അദാനിക്ക് മണിക്കൂറില്‍ നഷ്ടമായത് 73000 കോടി; ഏഷ്യയിലെ രണ്ടാമത്തെ ധനികനെന്ന സ്ഥാനവും നഷ്ടമാകും

By Web TeamFirst Published Jun 17, 2021, 7:06 PM IST
Highlights

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം അദാനിക്ക് നഷ്ടമായേക്കും. 7700 കോടി ഡോളറില്‍ നിന്ന് അദാനിയുടെ സമ്പാദ്യം 6300 കോടി ഡോളറായി ഇടിഞ്ഞു. അദാനിക്ക് നഷ്ടമുണ്ടായതോടെ ഏഷ്യയിലെ രണ്ടാമത്തെ ധനികനായി മുകേഷ് അംബാനിക്ക് പിന്നില്‍ ചൈനീസ് വ്യവസായി ഴോങ് ഷാന്‍ഷാന്‍ സ്ഥാനം പിടിക്കും.
 

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിലൊരാളായ ഗൗതം അദാനിക്ക് ഒരു മണിക്കൂറില്‍ നഷ്ടമായത് 73,000 കോടി രൂപ. അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച വിദേശ കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് അദാനിക്ക് ഭീമമായ നഷ്ടമുണ്ടായത്. തിങ്കളാഴ്ചയാണ് വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആദ്യ മണിക്കൂറില്‍ അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരി വില ഇടിയുകയും 73,000 കോടി രൂപയുടെ(1000 കോടി ഡോളര്‍) നഷ്ടമുണ്ടാകുകയും ചെയ്തു. 

നാല് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ 1400 കോടി ഡോളറിന്റെ(ഏകദേശം ഒരു ലക്ഷംകോടി രൂപ) കുറവ് രേഖപ്പെടുത്തിയതെന്ന് ബ്ലൂംബെര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് വ്യക്തമാക്കി. 

ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം അദാനിക്ക് നഷ്ടമായേക്കും. 7700 കോടി ഡോളറില്‍ നിന്ന് അദാനിയുടെ സമ്പാദ്യം 6300 കോടി ഡോളറായി ഇടിഞ്ഞു. അദാനിക്ക് നഷ്ടമുണ്ടായതോടെ ഏഷ്യയിലെ രണ്ടാമത്തെ ധനികനായി മുകേഷ് അംബാനിക്ക് പിന്നില്‍ ചൈനീസ് വ്യവസായി ഴോങ് ഷാന്‍ഷാന്‍ സ്ഥാനം പിടിക്കും. അദാനിയുടെ ആറ് കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞതോടെയാണ് അദ്ദേഹത്തിന് വന്‍ നഷ്ടമുണ്ടായത്.

കഴിഞ്ഞ ദിവസമാണ് അദാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയ മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് മരവിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍, കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് അദാനിയുടെ കമ്പനികളും എന്‍എസ്എല്‍ഡിയും വ്യക്തമാക്കി രംഗത്തെത്തി. അദാനിയുടെ കമ്പനികളുടെ ഓഹരി വലിയ രീതിയില്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതാണ് ചാഞ്ചാട്ടത്തിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തി.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍ വളര്‍ച്ചയാണ് അദാനിയുടെ കമ്പനികള്‍ നേടിയത്. 2020ല്‍ അദാനിയുടെ കമ്പനികളുടെ ഓഹരി വില 500 ശതമാനം വരെ വര്‍ധിച്ചു. ഇതോടെയാണ് അദാനിയുടെ ആസ്തി 8000 കോടി ഡോളറായി ഉയര്‍ന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!