ഗോതമ്പ് കയറ്റുമതിക്ക് ഇളവ്: ലോകരാഷ്ട്രങ്ങളുടെ ദുർഗതിയിൽ ഇന്ത്യ കാട്ടിയ സഹാനുഭൂതി

Published : May 17, 2022, 04:50 PM ISTUpdated : May 17, 2022, 05:09 PM IST
ഗോതമ്പ് കയറ്റുമതിക്ക് ഇളവ്: ലോകരാഷ്ട്രങ്ങളുടെ ദുർഗതിയിൽ ഇന്ത്യ കാട്ടിയ സഹാനുഭൂതി

Synopsis

ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് കുടുങ്ങിയ ഗോതമ്പ് കയറ്റി അയക്കാന്‍ കേന്ദ്രം പ്രത്യേക അനുമതി നല്‍കി. ലോഡ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന 17160 മെട്രിക് ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്യാന്‍ ഡയറക്ടർ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിച്ചത്.

ദില്ലി: ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ ചില ഇളവുകൾ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് കുടുങ്ങിയ ഗോതമ്പ് കയറ്റി അയക്കാന്‍ കേന്ദ്രം പ്രത്യേക അനുമതി നല്‍കി. ലോഡ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന 17160 മെട്രിക് ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്യാന്‍ ഡയറക്ടർ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിച്ചത്. ഈജിപ്തിലേക്ക് കൊണ്ടുപോകാനായി എത്തിച്ചതായിരുന്നു ഇത്. മെയ് പതിമൂന്നിന് മുന്‍പ് കസ്റ്റംസ് പരിശോധനയ്ക്കായി നല്‍കിയ ചരക്കുകളും കയറ്റി അയക്കാമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഉയരുന്ന ഗോതമ്പ് വില പിടിച്ചുനിർത്താനായാണ് കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. 

ലോകത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യമായ യുക്രൈൻ ഇപ്പോൾ യുദ്ധത്തിന് നടുവിലായതാണ് ഭക്ഷ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ലോകത്ത് ഗോതമ്പ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ സ്വതവേ കയറ്റുമതിക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ല. ഇതിന് കാരണം, രാജ്യത്ത് ഗോതമ്പിന്റെ ആവശ്യം വളരെയേറെ ഉള്ളതാണ്. ഇക്കുറി രാജ്യത്ത് നല്ല വിളവെടുപ്പുണ്ടായിരുന്നു. എന്നാൽ ആഗോള സാഹചര്യം മനസിലാക്കി സ്വകാര്യ മില്ലുടമകളും കയറ്റുമതിക്കാരും വൻതോതിൽ ഗോതമ്പ് വാങ്ങിക്കൂട്ടിയത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് തടയാൻ ലക്ഷ്യമിട്ട് കേന്ദ്രം കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയത്.

എന്നാൽ ഇന്ത്യ കൂടെ കൈവിട്ടാൽ മുന്നിൽ മറ്റ് വഴികളില്ലെന്നതാണ് യൂറോപ്പ് അടക്കം മറ്റ് പല രാജ്യങ്ങളുടെയും ഗതി. ഗോതമ്പിന്റെ വില വൻതോതിൽ ഉയരാനും ഇത് കാരണമായി. ഐക്യരാഷ്ട്ര സഭ പ്രത്യേക യോഗം ചേർന്ന് സ്ഥിതി ചർച്ച ചെയ്യാനിരിക്കെയാണ് കേന്ദ്രസർക്കാർ കണ്ട്ല തുറമുഖത്ത് കിടന്ന ഗോതമ്പ് ലോഡ് വിദേശത്തേക്ക് കൊണ്ടുപോകാൻ അനുവാദം കൊടുത്തത്. രാജ്യത്തെ ജനങ്ങളെ ഭക്ഷ്യപ്രതിസന്ധിയിലേക്ക് തള്ളിവിടാതിരിക്കാനുള്ള ശ്രമത്തിനിടയിലും ഇന്ത്യ ലോകരാഷ്ട്രങ്ങളോട് കാട്ടുന്ന സഹാനുഭൂതിയുടെ തെളിവായി ഇത് മാറി.

ഇന്ത്യയിലെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും ഗോതമ്പിന്റെ ആഗോള വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ പ്രതികൂലമായി ബാധിച്ച  അയൽരാജ്യങ്ങളുടെയും ദുർബലരായ രാജ്യങ്ങളുടെയും ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചത്. ഈ ഉത്തരവ് അനുസരിച്ച്, സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ മുൻകൂറായി സാമ്പത്തിക കരാറിൽ ഏർപ്പെട്ട കേസുകളിലും മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവിടുത്തെ സര്‍ക്കാരുകളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നൽകുന്ന സാഹചര്യങ്ങളിലും ഈ നിയന്ത്രണം ബാധകമല്ല.

അതിനിടെ, ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിനെ അപലപിച്ച് ജി ഏഴ് രാജ്യങ്ങൾ രംഗത്തെത്തി. രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നതിന് പിന്നാലെയാണ് കയറ്റുമതി നിരോധനത്തിനെതിരെ ജി 7 രാജ്യങ്ങൾ രംഗത്തെത്തിയത്. ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ജി 7 രാജ്യങ്ങളുടെ കാർഷിക മന്ത്രിമാർ, ഇപ്പോഴത്തെ ലോകസാഹചര്യത്തിൽ പ്രധാന ഉത്പാദക രാജ്യങ്ങൾ ധാന്യങ്ങൾക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയാൽ അത് ലോകസമ്പത്ത് ഘടനയെ ദോഷകരമായി ബാധിക്കുമെന്നും കുറ്റപ്പെടുത്തി. കാനഡ, ജർമനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ ഏഴു വികസിത രാജ്യങ്ങളാണ് ഇന്ത്യയുടെ തീരുമാനത്തെ വിമർശിക്കുന്നത്. 

അതേസമയം, ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെ ആഗോള തലത്തിൽ ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിലെത്തി. യുക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വില കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ കയറ്റുമതി നിരോധനം കൂടി ഏർപ്പെടുത്തിയതോടെയാണ് രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ വില അഞ്ച് ശതമാനം ഉയർന്നത്. എന്നാല്‍, ഇന്ത്യയിൽ വില കുറഞ്ഞിട്ടുണ്ട്. ഗോതമ്പ് കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ കയറ്റുമതി പുനരാരംഭിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 

ഗോതമ്പ് സംഭരണം ഈ മാസം 31 വരെ തുടരുമെന്ന് കേന്ദ്രം; സംഭരണം ഊർജിതമാക്കാൻ എഫ്‍സിഐക്ക് നിർദേശം

ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു, കാരണക്കാർ ഇന്ത്യയെന്ന് ലോകരാജ്യങ്ങൾ  

ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന് സംശയമാണ് ലോകത്തെ വമ്പൻ  രാജ്യങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. യുക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനംവരെ കുതിച്ചുയർന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ ആഗോള മാർക്കറ്റിൽ വീണ്ടും വില കുതിക്കുകയാണ്. ഉഷ്‌ണതരംഗം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോഴുള്ള നിരോധനത്തിന്റെ  ആഘാതം  ലോക വിപണിയിൽ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കൻ വിപണിയിൽ ഗോതമ്പ് വില അഞ്ചു ശതമാനം ഉയർന്നു. 

കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ ഗോതമ്പിന് റെക്കോർഡ് വില; ഇന്ത്യാക്കാർക്ക് സമാധാനം

യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ഗോതമ്പ് വരവ് പല രാജ്യങ്ങളിലും കുറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക , ഫ്രാൻസ് , കാനഡ തുടങ്ങി ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉൽപ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ദരിദ്രർ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ അതീവ ഗുരുതര സാഹചര്യത്തിൽ ഇന്ത്യ കയറ്റുമതി നിർത്തരുതായിരുന്നുവെന്ന് പല രാജ്യങ്ങളും വാദിക്കുന്നു. എന്നാൽ രാജ്യത്തിനുള്ളിൽ ഗോതമ്പ് വില റെക്കോഡിലേക്ക് കുതിക്കുമ്പോൾ ഇതല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു വഴികൾ ഇല്ല. 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം