ജൂലൈയിലെ ആദ്യ മൂന്നാഴ്ച കയറ്റുമതിയിൽ 45 ശതമാനം വർധനവ്

By Web TeamFirst Published Jul 24, 2021, 6:39 PM IST
Highlights
രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ജൂലൈയിലെ ആദ്യ മൂന്നാഴ്ചയിൽ മികച്ച മുന്നേറ്റം. 45.13 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ദില്ലി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ജൂലൈയിലെ ആദ്യ മൂന്നാഴ്ചയിൽ മികച്ച മുന്നേറ്റം. 45.13 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22.48 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ജൂലൈ ഒന്ന് മുതൽ 21 വരെ നടന്നത്. ആഭരണം, പെട്രോളിയം, എഞ്ചിനീയറിങ് എന്നീ സെക്ടറുകളിലെ വളർച്ചയാണ് നേട്ടമായത്.

ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. 64.82 ശതമാനം വളർച്ചയോടെ 31.77 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതോടെ വ്യാപാര കമ്മി 9.29 ബില്യൺ ഡോളറായി. ആഭരണ കയറ്റുമതി 424.5 ദശലക്ഷം ഡോളറിന്റേതായിരുന്നു. പെട്രോളിയം കയറ്റുമതി 923.33 ദശലക്ഷം ഡോളറും എഞ്ചിനീയറിങ് കയറ്റുമതി 551.4 ദശലക്ഷം ഡോളറിന്റേതുമായിരുന്നു.

പെട്രോളിയം, ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 77.5 ശതമാനം ഉയർന്ന് 1.16 ബില്യൺ ഡോളറിലേക്ക് എത്തി. അമേരിക്ക, യുഎഇ, ബ്രസീൽ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി 51 ശതമാനം ഉയർന്നു. 493.24 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കും ഉണ്ടായത്. അമേരിക്കയിലേക്ക് മാത്രം 373.36 ദശലക്ഷം ഡോളറിന്റെ കയറ്റുമതി ഉണ്ടായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!