Asianet News MalayalamAsianet News Malayalam

ഗോതമ്പ് സംഭരണം ഈ മാസം 31 വരെ തുടരുമെന്ന് കേന്ദ്രം; സംഭരണം ഊർജിതമാക്കാൻ എഫ്‍സിഐക്ക് നിർദേശം

സംഭരണം നീട്ടിയത് ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ, കർഷക ക്ഷേമം ലക്ഷ്യമിട്ടുള്ള നടപടിയെന്ന് പിയൂഷ് ഗോയൽ

Wheat procurement extended till May 31 in 6 states
Author
Delhi, First Published May 15, 2022, 8:50 PM IST

ദില്ലി: രാജ്യത്ത് കർഷകരിൽ നിന്ന് ഈ മാസം 31 വരെ ഗോതമ്പ് സംഭരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി. വിപണിയിലെ വിലക്കയറ്റവും കയറ്റുമതിയിലെ കുതിപ്പും നടപ്പ് സാമ്പത്തിക വർഷത്തിൽ ഗോതമ്പ് സംഭരണത്തെ ബാധിച്ചിരുന്നു. വിപണിയിൽ ഗോതമ്പിന് വില കൂടിയതോടെ കർഷകർ സ്വകാര്യ ഏജൻസികൾക്ക് വൻതോതിൽ ഗോതമ്പ് കൈമാറിയിരുന്നു. സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഗോതമ്പ് കയറ്റുമതി നിരോധിച്ച് അടിയന്തര ഉത്തരവിറക്കി. ഇതിനുപിന്നാലെയാണ് സംഭരണം ഈ മാസം അവസാനം വരെ തുടരുമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ചില സംസ്ഥാനങ്ങളിൽ ഈ മാസം പത്തിനും ചിലയിടത്ത് ഇന്നലെയും സംഭരണം അവസാനിപ്പിച്ചിരുന്നു. ഉത്തർപ്രദേശും മധ്യപ്രദേശും ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെ കർഷകർക്ക് സംഭരണ തീയതി നീട്ടിയതിന്റെ പ്രയോജനം കിട്ടും. ഗോതമ്പ് കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായാണ് നടപടിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 

Wheat procurement extended till May 31 in 6 states

അതേസമയം കേന്ദ്ര പൂളിലേക്ക് ഗോതമ്പ് സംഭരിക്കുന്നത് തുടരുകയാണ്. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ, ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ  എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേന്ദ്ര പൂളിലേക്കുള്ള സംഭരണം പുരോഗമിക്കുന്നത്. സംഭരണം ഊർജിതമാക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (FCI) കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വരെ 18 മില്ല്യൺ ടൺ ഗോതമ്പാണ് സർക്കാർ സംഭരിച്ചത്. 2022-23 വർഷത്തിൽ 44.4 മില്യൺ ടൺ ഗോതമ്പ് സംഭരിക്കാൻ ലക്ഷ്യമിട്ടിരുന്നുവെങ്കിലും പിന്നീട് സർക്കാർ 19.5 മില്യൺ ടണായി പരിമിതപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ‍ർഷം 36.7 മില്യൺ ടണായിരുന്നു സംഭരണം.

രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രം ഇന്നലെ ഉത്തരവിറക്കിയിരുന്നു. യുക്രെയ്ൻ യുദ്ധം കണക്കിലെടുത്ത് ആഗോള വിപണിയിലെ സാധ്യത മുതലെടുക്കാൻ നടത്തിയ നീക്കമാണ് അടിയന്തര ഉത്തരവിലൂടെ കേന്ദ്രം തടഞ്ഞത്. രാജ്യത്തെ വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ടാണ് നടപടിയെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios