വിമാനം വൈകുകയോ, റദ്ദാക്കുകയോ, തിരിച്ചിറക്കുകയോ ചെയ്തോ? നിയമപരമായി നേരിടാം, അറിയാം അവകാശങ്ങള്‍

Published : Jun 26, 2025, 04:43 PM IST
varanasi to bengaluru flight

Synopsis

യാത്രക്കാരെ വിവരമറിയിക്കുക, ഭക്ഷണവും താമസസൗകര്യവും ഒരുക്കുക, അല്ലെങ്കില്‍ മുഴുവന്‍ പണവും തിരികെ നല്‍കുകയോ പകരം വിമാനയാത്ര ഒരുക്കുകയോ ചെയ്യേണ്ടത് വിമാനക്കമ്പനികളുടെ ഉത്തരവാദിത്തമാണ്

വിമാനയാത്ര മുടങ്ങുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വരികയോ, മോശം കാലാവസ്ഥ, മെഡിക്കല്‍ അത്യാഹിതം, സാങ്കേതിക തകരാറുകള്‍ എന്നിവ കാരണം വിമാനം പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരികെ ഇറക്കുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത്തരം സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലെങ്കിലും, യാത്രക്കാര്‍ക്ക് നിയമപരമായ ചില അവകാശങ്ങളുണ്ട്. വിമാനം വൈകുകയോ റദ്ദാക്കുകയോ ലക്ഷ്യസ്ഥാനത്ത് എത്താതെ തിരികെ പറക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ വ്യോമയാന നിയമങ്ങള്‍ ചില അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

സാഹചര്യമനുസരിച്ച്, യാത്രക്കാരെ വിവരമറിയിക്കുക, ഭക്ഷണവും താമസസൗകര്യവും ഒരുക്കുക, അല്ലെങ്കില്‍ മുഴുവന്‍ പണവും തിരികെ നല്‍കുകയോ പകരം വിമാനയാത്ര ഒരുക്കുകയോ ചെയ്യേണ്ടത് വിമാനക്കമ്പനികളുടെ ഉത്തരവാദിത്തമാണ്. യാത്രാ പദ്ധതികള്‍ക്ക് അപ്രതീക്ഷിത മാറ്റങ്ങള്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍

വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും സാധാരണമാണ്. മോശം കാലാവസ്ഥ, സാങ്കേതിക പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ കുറവ്, അല്ലെങ്കില്‍ എയര്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വിമാനങ്ങള്‍ വൈകാനും റദ്ദാക്കാനും കാരണമാകാം.

  • വിമാനം വൈകല്‍: വിമാനം ദീര്‍ഘനേരം (വിമാനത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് 2 മുതല്‍ 6 മണിക്കൂര്‍ വരെ) വൈകുകയാണെങ്കില്‍, സൗജന്യ ഭക്ഷണവും പാനീയങ്ങളും വിമാനക്കമ്പനി നല്‍കണം.
  • രാത്രികാല താമസം: കാലതാമസം രാത്രിയിലേക്ക് നീളുകയാണെങ്കില്‍, ഹോട്ടല്‍ താമസവും യാത്രാസൗകര്യവും അവര്‍ ഏര്‍പ്പാടാക്കണം.
  • വിമാനം റദ്ദാക്കിയാല്‍: വിമാനം റദ്ദാക്കുകയാണെങ്കില്‍, ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ ലഭിക്കാനോ, യാത്ര പുനഃക്രമീകരിക്കാനോ, അല്ലെങ്കില്‍ വിമാനക്കമ്പനി വാഗ്ദാനം ചെയ്യുന്ന ബദല്‍ യാത്രാമാര്‍ഗ്ഗം തിരഞ്ഞെടുക്കാനോ അവകാശമുണ്ട്.

വിമാനം ലക്ഷ്യസ്ഥാനത്ത് എത്താതെ തിരികെ വന്നാല്‍

ചിലപ്പോള്‍ വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ തിരികെ വരാറുണ്ട്. താഴെ പറയുന്ന കാരണങ്ങളാല്‍ ഇത് സംഭവിക്കാം:

  • വിമാനത്തിലെ പെട്ടന്നുള്ള സാങ്കേതിക തകരാര്‍
  • ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലെ മോശം കാലാവസ്ഥ
  • യാത്രക്കാരുടെ മെഡിക്കല്‍ അത്യാഹിതങ്ങള്‍
  • ക്ലിയറന്‍സ് പ്രശ്‌നങ്ങളോ വിമാനത്താവളം അടച്ചിടുകയോ ചെയ്യുന്നത്

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടത് വിമാനക്കമ്പനിയുടെ കടമയാണ്. യാത്രാക്കര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയോ, ഹോട്ടല്‍ താമസം നല്‍കുകയോ ചെയ്യാം. കാര്യമായ കാലതാമസമോ യാത്ര റദ്ദാക്കലോ ഉണ്ടാക്കുകയാണെങ്കില്‍, കാരണത്തിനനുസരിച്ച് റീഫണ്ടിനോ നഷ്ടപരിഹാരത്തിനോ യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ട്.

  • 2 മണിക്കൂറിലധികം കാലതാമസം: 2 മണിക്കൂറിലധികം കാലതാമസം വന്നാല്‍ ഭക്ഷണവും പാനീയങ്ങളും.
  • രാത്രികാല താമസം: കാലതാമസം രാത്രിയിലേക്ക് നീളുകയാണെങ്കില്‍ ഹോട്ടല്‍ താമസവും യാത്രാസൗകര്യവും.
  • റദ്ദാക്കല്‍: വിമാനം റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാനോ പകരം വിമാനയാത്രയ്‌ക്കോ ഉള്ള അവസരം.
  • മുന്‍കൂര്‍ അറിയിപ്പില്ലാതെ റദ്ദാക്കല്‍: മുന്‍കൂര്‍ അറിയിപ്പില്ലാതെ വിമാനം റദ്ദാക്കുകയാണെങ്കില്‍ 10,000 രൂപ മുതല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം.
  • വഴിതിരിച്ചുവിടുകയോ തിരികെ വരുകയോ ചെയ്താല്‍: വിമാനം വഴിതിരിച്ചുവിടുകയോ പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരികെ വരുകയോ ചെയ്താല്‍ യാത്ര പുനഃക്രമീകരിക്കാന്‍ സഹായം.

ശ്രദ്ധിക്കുക: കാലാവസ്ഥയോ മറ്റ് പ്രകൃതിപരമായ കാരണങ്ങളോ മൂലമാണ് കാലതാമസമോ റദ്ദാക്കലോ സംഭവിക്കുന്നതെങ്കില്‍, വിമാനക്കമ്പനികള്‍ പണമായി നഷ്ടപരിഹാരം നല്‍കണമെന്നില്ല. എന്നാല്‍ യാത്രാ ക്രമീകരണങ്ങളില്‍ അവര്‍ സഹായിക്കാന്‍ ബാധ്യസ്ഥരാണ്.

വിമാനയാത്ര മുടങ്ങുമ്പോള്‍ നിങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ കാലതാമസമോ റദ്ദാക്കലോ ഉണ്ടായതിന്റെ കാരണം രേഖാമൂലം നല്‍കാന്‍ വിമാനക്കമ്പനിയോട് ആവശ്യപ്പെടുക.

  • നിങ്ങളുടെ ബോര്‍ഡിംഗ് പാസ്, ടിക്കറ്റ്, മറ്റെന്തെങ്കിലും രസീതുകള്‍ എന്നിവ സൂക്ഷിക്കുക.
  • വിമാനക്കമ്പനി ജീവനക്കാരുമായി സംസാരിച്ച് സഹായം ആവശ്യപ്പെടുക; അത് സ്വയമേ ലഭിക്കുമെന്ന് കരുതരുത്.
  • സഹായം ലഭിക്കുന്നില്ലെങ്കില്‍ വിമാനക്കമ്പനിയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയോ ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുക.

ഡിജിസിഎ നിയമം

  • വിമാനം റദ്ദാക്കുകയാണെങ്കില്‍ കുറഞ്ഞത് 2 ആഴ്ച മുന്‍പെങ്കിലും യാത്രക്കാരെ വിമാനക്കമ്പനികള്‍ അറിയിക്കണം.
  • പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുകയും ബദല്‍ വിമാനം നല്‍കാതിരിക്കുകയും ചെയ്താല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.
  • വിമാനക്കമ്പനിയുടെ പിഴവ് കാരണം ബോര്‍ഡിംഗ് വൈകുകയോ കണക്ഷന്‍ വിമാനങ്ങള്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ പണമായി നഷ്ടപരിഹാരം ലഭിക്കാം.

PREV
Read more Articles on
click me!

Recommended Stories

റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം
രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍