
കൊച്ചി: കഴിഞ്ഞ ദിവസം വരെ കുതിച്ചുയർന്ന സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 34,520 രൂപയായും ഗ്രാമിന് 4,315 രൂപയായും വില കുറഞ്ഞു. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 35,000 രൂപ തൊട്ടശേഷമാണ് വിലയിടിഞ്ഞത്. ഇന്നലെ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വർ ധനവാണ് ഉണ്ടായത്.
ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണ്ണം തെരഞ്ഞെടുക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഉയരാന്‍ പ്രധാന കാരണം. ഓൺലൈൻ ട്രേഡിംഗിൽ സ്വർണ്ണ വിപണി സജീവമായതും വില ഉയർത്തി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1750 ഡോളറാണ് നിരക്ക്.
ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ് നിരക്ക് 200 ഡോളർ കൂടിയത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയിൽ നിന്നാണ് നിരക്ക് 4380 ൽ എത്തിയത്. നിലവിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് സംസ്ഥാനത്ത് സ്വർണ്ണം വാങ്ങാൻ കഴിയുന്നുള്ളൂ.