
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടാകുന്ന അമിതമായ ചാഞ്ചാട്ടം സാധാരണക്കാരന്റെ ബജറ്റ് തെറ്റിക്കുക മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ പെരുവഴിയിലാക്കുകയുമാണ്. വില കുതിച്ചുയര്‍ന്നതോടെ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും ഇടപാടുകള്‍ നിലച്ചതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വെള്ളി വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഗുജറാത്തിലെ രാജ്‌കോട്ടില്‍ മാത്രം ഏതാണ്ട് 1.5 ലക്ഷം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍.
നിശ്ചലമായി രാജ്‌കോട്ട്; 3500 കോടിയുടെ കുടിശ്ശിക
ഇന്ത്യയിലെ വെള്ളി ആഭരണങ്ങളുടെ ഹൃദയമിടിപ്പായിരുന്ന രാജ്‌കോട്ടിലെ 'പേഡക് റോഡ്' ഇന്ന് വിജനമാണ്. ഒരുകാലത്ത് പ്രതിമാസം 25 മുതല്‍ 30 ടണ്‍ വരെ വെള്ളി വ്യാപാരം നടന്നിരുന്ന ഇവിടെ ഇപ്പോള്‍ ഒരു ടണ്‍ തികച്ച് വില്‍ക്കാന്‍ പോലും വ്യാപാരികള്‍ പാടുപെടുകയാണ് .വിലയിലുണ്ടായ അപ്രതീക്ഷിത കുതിച്ചുചാട്ടം പല വന്‍കിട വ്യാപാരികളെയും കടക്കെണിയിലാക്കി. ഏകദേശം 44 ഓളം ട്രേഡിങ് സ്ഥാപനങ്ങള്‍ പാപ്പരായതായും വിപണിയില്‍ 3,500 കോടി രൂപയുടെ കുടിശ്ശിക നിലനില്‍ക്കുന്നതായും സില്‍വര്‍ ഗോള്‍ഡ് ബുള്ളിയന്‍ അസോസിയേഷന്‍ അറിയിച്ചു.
എന്തുകൊണ്ടാണ് ഈ വിലക്കയറ്റം? 2025-ല്‍ മാത്രം വെള്ളിയുടെ വിലയില്‍ 160 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , സൗരോര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയില്‍ വെള്ളിയുടെ ഉപയോഗം കൂടിയതും ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങളും ആഗോള വിപണിയില്‍ വെള്ളിയുടെ ക്ഷാമത്തിന് കാരണമായി.
ദിവസേനയുള്ള ചാഞ്ചാട്ടം: മുന്‍പ് വര്‍ഷം മുഴുവന്‍ കൊണ്ട് 10,000 രൂപ വര്‍ദ്ധിച്ചിരുന്ന സ്ഥാനത്ത്, കഴിഞ്ഞ ഡിസംബറില്‍ മാത്രം വെള്ളിയുടെ വില 60,000 രൂപയിലധികം വര്‍ദ്ധിച്ചു.
സ്വര്‍ണവില: 2025 തുടക്കത്തില്‍ പത്ത് ഗ്രാമിന് ഒരു ലക്ഷത്തിന് താഴെയായിരുന്ന സ്വര്‍ണം, 2026 ജനുവരി ആയപ്പോഴേക്കും 1.83 ലക്ഷം രൂപ വരെ എത്തിയിരുന്നു.
സാധാരണക്കാരന് വാങ്ങാനുമാവില്ല, വില്‍ക്കാനുമാവില്ല
മുംബൈയിലെ പ്രശസ്തമായ സവേരി ബസാറിലും തിരക്ക് പകുതിയായി കുറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ പലരും പ്ലാനുകള്‍ പകുതിയായി വെട്ടിച്ചുരുക്കുകയോ വാങ്ങുന്നത് മാറ്റിവെക്കുകയോ ചെയ്യുകയാണ്. സ്വര്‍ണം വാങ്ങാന്‍ മാത്രമല്ല, വില്‍ക്കാനും ഇപ്പോള്‍ പ്രയാസമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. വിപണിയിലെ പണലഭ്യത കുറഞ്ഞതോടെ പഴയ സ്വര്‍ണമോ വെള്ളിയോ വാങ്ങാന്‍ പല കടക്കാരും തയ്യാറാകുന്നില്ല. വലിയ വിലക്കുറവില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ് പലരും. യിരിക്കുന്നത്.