അഞ്ച് കോടിയും 180 ബസുകളും ലാഭിക്കാന്‍ ഫാസ്റ്റ് പാസഞ്ചറിനെ വച്ച് പുതിയ പരീക്ഷണവുമായി കെഎസ്ആര്‍ടിസി

By Web TeamFirst Published Aug 5, 2019, 4:40 PM IST
Highlights

തിരുവനന്തപുരത്ത് നിന്ന് ദേശീയ പാതയില്‍ എറണാകുളം വരെയും എം സി റോഡില്‍ കോട്ടയം വരെയുമാണ് ആദ്യഘട്ട സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി ഇപ്രകാരം ക്രമീകരിച്ചിരുന്നു.

തിരുവനന്തപുരം: ദീര്‍ഘദൂര റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചറുകളെ ഒഴിവാക്കിയുളള സംവിധാനത്തിന്‍റെ ആദ്യഘട്ടം ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുളള ചെയിന്‍ സര്‍വീസുകളായി ഇതോടെ ഫാസ്റ്റ് പാസഞ്ചറുകള്‍ മാറി. പരിഷ്കാരം നടപ്പായ ആദ്യ ദിനമായ ഇന്നലെ കളക്ഷന്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

തിരുവനന്തപുരത്ത് നിന്ന് ദേശീയ പാതയില്‍ എറണാകുളം വരെയും എം സി റോഡില്‍ കോട്ടയം വരെയുമാണ് ആദ്യഘട്ട സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി ഇപ്രകാരം ക്രമീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഫാസ്റ്റ് പാസഞ്ചറുകളും കൂടി ചെയിന്‍ സര്‍വീസുകളായി ക്രമീകരിക്കുന്നതോടെ പ്രതിമാസം അഞ്ച് കോടി രൂപയോളം ചെലവ് കുറയ്ക്കാനാകുമെന്നാണ് കെഎസ്ആര്‍ടിസി കണക്കാക്കുന്നത്. 

പുതിയ പരിഷ്കാരത്തോടെ പ്രതിദിനം 72,000 കിലോമീറ്ററോളം കുറയ്ക്കാനാകുമെന്നും 180 ബസുകള്‍ ലാഭിക്കാനാകുമെന്നുമാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നത്. ഇതോടെ ഒരേ റൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റുകളും ഫാസ്റ്റ് പാസഞ്ചറുകളും തമ്മിലുളള മത്സരയോട്ടത്തിനും പരിഹാരം ഉണ്ടായേക്കും. എന്നാല്‍, പുതിയ പരിഷ്കരണത്തോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂര യാത്രയ്ക്കുളള അവസരമാണ് നഷ്ടമാകുന്നത്. 

click me!