സംസ്ഥാനത്ത് നാളെ സ്വർണ വില കുറഞ്ഞേക്കും; നേട്ടമായത് സ്വിറ്റ്സർലന്റിലെ മാറ്റം

By Kiran GangadharanFirst Published Mar 21, 2023, 10:35 PM IST
Highlights

കഴിഞ്ഞ ദിവസം 1980 ഡോളറിന് മുകളിലായിരുന്നു അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉണ്ടായിരുന്നത്

തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കായ ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാന്‍  രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഭേദപ്പെട്ട കുറവുണ്ടായി. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 1940-1945 ഡോളറാണ് വില. വില ഇടിയുന്നുണ്ടെങ്കിലും ചാഞ്ചാട്ടം തുടരുന്നുണ്ട്. 

കഴിഞ്ഞ ദിവസം 1980 ഡോളറിന് മുകളിലായിരുന്നു അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉണ്ടായിരുന്നത്. ഇതിലാണ് ഇന്ന് 40 ഡോളറോളം വ്യത്യാസം വന്നിരിക്കുന്നത്. ഈ നില തുടർന്നാൽ നാളെ സംസ്ഥാനത്ത് സ്വർണ വില കുറയുമെന്ന് സ്വർണ വ്യാപാര മേഖലയിലുള്ളവർ വ്യക്തമാക്കി. 

അമേരിക്കയില്‍ തുടര്‍ച്ചയായ സിലിക്കൺ വാലി ബാങ്കും സിഗ്നേച്ചർ ബാങ്കും തകർന്നതിന് പിന്നാലെ സ്വിറ്റ്സർലന്റിൽ ക്രെഡിറ്റ് സ്വിസ്സില്‍ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായത് ആഗോള ഓഹരി വിപണിയിൽ പരിഭ്രാന്തി പരത്തിയിരുന്നു. ഇതേ തുടർന്ന് നിക്ഷേപം സ്വർണത്തിലേക്ക് കേന്ദ്രീകരിക്കുന്ന സ്ഥിതി കൂടി വന്നു. ഇതോടെയാണ് സ്വർണ വില ഉയർന്നത്.

ക്രെഡിറ്റ്സ്വിസ്സിനെ രക്ഷിക്കാന്‍ സ്വിസ് ഭരണകൂടത്തിന്‍റെ ഇടപെടലിൽ യുബിഎസ്  രംഗത്തു വന്നതാണ് വിപണിയിൽ നിക്ഷേപകർക്ക് ആശ്വാസമായത്. 3 ബില്യണ്‍ ഡോളറിന്‍റെ ഏറ്റെടുക്കല്‍ കരാറിലൂടെ ക്രെഡിറ്റ് സ്വിസിന്റെ തകർച്ച ഒഴിവായി. ഇന്ന് യൂറോപ്യൻ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്റ്റോക്സ് 600 ഓഹരി വിപണിയിൽ 1.3 ശതമാനം നേട്ടമുണ്ടായി. ബാങ്കിങ് സെക്ടറിലെ ഓഹരികളിൽ 3.8 ശതമാനവും ഇൻഷുറൻസ് ഓഹരികൾ 2.9 ശതമാനവും നേട്ടമുണ്ടാക്കിയെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
 

click me!