ഈ നഗരത്തിൽ ചിക്കൻ കിലോയ്ക്ക് ഇപ്പോൾ വില 500, ഉള്ളിക്ക് 250

By Web TeamFirst Published Dec 15, 2019, 2:36 PM IST
Highlights

അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രക്ഷോഭം ആരംഭിച്ചതോടെയാണ് വില  കുത്തനെ ഉയർന്നത്. പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനം വലിയ ഭക്ഷ്യ ക്ഷാമം നേരിടുന്നുണ്ട്. എടിഎമ്മുകൾ ഇവിടെ കാലിയായ സ്ഥിതിയാണ്

ഗുവാഹത്തി: ചിക്കൻ കിലോയ്ക്ക് വില 500 രൂപ! കേട്ടാൽ വിശ്വസിക്കുമോ? എന്നാലിത് ഇന്നത്തെ ഗുവാഹത്തിയിലെ നിരക്കാണ്. അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രക്ഷോഭം ആരംഭിച്ചതോടെയാണ് വില  കുത്തനെ ഉയർന്നത്. പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനം വലിയ ഭക്ഷ്യ ക്ഷാമം നേരിടുന്നുണ്ട്.

എടിഎമ്മുകൾ ഇവിടെ കാലിയായ സ്ഥിതിയാണ്. പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും തീപിടിച്ച വിലയാണ്. ഉള്ളിക്ക് രാജ്യത്ത് വില കുറയാൻ തുടങ്ങിയെങ്കിലും ഗുവാഹത്തിയിൽ കിലോയ്ക്ക് 250 രൂപയാണ് വില. വെറും പത്ത് രൂപ വിലയുണ്ടായിരുന്ന ഒരു കെട്ട് ചീരയ്ക്ക് കൊടുക്കേണ്ടത് 60 രൂപയായി.

സംസ്ഥാനത്തെ പ്രാന്ത പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളെയാണ് സംസ്ഥാനം സ്ഥിരമായി ആശ്രയിക്കുന്നത്. കർഷകർ ഇത് മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നിന്ന് റീട്ടെയ്ൽ വിൽപ്പനക്കാർക്ക് വിൽക്കുകയാണ് പതിവ്. പ്രക്ഷോഭം തുടങ്ങിയതോടെ ഇവിടെ ഉൽപ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞു.

ബംഗാൾ അതിർത്തിയിൽ പച്ചക്കറികളുമായി വന്ന ചരക്ക് ലോറികൾ കുടുങ്ങിക്കിടക്കുന്നതും പ്രതിസന്ധിയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചേ മതിയാകൂ എന്നാണ് അസം ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെടുന്നത്.

click me!