അമേരിക്കയിലെ ഓഹിയോയിലുള്ള 'ബിഗ് പ്ലെയിൻ സോളർ' പദ്ധതിയിലൂടെ സോളർ പാനലുകൾക്കിടയിൽ തേനീച്ച വളർത്തലും കൃഷിയും വിജയകരമായി നടപ്പിലാക്കുന്നു. 'അഗ്രിവോൾട്ടായിക്സ്' എന്ന് വിളിക്കുന്ന ഈ രീതിയിലൂടെ വൈദ്യുതി ഉൽപ്പാദനത്തോടൊപ്പം ജീവജാലങ്ങൾക്ക് സ്വാഭാവിക വാസസ്ഥലവും ഒരുക്കുന്നു. ഇത് കർഷകർക്ക് ഇരട്ടി വരുമാനം നേടിക്കൊടുക്കാനും സഹായിക്കുന്നു.

വൈദ്യുതി ഉല്‍പ്പാദനത്തിന് മാത്രമായി മാറ്റിവെച്ച വിശാലമായ സോളര്‍ പാടങ്ങള്‍ ഇനി വെറും വരണ്ട ഭൂമിയല്ല. സോളര്‍ പാനലുകള്‍ക്കിടയിലെ സ്ഥലം ഒരേസമയം കൃഷിക്കും ജീവജാലങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തിനുമായി പ്രയോജനപ്പെടുത്താമെന്ന് തെളിയിക്കുകയാണ് യുഎസിലെ ഓഹിയോയിലുള്ള 'ബിഗ് പ്ലെയിന്‍ സോളര്‍' പദ്ധതി. ഇവിടെ മുപ്പത് ലക്ഷത്തിലധികം തേനീച്ചകളാണ് സോളര്‍ പാനലുകള്‍ക്ക് താഴെ സുരക്ഷിതമായി കഴിയുന്നത്. വിരമിച്ച സൈനികര്‍ നേതൃത്വം നല്‍കുന്ന വിന്‍ഡ് ആന്റ് സ്‌കൈ ഏപിയറീസ് , ഫ്രണ്ട്ലൈന്‍ ഹൈവ്‌സ് എന്നീ തേനീച്ച വളര്‍ത്തല്‍ സംഘടനകളുമായി സഹകരിച്ചാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. സോളര്‍ പാനലുകള്‍ക്കിടയില്‍ പൂച്ചെടികളും മറ്റ് സസ്യങ്ങളും വച്ചുപിടിപ്പിച്ചാണ് തേനീച്ചകള്‍ക്ക് ആവശ്യമായ അനുയോജ്യമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നത്.

വൈദ്യുതി ഉല്‍പ്പാദനം തടസ്സമില്ലാതെ നടക്കുമ്പോള്‍ തന്നെ, ചുറ്റുമുള്ള ഭൂമിയിലെ വിഭവങ്ങള്‍ പരാഗണത്തിന് സഹായിക്കുന്ന ജീവികള്‍ക്കായി പ്രയോജനപ്പെടുത്തുകയാണ്് ഈ പദ്ധതി. സോളര്‍ ഊര്‍ജ ഉല്‍പ്പാദനവും കൃഷിയും ഒന്നിച്ച് കൊണ്ടുപോകുന്ന ഈ രീതിയെ 'അഗ്രിവോള്‍ട്ടായിക്‌സ്' എന്നാണ് വിളിക്കുന്നത്.

അമേരിക്കന്‍ കൃഷിക്ക് തേനീച്ചകളുടെ സംഭാവന

അമേരിക്കന്‍ കാര്‍ഷിക മേഖലയില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യുഎസ് കൃഷി വകുപ്പിന്റെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 1500 കോടി ഡോളര്‍ മൂല്യമുള്ള വിളകളുടെ പരാഗണത്തിന് തേനീച്ചകള്‍ സഹായിക്കുന്നുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍ എന്നിവയുള്‍പ്പെടെ 130-ലധികം ഇനം വിളകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഭൂമിക്ക് ഒന്നിലധികം ഉപയോഗം

സോളര്‍ പദ്ധതികള്‍ക്കും കൃഷിക്കും പരന്നതും തുറസ്സായതുമായ ഭൂമിയാണ് ആവശ്യം. യുഎസ് ഊര്‍ജ വകുപ്പിന്റെ കണക്കനുസരിച്ച് സോളര്‍ പാനലുകള്‍ക്ക് അടിയിലോ ഇടയിലോ കന്നുകാലി മേയ്ക്കല്‍, കൃഷി, പൂച്ചെടികള്‍ വളര്‍ത്തല്‍ എന്നിവ സാധ്യമാണ്.

എങ്കിലും ഓരോ പദ്ധതിയുടെയും ഭൂപ്രകൃതി, മണ്ണിന്റെ ഘടന, സോളര്‍ പാനലുകള്‍ തമ്മിലുള്ള അകലം എന്നിവയനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരാം. ഭൂവുടമകളായ കര്‍ഷകര്‍ക്ക് സോളര്‍ വയ്ക്കുന്നതിനുള്ള പാട്ടത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനും ഇത് വഴിതുറക്കുന്നു.