പൊന്ന് പൊളളുന്നു: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

By Web TeamFirst Published Jun 21, 2019, 11:07 AM IST
Highlights

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. 

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 40 രൂപയുടെ പവന് 320 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമാണ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. 

കടുക്കുന്ന യുഎസ് - ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതലായി മാറിയതാണ് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരാന്‍ ഇടയാക്കിയത്. 

ഇന്നലെ ഗ്രാമിന് 3,140 രൂപയായിരുന്നു സ്വര്‍ണ നിരക്ക്. പവന് 25,120 രൂപയും. 2019 ഫെബ്രുവരി 20 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്.
 
ആഗോളവിപണിയില്‍ സ്വർണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 60.70 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,405.30 ഡോളറാണ് ഇന്നത്തെ നിരക്ക്.   

click me!