കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉയർച്ചയിലായിരുന്ന വിദേശനാണ്യ ശേഖരത്തിലാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്.

ദില്ലി:ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുറവ്. ഫെബ്രുവരി 6ന് അവസാനിച്ച ആഴ്ചയിൽ 6.711 ബില്യൺ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കരുതൽ ശേഖരം 717.064 ബില്യൺ ഡോളറായി കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്ചയിലാണ് കരുതൽ ശേഖരം എക്കാലത്തെയും വലിയ റെക്കോർഡായ 723.774 ബില്യൺ ഡോളറിൽ എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉയർച്ചയിലായിരുന്ന വിദേശനാണ്യ ശേഖരത്തിലാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്. വിദേശ കറൻസി ആസ്തികൾ വർധിച്ചെങ്കിലും സ്വർണ ശേഖരത്തിൽ കാര്യമായ കുറവുണ്ടായതാണ് ഇതിന് പ്രധാന കാരണം.

ഇടിവിന് കാരണം സ്വർണ ശേഖരം

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിദേശനാണ്യ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ആസ്തി 7.661 ബില്യൺ ഡോളർ ഉയർന്ന് 570.053 ബില്യൺ ഡോളറായി. എന്നാൽ, സ്വർണ ശേഖരം 14.208 ബില്യൺ ഡോളർ കുറഞ്ഞ് 123.476 ബില്യൺ ഡോളറിലെത്തി.

രാജ്യത്തിന്റെ ഇപ്പോഴത്തെ വിദേശനാണ്യ ശേഖരം 11 മാസത്തിലധികം ചരക്ക് ഇറക്കുമതിക്ക് പര്യാപ്തമാണെന്ന് റിസർവ് ബാങ്ക് ഈ മാസം ആദ്യം നടന്ന ധനനയ അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ബാഹ്യമേഖല ശക്തമായി തുടരുകയാണെന്നും രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ആർബിഐ അറിയിച്ചു.

കണക്കുകൾ പ്രകാരം, 2025-ൽ ഇതുവരെ 56 ബില്യൺ ഡോളറിന്റെ വർധനയാണ് കരുതൽ ശേഖരത്തിൽ ഉണ്ടായത്. 2024-ൽ ഇത് 20 ബില്യൺ ഡോളറായിരുന്നു. 2023-ൽ 58 ബില്യൺ ഡോളർ വർധിച്ചപ്പോൾ, 2022-ൽ 71 ബില്യൺ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് കൈവശം വെക്കുന്ന വിദേശ കറൻസികളിലുള്ള ആസ്തികളെയാണ് വിദേശനാണ്യ കരുതൽ ശേഖരം എന്ന് പറയുന്നത്. പ്രധാനമായും യുഎസ് ഡോളർ, യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് സ്റ്റെർലിംഗ് തുടങ്ങിയ കറൻസികളിലാണ് ഇത് സൂക്ഷിക്കുന്നത്.

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് പലപ്പോഴും ഡോളർ വിറ്റ് കമ്പോളത്തിൽ ഇടപെടാറുണ്ട്. രൂപയുടെ മൂല്യം കൂടുമ്പോൾ ഡോളർ വാങ്ങുകയും മൂല്യം കുറയുമ്പോൾ വിൽക്കുകയുമാണ് ആർബിഐയുടെ തന്ത്രം.