ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

By Web TeamFirst Published Jun 25, 2021, 9:20 PM IST
Highlights

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്നാണ് നേരത്തെ കേന്ദ്രം പറഞ്ഞിരുന്നത്.

ദില്ലി: ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിബന്ധനകൾക്കുള്ള അവസാന തീയതികൾ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. സെപ്തംബർ 30 ആണ് പുതിയ അന്തിമ തീയതി.

ഇതിന് മുൻപ് നിരവധി തവണ രണ്ട് രേഖകളും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസർക്കാർ നീട്ടിയിരുന്നു. നേരത്തെ മാർച്ച് 31 ആയിരുന്നു അന്തിമ തീയതി. ഇത് ജൂൺ 30 ലേക്ക് നീട്ടിയിരുന്നു. 1961 ലെ ഇൻകം ടാക്സ് നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് അന്തിമ തീയതി ദീർഘിപ്പിച്ചിരിക്കുന്നത്. കൊവിഡ് 19 മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്നാണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്നാണ് നേരത്തെ കേന്ദ്രം പറഞ്ഞിരുന്നത്. 1000 രൂപ പിഴയ്ക്ക് പുറമെ പാൻ കാർഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. ഫിനാൻഷ്യൽ ബിൽ 2021 ലെ 234 എച്ച് വകുപ്പ് പ്രകാരമാണ് പിഴ തീരുമാനം വന്നത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!