
സെപ്റ്റംബര്‍ 22-ന് ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ വിപണികള്‍ സജീവമാകുന്നു. നവരാത്രിയുടെ ആദ്യ ദിനത്തില്‍ പരിഷ്‌കരിച്ച ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ, കാറുകള്‍, എയര്‍ കണ്ടീഷണറുകള്‍, മറ്റ് ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പുതിയ ജിഎസ്ടി ഘടന അനുസരിച്ച്, നികുതി നിരക്കുകള്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലളിതമാക്കിയിരുന്നു. മുന്‍പത്തെ 5%, 12%, 18%, 28% നിരക്കുകള്‍ ലയിപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായി. ഏകദേശം 99% നിത്യോപയോഗ സാധനങ്ങള്‍ക്കും ഇപ്പോള്‍ കുറഞ്ഞ നിരക്കാണ് ബാധകം. വാഹനങ്ങള്‍ക്ക് ഈടാക്കിയിരുന്ന സെസ് പൂര്‍ണ്ണമായും ഒഴിവാക്കിയതും വില കുറയ്ക്കാന്‍ സഹായിച്ചു.
പുതിയ ജിഎസ്ടി ഘടന പ്രകാരം, 4 മീറ്ററില്‍ താഴെ നീളമുള്ള ചെറിയ കാറുകള്‍ക്ക് 18% നികുതി മാത്രമേയുള്ളൂ. സെസ് ഒഴിവാക്കിയതോടെ കാറുകളുടെ വിലയില്‍ വലിയ കുറവുണ്ടായി. 1200 സിസി വരെ ശേഷിയുള്ള പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് കാറുകള്‍ക്കും 1500 സിസി വരെ ശേഷിയുള്ള ഡീസല്‍, ഡീസല്‍ ഹൈബ്രിഡ് കാറുകള്‍ക്കും മുന്‍പത്തെ 28% നികുതിക്ക് പകരം 18% മാത്രമാണ് ഇനി നല്‍കേണ്ടത്.
മാരുതി സുസുകി: ഒറ്റ ദിവസം 80,000 പേര്‍ വാഹനങ്ങളെ കുറിച്ച് അന്വേഷിച്ചു. 30,000 ഡെലിവറികളും നടന്നു. കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. ഹ്യുണ്ടായ്: 11,000 വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കൈമാറി, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മികച്ച പ്രകടനമാണിത്. ടാറ്റ മോട്ടോഴ്‌സ്: 10,000 കാറുകള്‍ വിറ്റഴിക്കുകയും 25,000-ത്തിലധികം അന്വേഷണങ്ങള്‍ ലഭിക്കുകയും ചെയ്തു.
ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഉത്സവ സീസണ്‍ വില്‍പ്പന ആരംഭിച്ചതോടെ വലിയ തിരക്കാണ് രേഖപ്പെടുത്തിയത്. വസ്ത്രങ്ങള്‍ മുതല്‍ ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ വരെ എല്ലാ വിഭാഗത്തിലും വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായി.
സ്‌നിച്ച്: ഫാഷന്‍ ബ്രാന്‍ഡായ സ്‌നിച്ചിന്റെ ഓര്‍ഡറുകളില്‍ 40% വര്‍ദ്ധനവുണ്ടായി. ദി പാന്റ് പ്രൊജക്ട്: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15-20% വില്‍പ്പന വര്‍ദ്ധിച്ചു. ഷാഡോ ഇടെയില്‍: കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 151% വര്‍ദ്ധിച്ചു.
നികുതി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. വിലയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും സെപ്റ്റംബര്‍ 30-നകം ആദ്യ റിപ്പോര്‍ട്ട് ലഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം, 54 നിത്യോപയോഗ സാധനങ്ങളുടെ വിലമാറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ ജിഎസ്ടി ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് ധന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എയര്‍ കണ്ടീഷണറുകള്‍ക്കും ടെലിവിഷനുകള്‍ക്കും വില കുറഞ്ഞതോടെ ഇലക്ട്രോണിക്‌സ് വിപണിയിലും വന്‍ കുതിപ്പുണ്ടായി. സ്പ്ലിറ്റ് എസികള്‍ക്ക് 3,000-5,000 രൂപയും, പ്രീമിയം ടിവികള്‍ക്ക് 85,000 രൂപ വരെയും വില കുറഞ്ഞു.
ഈ ഉത്സവ സീസണില്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും സാധാരണക്കാരുടെ ചെലവ് കുറയ്ക്കാനും നികുതി പരിഷ്‌കരണം സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍