
ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ 56-ാമത് യോഗം ഈ മാസം അവസാനമോ ജൂലൈ ആദ്യ വാരമോ നടക്കാന്‍ സാധ്യത. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഈ യോഗത്തില്‍ വ്യവസായ മേഖലയുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും ദീര്‍ഘകാല ആവശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12% ജിഎസ്ടി നിരക്ക് ഒഴിവാക്കുമോ?: നിലവിലുള്ള 12% നികുതി സ്ലാബ് എടുത്തുകളയുന്നത് ഈ യോഗം പരിഗണിച്ചേക്കും. ജിഎസ്ടി നിരക്ക് ഘടന ലളിതമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിത്. ഈ നീക്കം ബിസിനസ്സുകള്‍ക്ക് ആശയക്കുഴപ്പം കുറയ്ക്കാനും നികുതി അടയ്ക്കുന്നത് എളുപ്പമാക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. അതേ സമയം നിലവിലുള്ള 12% നികുതി വരുന്ന ഇനങ്ങളെ 5% ലേക്കോണോ 18% ലേക്കാണോ മാറ്റുക എന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായേക്കും . അവ 5% ആയി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ വരുമാനം കുറച്ചേക്കാം, അതേസമയം 18% ആയി ഉയര്‍ത്തുന്നത് ഉപഭോക്താക്കളെ ബാധിച്ചേക്കാം.
നഷ്ടപരിഹാര സെസ്സ്: നഷ്ടപരിഹാര സെസ്സിന്റെ ഭാവി ഈ യോഗത്തിലെ പ്രധാന അജണ്ടകളിലൊന്നായേക്കാം. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം സംസ്ഥാനങ്ങള്‍ക്ക് നേരിടേണ്ടിവന്ന വരുമാന നഷ്ടം നികത്തുന്നതിനായി ഏര്‍പ്പെടുത്തിയ സെസ്സാണിത്. ഇത് നിശ്ചയിച്ച സമയപരിധിക്ക് ശേഷവും തുടരാന്‍ സാധ്യതയുണ്ട്.
ഇടനിലക്കാരുടെ കാര്യത്തില്‍ അവ്യക്തത: ഇടനില സേവനങ്ങളുടെ, പ്രത്യേകിച്ച് വിദേശ ക്ലയിന്റുകളുമായി ബന്ധപ്പെട്ടവയുടെ ജിഎസ്ടി സംബന്ധിച്ച് വ്യക്തത വരുത്തുന്നത് യോഗം പരിഗണിച്ചേക്കും.. പല സേവന ദാതാക്കളും തങ്ങളെ കയറ്റുമതിക്കാരായി കണക്കാക്കണമെന്നും ഇന്ത്യയില്‍ നികുതി ചുമത്തരുതെന്നും വളരെക്കാലമായി വാദിക്കുന്നുണ്ട്.
ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍: ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ (ജിഎസ്ടിഎടി) സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനത്തിനായി സംരംഭകര്‍ കാത്തിരിക്കുകയാണ്. നിലവില്‍, ട്രിബ്യൂണല്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ അപ്പീലുകള്‍ക്കായി കമ്പനികള്‍ക്ക് ഹൈക്കോടതികളെ സമീപിക്കേണ്ടിവരുന്നു.
നിരക്ക് മാറ്റങ്ങളും മറ്റ് തീരുമാനങ്ങളും:
ഡ്രോണുകള്‍, ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഫ്‌ലോര്‍ സ്‌പേസ് ഇന്‍ഡക്‌സ് (എഫ്എസ്‌ഐ) അംഗീകാരം പോലുള്ള സേവനങ്ങള്‍ക്കായി മുനിസിപ്പാലിറ്റികള്‍ ഈടാക്കുന്ന ഫീസ് എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കുകള്‍ കൗണ്‍സില്‍ അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷ. ഫുഡ് ഡെലിവറി ആപ്പുകള്‍ ജിഎസ്ടി പിരിക്കുന്നതും അടയ്ക്കുന്നതുമായ രീതിയും പരിശോധനയ്ക്ക് വിധേയമായേക്കാം.