38 വ‍‍‌‍ർഷത്തെ ടാറ്റ പരിചയം, നോയൽ ടാറ്റയുമായുളള അടുപ്പം; ടാറ്റാ ചെയർമാൻ ആകാൻ ടി വി നരേന്ദ്രന്റെ സാധ്യതകൾ എങ്ങനെ?

Published : Aug 14, 2026, 02:41 PM IST
tv narendran, ടി വി നരേന്ദ്രൻ

Synopsis

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്‍. ചന്ദ്രശേഖരന് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവം. ടാറ്റാ സ്റ്റീൽ സിഇഒയും മലയാളിയുമായ ടി വി നരേന്ദ്രനാണ് പ്രഥമ പരിഗണനയിലുള്ളത്. ടാറ്റാ മോട്ടോഴ്സ് എംഡി ശൈലേഷ് ചന്ദ്ര, സൗരഭ് അഗർവാൾ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് മൂന്നാമതൊരു ഊഴം തനിക്കുവേണ്ടെന്ന എന്‍. ചന്ദ്രശേഖരന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ, മലയാളിവേരുളള ടി വി നരേന്ദ്രന്റെ പേരും ആദ്യ പരിഗണനയിൽ. ടാറ്റാ മോട്ടോഴ്സ് എംഡി ശൈലേഷ് ചന്ദ്ര, സൗരഭ് അഗർവാൾ എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ട്. എയർ ഇന്ത്യ, ടാറ്റാ ഡിജിറ്റൽ തുടങ്ങീ നഷ്ടത്തിലായ ടാറ്റാ സ്ഥാപനങ്ങളെ കരകയറ്റുകയെന്ന വലിയ ഉത്തരവാദിത്വമാണ് പുതിയ ചെയർമാനെ കാത്തിരിക്കുന്നത്. ആറുമാസത്തിനുളളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകുമെന്ന് ടാറ്റ ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു.

ടാറ്റയ്ക്ക് അറിയുന്ന ടി വി നരേന്ദ്രൻ

38 വർഷമായി ടാറ്റയോടൊപ്പമുളള പ്രൊഫഷണൽ ജീവിതവും ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുമായുളള അടുപ്പവുമാണ് ഇതിൽ ടി വി നരേന്ദ്രന് ഏറ്റവും കൂടുതൽ അനുകൂലമാകുന്ന ഘടകങ്ങൾ. 61 കാരൻ തച്ചാട്ട് വിശ്വനാഥ മേനോൻ നരേന്ദ്രൻ നിലവിൽ ടാറ്റാ സ്റ്റീലിന്റെ ഗ്ലോബൽ സി ഇ ഒയും മാനേജിങ് ഡയറക്ടറുമാണ്. ഇദ്ദേഹത്തിന്റെ കുടുംബവേരുകൾ എറണാകുളം വടക്കൻ പറവൂരിലാണ്. സ്വതന്ത്ര കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകനാണ് ടി വി നരേന്ദ്രൻ.

സ്ഥാനമൊഴി‌ഞ്ഞ എൻ ചന്ദ്രശേഖരന്റെ പിൻഗാമിയായി പ്രഥമ പരിഗണന നരേന്ദ്രനെന്നാണ് വിവരം. ടാറ്റാ മോട്ടോഴ്സ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്രയും ടാറ്റാ സണ്‍സ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൗരഭ് അഗർവാൾ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ ചെയർമാനെ തെരഞ്ഞെടുക്കാൻ തിരക്കിട്ട നീക്കങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ടാറ്റാ ട്രസ്റ്റ് നിയമിക്കുന്ന അഞ്ചംഗ സമിതിയാണ് ചെയർമാനെ നാമനിർദേശം ചെയ്യുക. എന്നാൽ ട്രസ്റ്റ് യോഗം ചേരുന്നതിന് മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറുടെ വിലക്കുളളതിനാൽ നടപടി ക്രമങ്ങൾ നീണ്ടേക്കും. ചട്ടപ്രകാരം ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയ്ക്ക് ടാറ്റാ സൺസ് ചെയർമാൻ പദവി ഏറ്റെടുക്കാൻ കഴിയില്ല. എന്നാൽ ഭരണനിർവഹണത്തിന് സിഇഒയെ കണ്ടെത്തി എക്സ് ഒഫിഷ്യോ ചെയർമാനായി നോയൽ ടാറ്റയെ കൊണ്ടുവരാനുളള ശ്രമങ്ങളും സജീവം.

PREV
Read more Articles on
click me!

Recommended Stories

ഓണക്കിറ്റുകളും ​ഗിഫ്റ്റ് കാ‌‍‌‍ർ‍ഡുകളും! ഓണക്കാലത്തേക്ക് സപ്ലൈകോ റെ‍ഡി, ഓഫറുകൾ ഇങ്ങനെ
മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം! വരവിലുമധികം ചെലവ്