ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കുള്ള 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുമോ? നിലപാടറിയിച്ച് കേന്ദ്രം

Published : Jul 23, 2025, 06:33 PM IST
Life Insurance Policy

Synopsis

ഒരു ബാങ്കില്‍, ഒരു നിക്ഷേപകന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുന്നത്.

ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എന്ന പരിധി ഉടന്‍ വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചു. ഈ പരിധി ആഗോള നിലവാരത്തിന് അനുസൃതമാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡെപ്പോസിറ്റ് ഇന്‍ഷുറേഴ്‌സിന്റെ (IADI) കോര്‍ പ്രിന്‍സിപ്പിള്‍ 8 ആണ് മന്ത്രി ഇതിന് തെളിവായി ചൂണ്ടിക്കാട്ടിയത്. നിക്ഷേപ ഇന്‍ഷുറന്‍സ് പരിമിതമാണെങ്കിലും വിശ്വാസ്യതയുള്ളതായിരിക്കണം എന്നാണ് ഈ തത്വം പറയുന്നത്. ഭൂരിഭാഗം നിക്ഷേപകരെയും ഇതില്‍ ഉള്‍പ്പെടുത്തുകയും, അതേസമയം ചില നിക്ഷേപങ്ങളെ മാര്‍ക്കറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമാക്കുകയും വേണം.

ഇന്ത്യയിലെ നിക്ഷേപ ഇന്‍ഷുറന്‍സ് സംവിധാനം ഈ തത്വം പിന്തുടരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു ബാങ്കില്‍, ഒരു നിക്ഷേപകന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുന്നത്. സേവിംഗ്‌സ്, കറന്റ്, ഫിക്‌സഡ്, റിക്കറിംഗ് എന്നിങ്ങനെ എല്ലാതരം നിക്ഷേപങ്ങള്‍ക്കും, ഒരു ബാങ്കിന്റെ എല്ലാ ശാഖകളിലെയും നിക്ഷേപങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് ഈ പരിരക്ഷ ലഭിക്കുന്നത്. ഈ പരിധി പ്രകാരം, 2025 മാര്‍ച്ച് 31 വരെ 97.6% നിക്ഷേപ അക്കൗണ്ടുകള്‍ക്കും പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഇത് മൊത്തം നിക്ഷേപ മൂല്യത്തിന്റെ 41.5% വരും. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുകയും, ബാങ്കുകളെ ഉത്തരവാദിത്തത്തോടെ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചൗധരി പറഞ്ഞു.

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (DICGC) അവസാനമായി ഇന്‍ഷുറന്‍സ് പരിധി 1 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയത് 2020 ഫെബ്രുവരി 4-നാണ്. ഇനി ഒരു വര്‍ദ്ധനവ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതിയെയും ബാങ്കിംഗ് സംവിധാനത്തിന്റെ സ്ഥിരതയെയും ആശ്രയിച്ചിരിക്കും. എല്ലാ നിക്ഷേപങ്ങള്‍ക്കും പൂര്‍ണ്ണമായി ഇന്‍ഷുറന്‍സ് നല്‍കുന്നത് അഭികാമ്യമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം
സ്വർണവില റെക്കോർഡുകൾ തകർക്കുമ്പോൾ ആര്‍ക്കാണ് ഗോള്‍ഡ് ലോണ്‍ കൂടുതല്‍ പ്രയോജനകരം?