുണ്ട്. അതിനാല്‍ കമ്പനിയുടെ മൂല്യം കൂടുമ്പോള്‍ അതിന്റെ ഗുണം മസ്‌കിന് മാത്രമല്ല, നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണക്കിലെ കളികള്‍ ഇങ്ങനെ

ഫോബ്‌സിന്റെ റിയല്‍ ടൈം ബില്യണയര്‍ പട്ടിക പ്രകാരം മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 849.3 ബില്യണ്‍ ഡോളറാണ് (ഏകദേശം 76.4 ലക്ഷം കോടി രൂപ). ഇതിന്റെ 0.1 ശതമാനമാണ് പണമായി കയ്യിലുള്ളത്. മസ്‌കിന്റെ സാമ്രാജ്യം വെച്ചുനോക്കുമ്പോള്‍ ഇതൊരു ചെറിയ തുകയാണെങ്കിലും, സാധാരണക്കാരനെ സംബന്ധിച്ച് 7650 കോടി രൂപ എന്നത് വമ്പന്‍ തുകയാണ്. ഇതാദ്യമായല്ല മസ്‌ക് താന്‍ പണക്കാരനല്ലെന്ന് പറയുന്നത്. 'എന്റെ കയ്യില്‍ നിറയെ പണമുണ്ടെന്നാണ് ചിലര്‍ കരുതുന്നത്, പക്ഷേ സത്യത്തില്‍ അങ്ങനെയല്ല,' എന്ന് 2019-ലും അദ്ദേഹം പറഞ്ഞിരുന്നു.

ഇനി ലക്ഷ്യം ട്രില്യണയര്‍ പദവി?

സ്‌പേസ് എക്‌സും എക്‌സ്എഐയും ലയിച്ചതോടെ മസ്‌കിന്റെ ആസ്തിയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഈ ലയനത്തോടെ കമ്പനിയുടെ മൂല്യം 1.25 ട്രില്യണ്‍ ഡോളറായി. ഇതില്‍ 43% ഓഹരി (ഏകദേശം 53,000 കോടി ഡോളര്‍ മൂല്യം) മസ്‌കിനാണ്. കൂടാതെ ടെസ്ലയില്‍ 12% ഓഹരിയും (17,800 കോടി ഡോളര്‍ മൂല്യം), 12,400 കോടി ഡോളറിന്റെ സ്റ്റോക്ക് ഓപ്ഷനുകളും മസ്‌കിനുണ്ട്. കാല്‍ഷിയുടെ പ്രവചനം അനുസരിച്ച് 2027-ഓടെ മസ്‌ക് എന്തായാലും ട്രില്യണയര്‍ പദവിയില്‍ എത്തുമെന്നാണ് സൂചന.

PREV
Read more Articles on
click me!

Recommended Stories

​ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് യുപിഐ; സർവേ റിപ്പോർട്ട് പുറത്ത്
സ്വര്‍ണം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കുക: പുതിയ നികുതി നിയമങ്ങള്‍ ഇങ്ങനെ