എന്താണ് ഭവന വായ്പ ഇൻഷൂറൻസ്? സവിശേഷതകളും നികുതി നേട്ടങ്ങളും അറിയാം

By Web TeamFirst Published Jan 9, 2023, 1:42 AM IST
Highlights

തിരിച്ച‌ടവ് നീണ്ടകാലത്തേക്കാണെങ്കിൽ ​ഗുണത്തോടൊപ്പം നിരവധി വെല്ലുവിളികളും നിറഞ്ഞതാണ്. പ്രതിമാസ തിരിച്ചടവ് മുടങ്ങാതിരിക്കുക എന്നതിനോടൊപ്പം വായ്പ‌യെടുത്ത വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ വായ്പ കുടുംബത്തിന് ഭാരമാകുമോ എന്നതും മിക്കവരും ആശങ്കപ്പെടുന്നു. 

സ്വപ്‌നഗൃഹം വാങ്ങുക അല്ലെങ്കില്‍ നിര്‍മിക്കുക എന്നത് ഒട്ടുമിക്ക മലയാളികളുടെയും സ്വപ്നമാണ്. വീട് സ്വന്തമാക്കുന്നതിനു വേണ്ടി വായ്പ എടുത്തിട്ടുണ്ടെങ്കില്‍ ദീര്‍ഘകാല സാമ്പത്തിക ഉത്തരവാദിത്തം കൂടിയാണെന്നതാണ് വാസ്തവം. തിരിച്ച‌ടവ് നീണ്ടകാലത്തേക്കാണെങ്കിൽ ​ഗുണത്തോടൊപ്പം നിരവധി വെല്ലുവിളികളും നിറഞ്ഞതാണ്. പ്രതിമാസ തിരിച്ചടവ് മുടങ്ങാതിരിക്കുക എന്നതിനോടൊപ്പം വായ്പ‌യെടുത്ത വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ വായ്പ കുടുംബത്തിന് ഭാരമാകുമോ എന്നതും മിക്കവരും ആശങ്കപ്പെടുന്നു. 

അതുകൊണ്ടുതന്നെ ദീര്‍ഘകാല ഭവന വായ്പകള്‍ക്കൊപ്പം ഇന്നു മിക്ക ബാങ്കുകളും ഭവന വായ്പ ഇന്‍ഷൂറന്‍സുകളും ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വായ്പ എടുത്തയാൾ എന്തെങ്കിലും സംഭവിച്ചാൽ വായ്പാ ഭാരം കുടുംബാംഗങ്ങളിലേൽപ്പിക്കാതെ സുരക്ഷിതരാക്കാം. എന്നാൽ, ഭവന വായ്പയോടൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ എടുക്കണമെന്നത് റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയിട്ടില്ല. നമുക്ക് വേണമെങ്കിൽ ചെയ്യാമെന്ന് മാത്രം. എന്നിരുന്നാലും ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ഉപഭോക്താക്കളോട് ഇന്‍ഷൂറന്‍സ് പരിരക്ഷയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഹോം ലോണ്‍ ഇന്‍ഷൂറന്‍സ്

ഭവന വായ്പ എടുത്തയാള്‍ക്ക് അപ്രതീക്ഷിത വൈകല്യം, മരണം എന്നിങ്ങനെയുള്ള അത്യാഹിതം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കുടിശികയുള്ള വായ്പാ തുക അടച്ചുതീര്‍ക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഹോം ലോണ്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ അഥവാ ഭവന വായ്പ ഇന്‍ഷൂറന്‍സ്. ഇതിലൂടെ വായ്പ നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ എടുത്തവര്‍ക്കും ഒരു പോലെ പരിരക്ഷ സാധ്യമാക്കുന്നു. അതേസമയം ഒരു ഹോം ലോണ്‍ ഇന്‍ഷൂറന്‍സില്‍ നിന്നും ലഭിക്കുന്ന പരിരക്ഷ, എടുത്ത വായ്പ തുക അടച്ചു തീരുന്നതോടെ അവസാനിക്കും.

എങ്ങനെ വാങ്ങാം?

ഹോം ലോണ്‍ ഇന്‍ഷൂറന്‍സ്, ഭവന വായ്പ നിലവില്‍ ഉള്ളവര്‍ക്കോ പുതിയതായി എടുക്കുന്നവര്‍ക്കോ വേണ്ടി ഉള്ളതാണ്. പൊതുവില്‍ ഒറ്റത്തവണയുള്ള പ്രീമിയം പ്ലാനായാണ് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ ഹോം ലോണ്‍ ഇന്‍ഷൂറന്‍സ് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി ഭവന വായ്പ തുകയിലേക്കാണ് ഇതു ചേര്‍ക്കുക.

നേട്ടങ്ങള്‍

  • കുടുംബത്തെ സംരക്ഷിക്കുന്നു: വായ്പ എടുത്തയാളുടെ അപ്രതീക്ഷിത വിയോഗം കാരണം കുടുംബത്തിനുമേല്‍ നേരിടാവുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്നും സംരക്ഷിക്കുന്നു.
  • വായ്പ എടുത്തയാള്‍ക്കും വീടിനും വിലമതിപ്പുള്ള വസ്തുവകകള്‍ക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വായ്പ എടുത്തയാളുടെ അഭാവത്തില്‍ നേരിട്ട കുടിശിക തുക തിരിച്ചു പിടിക്കാനായി വിലമതിപ്പുള്ള ആസ്തികള്‍ വായ്പ നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാം.
  • നികുതി: ഭവന വായ്പ ഇന്‍ഷൂറന്‍സിന്റെ ഒറ്റത്തവണ പ്രീമിയം അടവും ഭവന വായ്പ തുകയില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, ആദായനികുതി നിയമത്തിലെ ചട്ടം 80-സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
click me!