
മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയ ഫ്‌ലെക്‌സ്- ഫ്യുവല്‍ വാഹനത്തോടെ, 100 ശതമാനം എഥനോള്‍ ഇന്ധനത്തിലേക്ക് അതിവേഗം കുതിക്കുകയാണ് ഇന്ത്യ. സര്‍ക്കാരും ഈ കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ പുതിയ മാറ്റത്തില്‍ പഴയ വാഹന ഉടമകള്‍ അത്ര സന്തുഷ്ടരല്ല. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ഇന്ധനച്ചെലവും കൂടിയതോടെ, പഴയതുപോലെ എഥനോള്‍ ഒട്ടുമില്ലാത്തതോ അല്ലെങ്കില്‍ 10 ശതമാനം മാത്രം എഥനോളുള്ളതോ ആയ (ഇ0 അല്ലെങ്കില്‍ ഇ10) പെട്രോളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുകയാണ് ഇവര്‍. ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പ്രകാരം, 2023-ന് മുന്‍പുള്ള പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന പകുതിയിലധികം പേര്‍ക്കും വീണ്ടും ഇ0 അല്ലെങ്കില്‍ ഇ10 പെട്രോള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം വേണമെന്നാണ് അഭിപ്രായം. രാജ്യവ്യാപകമായി ഇ20 ഇന്ധനം കൊണ്ടുവന്നതിന് ശേഷം ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും വര്‍ധിച്ചതായി പലരും പറയുന്നു.
ഇ100 ഉള്‍പ്പെടെ വ്യത്യസ്ത അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ് ഫ്‌ളെക്സ്- ഫ്യുവല്‍ വാഹനങ്ങള്‍. ഉയര്‍ന്ന അളവില്‍ എഥനോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് എഞ്ചിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും മലിനീകരണം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തില്‍, പരമ്പരാഗത പെട്രോളില്‍ നിന്നുള്ള ഈ ചുവടുമാറ്റത്തിന് നിര്‍ണായക പങ്കുവഹിക്കാന്‍ ഈ വാഹനങ്ങള്‍ക്ക് സാധിക്കും. ഇത്തരം വാഹനങ്ങളുടെ ഉപയോഗം കൂടുന്നത് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണമാകും. ഇത് പ്രാദേശിക കാര്‍ഷിക മേഖലയ്ക്കും വലിയ നേട്ടമാകും.
2025 ന്റെ തുടക്കം മുതല്‍ ഇ20 പെട്രോള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചുവെന്നാണ് 2023-ന് മുന്‍പുള്ള മിക്ക വാഹന ഉടമകളും വിശ്വസിക്കുന്നത്. ഇന്ത്യയിലെ 316 ജില്ലകളില്‍ നിന്നുള്ള 42,000-ത്തിലധികം പഴയ പെട്രോള്‍ വാഹന ഉടമകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
മൈലേജ് കുറഞ്ഞത് മൂലവും അറ്റകുറ്റപ്പണികള്‍ വര്‍ധിച്ചതിനാലും 52 ശതമാനം പേര്‍ക്കും 5,000 രൂപയോ അതില്‍ കൂടുതലോ അധികച്ചെലവ് ഉണ്ടായെന്ന് സർവ്വേയിൽ പറയുന്നു. 20 ശതമാനം വാഹന ഉടമകള്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെ അധികമായി ചെലവായി. 17 ശതമാനം പേര്‍ക്ക് 10,000 മുതല്‍ 15,000 രൂപ വരെയാണ് അധികച്ചെലവ് വന്നത്. 15 ശതമാനം പേര്‍ക്ക് 15,000 രൂപയിലധികം അധികച്ചെലവ് ഉണ്ടായപ്പോള്‍, വെറും 11 ശതമാനം പേര്‍ക്ക് മാത്രമാണ് യാതൊരുവിധ അധികച്ചെലവുകളും വരാതിരുന്നതെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
എഥനോള്‍ കലര്‍ത്തുന്നത് ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നായി മാറിയെന്നും, ഇത് പെട്രോള്‍ വില ലിറ്ററിന് 20 രൂപ വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഗ്രെയിന്‍ എഥനോള്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
ബ്രസീല്‍ മാതൃക
ബ്രസീലില്‍ പെട്രോള്‍ പമ്പുകളില്‍ രണ്ട് നോസിലുകളാണുള്ളത്. ഒന്ന് ബേസ് പെട്രോളിനായുള്ളതാണ് (ഇന്ത്യയിലെ ഇന്നത്തെ ഇ20). രണ്ടാമത്തെ നോസില്‍ ഇ85 അല്ലെങ്കില്‍ ഇ100 ഇന്ധനം നല്‍കാനുള്ളതാണ്. ഇതേ രീതി ഇന്ത്യയിലും വരുമ്പോള്‍, പൂര്‍ണ്ണമായും എഥനോളിലേക്ക് (ഇ100) മാറുകയാണെങ്കില്‍ അതിന് മൂല്യവര്‍ധിത നികുതി ബാധകമാകില്ല. ഇ100-ല്‍ 70 ശതമാനം വരുന്ന ഫോസില്‍ ഫ്യുവല്‍ ഹൈഡ്രോകാര്‍ബണ്‍ ഇല്ലാത്തതിനാല്‍ അത് വാറ്റില്‍ നിന്ന് ഒഴിവാക്കപ്പെടും. 100 രൂപയുടെ പെട്രോളില്‍ ഏകദേശം 18 മുതല്‍ 20 രൂപ വരെയാണ് സംസ്ഥാനങ്ങള്‍ വാറ്റ് ഇനത്തില്‍ ഈടാക്കുന്നത്. ഈ നികുതി ഒഴിവാകുന്നതോടെ ലിറ്ററിന് 20 രൂപയുടെ വ്യത്യാസം വരും.