ചരിത്രത്തിലാദ്യം! ഇനി ട്രെയിനിനും ബ്രാൻഡ് പേര്; ലഖ്‌നൗ- ദില്ലി തേജസ് എക്‌സ്‌പ്രസ് 'സ്പ്രൈറ്റ്' തേജസ് എക്‌സ്‌പ്രസാകും

Published : Aug 14, 2026, 05:57 PM IST
Sprite Tejas Express

Synopsis

ലഖ്‌നൗ- ദില്ലി തേജസ് എക്‌സ്‌പ്രസ് ഇനി 3 മാസത്തേക്ക് 'സ്പ്രൈറ്റ് തേജസ് എക്‌സ്‌പ്രസ്' എന്ന പേരിൽ അറിയപ്പെടും. ഒരു വാണിജ്യ ബ്രാൻഡിന്റെ പേര് ഔദ്യോഗികമായി സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രെയിനാണിത്. ഐആർസിടിസിയും സ്പ്രൈറ്റും തമ്മിലുള്ള പരസ്യ കരാറിന്റെ ഭാഗമായാണ് ഈ പേരുമാറ്റം.

ദില്ലി: ഇന്ത്യയിൽ ഔദ്യോഗികമായി ആദ്യാമായി ഒരു വാണിജ്യ ബ്രാൻഡിന്റെ പേര് സ്വീകരിക്കുന്ന ആദ്യ ട്രെയിനായി ലഖ്‌നൗ- ദില്ലി തേജസ് എക്‌സ്‌പ്രസ്. വരുന്ന മൂന്ന് മാസത്തേക്ക് സർവ്വീസിന്റെ പേര് 'സ്പ്രൈറ്റ് തേജസ് എക്‌സ്‌പ്രസ്' (Sprite Tejas Express) എന്നായിരിക്കും. ഐ ആർ സി ടി സിയുടെ കീഴിൽ വരുന്ന ഈ എക്സ്പ്രസ് ട്രെയിനിന്റെ ആറ് മാസത്തെ പരസ്യ, ബ്രാൻഡിംഗ് അവകാശങ്ങൾ സ്പ്രൈറ്റിന് നൽകിയതായും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 19 മുതൽ നവംബർ 11 വരെ ട്രെയിൻ നമ്പർ 82501/82502 'സ്പ്രൈറ്റ് തേജസ് എക്‌സ്‌പ്രസ്' എന്ന് അനൗൺസ് ചെയ്യാൻ നോർത്ത് ഈസ്റ്റേൺ റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

റെയിൽവേ ചരിത്രത്തിലെ ആദ്യ സംഭവം

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ട്രെയിനിന് തന്നെ ബ്രാൻഡ് പേര് നൽകുന്നത്. മുൻപ് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കമ്പനികൾ പരസ്യങ്ങൾ നൽകാറുണ്ടായിരുന്നെങ്കിലും, ഇതാദ്യമായാണ് ഒരു വാണിജ്യ ബ്രാൻഡിന്റെ പേരിൽ റെയിൽവേ സ്റ്റേഷനുകളിൽ അനൗൺസ്‌മെന്റ് നടത്തുന്നത്. ഐആർസിടിസി നൽകിയ 'ലെറ്റർ ഓഫ് അക്‌സെപ്റ്റൻസ്' (Letter of Acceptance) വഴിയാണ് ഈ ബ്രാൻഡിംഗ് കരാർ നൽകിയിരിക്കുന്നത്.

തേജസ് എക്‌സ്‌പ്രസ് ഒരു സ്വകാര്യ ട്രെയിനാണോ?

ഇന്ത്യൻ റെയിൽവേ നേരിട്ട് നടത്തുന്നതിന് പകരം ഐആർസിടിസി (IRCTC) നടത്തുന്നതിനാലാണ് ലഖ്‌നൗ- ദില്ലി തേജസ് എക്‌സ്‌പ്രസിനെ ഇന്ത്യയിലെ ആദ്യത്തെ 'സ്വകാര്യ ട്രെയിൻ' എന്ന് വിശേഷിപ്പിക്കാറുള്ളത്.എന്നാൽ, ട്രാക്കുകളും സ്റ്റേഷനുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ഇന്ത്യൻ റെയിൽവേയുടെ കീഴിൽ തന്നെയാണ്. ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ഐആർസിടിസി റെയിൽവേയ്ക്ക് തുക നൽകുന്നുണ്ട്.

2019-ലാണ് ലഖ്‌നൗവിനും ദില്ലിക്കുമിടയിൽ അത്യാധുനിക പ്രീമിയം റെയിൽ സേവനമായി തേജസ് എക്‌സ്‌പ്രസ് ആരംഭിച്ചത്. പൂർണ്ണമായും എയർകണ്ടീഷണർ ചെയ്ത ഈ ട്രെയിനിൽ ഭക്ഷണവും പാനീയങ്ങളും ഓൺ- ബോർഡ് എന്റർടൈൻമെന്റ് സൗകര്യങ്ങളും ലഭ്യമാണ്. കോർപ്പറേറ്റ് ഇന്റർവ്യൂകൾക്കും വിവാഹങ്ങൾക്കും മറ്റും ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്യാനും ഈ ട്രെയിൻ ഉപയോഗപ്പെടുത്താറുണ്ട്. 78 സീറ്റുകളുള്ള എസി ചെയർ കാർ കോച്ചുകൾ യാത്രക്കാർക്ക് പൂർണ്ണമായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഐആർസിടിസി നൽകുന്നുണ്ട്.

പുതിയ കരാർ അനുസരിച്ച് സ്പ്രൈറ്റോ മറ്റേതെങ്കിലും സ്വകാര്യ കമ്പനിയോ ട്രെയിൻ സർവീസ് നടത്തുകയല്ല ചെയ്യുന്നത്. പകരം, ട്രെയിനിൽ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലും അനുബന്ധ റെയിൽവേ വസ്തുക്കളിലും പരസ്യം ചെയ്യാനുള്ള അവകാശം മാത്രമാണ് നൽകിയിരിക്കുന്നത്. ഇതിലൂടെ ഒരു നിശ്ചിത കാലയളവിലേക്ക് ട്രെയിനിന്റെ പേരിനൊപ്പം ബ്രാൻഡ് പേര് കൂടി ചേർക്കപ്പെടുന്നു എന്ന് മാത്രം.

PREV
Read more Articles on
click me!

Recommended Stories

ചൈനയ്ക്ക് വൻ പ്രഹരം! വ്യാപാരയുദ്ധം മുറുകുന്നു, ഇറക്കുമതി ഡ്രോണുകൾക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് അമേരിക്ക
38 വ‍‍‌‍ർഷത്തെ ടാറ്റ പരിചയം, നോയൽ ടാറ്റയുമായുളള അടുപ്പം; ടാറ്റാ ചെയർമാൻ ആകാൻ ടി വി നരേന്ദ്രന്റെ സാധ്യതകൾ എങ്ങനെ?