ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് പാരപണിത് ചൈന; തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റി അയയ്ക്കുന്നത് തടഞ്ഞു

Published : Jun 26, 2025, 04:25 PM IST
 India's ₹1000 Crore Plan to Produce Rare Earth Magnets and End China Dependency

Synopsis

ചൈന കാരണം ഇന്ത്യയുടെ ആദ്യ അതിവേഗ റെയില്‍ പദ്ധതിക്ക് കാലതാമസം നേരിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. 

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ തുരങ്ക നിര്‍മാണത്തിന് ആവശ്യമായ മൂന്ന് കൂറ്റന്‍ ടണല്‍ ബോറിംഗ് മെഷീനുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത് തടഞ്ഞ് ചൈന. ഇതോടെ യന്ത്രം ചൈനീസ് തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇത് കാരണം ഇന്ത്യയുടെ ആദ്യ അതിവേഗ റെയില്‍ പദ്ധതിക്ക് കാലതാമസം നേരിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ജര്‍മ്മന്‍ ടണലിംഗ് വിദഗ്ദ്ധരായ ഹെറന്‍ക്‌നെക്റ്റില്‍ നിന്നാണ് യന്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തതെങ്കിലും, അവ നിര്‍മ്മിച്ചത് ചൈനയിലെ ഗ്വാങ്ഷുവിലുള്ള അവരുടെ നിര്‍മാണ ശാലയിലാണ്. ഇതില്‍ രണ്ട് മെഷീനുകള്‍ 2024 ഒക്ടോബറോടെയും ഒന്ന് ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ചൈനീസ് അധികൃതര്‍ വ്യക്തമായ കാരണങ്ങളൊന്നും പറയാതെ ഇവ കയറ്റി അയയ്ക്കുന്നതിന് അനുമതി നിഷേധിച്ചിരിക്കുകയാണ്. റെയില്‍വേ മന്ത്രാലയം ഈ വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ആവശ്യമായ യന്ത്രഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഉപകരണങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ യന്ത്രങ്ങളുടെ വരവിലുണ്ടാകുന്ന കാലതാമസം ഭൂഗര്‍ഭ തുരങ്ക നിര്‍മ്മാണത്തെ ബാധിച്ചേക്കും. പ്രത്യേകിച്ചും ബാന്ദ്ര കുര്‍ള മുതല്‍ ഷില്‍ഫാറ്റ വരെയുള്ള 21 കിലോമീറ്റര്‍ പാതയിലെ 7 കിലോമീറ്റര്‍ വരുന്ന കടലിനടിയിലുള്ള ഭാഗത്തെ ഇത് സാരമായി ബാധിക്കും. 1.08 ലക്ഷം കോടി രൂപ ചെലവ് വരുന്നതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി . 2020 ജൂണില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം, ചൈനീസ് നിക്ഷേപങ്ങളില്‍ ഇന്ത്യ കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചൈനയുടെ നടപടികളെന്നാണ് കരുതുന്നത്. മുംബൈയുടെ മെട്രോ ശൃംഖലയ്ക്കും തീരദേശ റോഡ് പദ്ധതിക്കും വേണ്ടിയുള്ള ടണല്‍ ബോറിംഗ് മെഷീനുകള്‍ ചൈനയില്‍ നിന്നാണ് വന്നത്, പക്ഷേ അത് 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് മുമ്പായിരുന്നു. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് വഴിയുള്ള താണെ ബോറിവ്‌ലി തുരങ്ക പദ്ധതിക്കുള്ള ടണല്‍ ബോറിംഗ് മെഷീന്‍ ഹെറന്‍ക്‌നെക്റ്റിന്റെ തമിഴ്‌നാട്ടിലെ അലിഞ്ജിവാക്കത്തുള്ള ശാലയിലാണ് നിര്‍മ്മിച്ചത്.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുള്ള ടണല്‍ ബോറിംഗ് മെഷീനുകള്‍ സാധാരണ യന്ത്രങ്ങളല്ല. അതില്‍ ഒന്ന് ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലുതാണ്, ഇതിന് 13.56 മീറ്റര്‍ കട്ടര്‍ ഹെഡ് വ്യാസമുണ്ട്. ഇതിനു വിപരീതമായി, മെട്രോ ടണല്‍ ബോറിംഗ് മെഷീനുകകള്‍ക്ക് സാധാരണയായി 6.45 മുതല്‍ 6.68 മീറ്റര്‍ വരെയാണ് വ്യാസം. ഹെറന്‍ക്‌നെക്റ്റിന്റെ ഗ്വാങ്ഷു ശാലയില്‍ നിര്‍മ്മിച്ച ഈ തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെ കൃത്യതയോടെ കൈകാര്യം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത മിക്‌സ്ഷീല്‍ഡ് കോണ്‍ഫിഗറേഷനോട് കൂടിയതാണ്. ബാന്ദ്ര കുര്‍ള സ്റ്റേഷന്‍ മുതല്‍ ഷില്‍ഫാറ്റ റാമ്പ് വരെ നീളുന്ന 20.377 കിലോമീറ്റര്‍ തുരങ്കം കുഴിക്കുന്നതിന് അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഈ യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. . ഈ ഭാഗത്തില്‍ താണെ ക്രീക്കിനടിയിലൂടെയുള്ള 7 കിലോമീറ്റര്‍ കടലിനടിയിലെ തുരങ്കവും ഉള്‍പ്പെടുന്നു.ഇതിനുള്ള 6,397 കോടി രൂപയുടെ കരാര്‍ അഫ്‌കോണ്‍സ് 2023 ജൂണില്‍ നേടിയിരുന്നു, തുരങ്കം ഭൂനിരപ്പില്‍ നിന്ന് 25 മുതല്‍ 65 മീറ്റര്‍ വരെ ആഴത്തിലായിരിക്കും നിര്‍മിക്കുക. ഷില്‍ഫാറ്റയ്ക്കടുത്തുള്ള പാര്‍സിക് കുന്നിനടിയില്‍ ഇത് 114 മീറ്റര്‍ വരെ ആഴത്തില്‍ പോകും.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം