തോന്നിയപോലെ പറ്റില്ല, കാലാവധി തീരാനിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിൽക്കരുത്, സ്വരം കടുപ്പിച്ച് എഫ്എസ്എസ്എഐ

Published : Nov 13, 2024, 06:23 PM IST
തോന്നിയപോലെ പറ്റില്ല, കാലാവധി തീരാനിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിൽക്കരുത്, സ്വരം കടുപ്പിച്ച് എഫ്എസ്എസ്എഐ

Synopsis

ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉയര്‍ത്തി അവ വില്‍ക്കുന്നതിന് ശ്രമിച്ചാല്‍ ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ വില്‍പ്പനക്കാരും നടപടി നേരിടേണ്ടിവരും

വീടുകളില്‍ കുറഞ്ഞ സമയം കൊണ്ട് സാധനങ്ങളെത്തിക്കുന്ന ക്വിക് കൊമേഴ്സ് കമ്പനികളോടും മറ്റ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളോടും ഉല്‍പ്പന്നങ്ങളുടെ കാലാവധി, ലേബലിംഗ് എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനാവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെയും കമ്പനികള്‍ക്ക് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നല്‍കി. സംഭരണം, ഗതാഗതം, ചരക്ക് കടത്ത്, വിതരണ ജീവനക്കാര്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നിവയുള്‍പ്പെടെ വിതരണ ശൃംഖലയിലുടനീളം ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനും അതോറിറ്റി ആവശ്യപ്പെട്ടു.

എഫ്എസ്എസ്എഐ സിഇഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും  200-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. നഗരപ്രദേശങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങളും പലചരക്ക് സാധനങ്ങളും വാങ്ങുന്നതിന് ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ കൂടുതലായി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ട്. അതേ സമയം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.


ഉല്‍പ്പന്നങ്ങളുടെ കാലാവധി.
-----
ഉല്‍പ്പന്നങ്ങളുടെ ഉപയോഗ കാലാവധി തീരാനിരിക്കെ അവ വില്‍ക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ പരിഗണിച്ച് ഉപഭോക്താവിന് വിതരണം ചെയ്യുന്ന സമയത്ത്  ഏറ്റവും കുറഞ്ഞ ഷെല്‍ഫ് ലൈഫ് 30 ശതമാനം അല്ലെങ്കില്‍ 45 ദിവസമാണെന്ന് ഉറപ്പാക്കാന്‍ എഫ്എസ്എസ്എഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉയര്‍ത്തി അവ വില്‍ക്കുന്നതിന് ശ്രമിച്ചാല്‍ ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ വില്‍പ്പനക്കാരും നടപടി നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇ-കൊമേഴ്സ് ഭക്ഷണ വ്യാപാര വിതരണക്കാര്‍ക്ക് സാധുതയുള്ള എഫ്എസ്എസ്എഐ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി.   ഭക്ഷ്യ സുരക്ഷ, ശുചിത്വ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ച് ഭക്ഷണവിതരണ ജീവനക്കാര്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിന് ക്വിക്ക്-കൊമേഴ്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ