
നികുതി വെട്ടിപ്പോ ക്രമക്കേടുകളോ സംശയിച്ചാല്‍ ജിഎസ്ടി വകുപ്പിന് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ അധികാരമുണ്ട്. കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്‍പ് , അന്വേഷണ ഘട്ടത്തില്‍ തന്നെ കമ്മീഷണര്‍ക്ക് ഈ നടപടി സ്വീകരിക്കാം എന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. സെന്‍ട്രല്‍ ജിഎസ്ടി നിയമത്തിലെ 83-ാം വകുപ്പും 159-ാം ചട്ടവുമാണ് ഉദ്യോഗസ്ഥര്‍ക്ക് ഈ അധികാരം നല്‍കുന്നത്. സര്‍ക്കാര്‍ വരുമാനം നഷ്ടപ്പെടാതിരിക്കാനാണ് ഈ കടുത്ത നടപടിയെങ്കിലും, അന്യായമായി അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാല്‍ അത് തിരികെ ലഭിക്കാന്‍ വഴികളുണ്ട്.
സാധാരണഗതിയില്‍ വളരെ ഗൗരവമുള്ള കേസുകളില്‍ മാത്രമാണ് ജിഎസ്ടി വകുപ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാറുള്ളൂ. പ്രധാന കാരണങ്ങള്‍ ഇവയാണ്:
വ്യാജ ഐടിസി : വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്തതായി സംശയം തോന്നിയാല്‍.
ബില്ലിലെ ക്രമക്കേട്: സാധനങ്ങള്‍ കൈമാറാതെ ബില്ലുകള്‍ മാത്രം നല്‍കി തട്ടിപ്പ് നടത്തിയാല്‍.
നികുതി അടയ്ക്കാതിരിക്കുക: ഉപഭോക്താക്കളില്‍ നിന്ന് ജിഎസ്ടി പിരിക്കുകയും എന്നാല്‍ അത് സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുകയും ചെയ്യുക.
സഹകരിക്കാതിരിക്കുക: അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുകയോ, ഓഡിറ്റില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തുകയോ ചെയ്യുക.
സാധാരണയായി ബാങ്കില്‍ നിന്നുള്ള അറിയിപ്പ് വഴിയായിരിക്കും ഇതറിയുക. കൂടാതെ ജിഎസ്ടി നോട്ടീസായും വിവരം ലഭിക്കും.
അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടാല്‍ നിയമപരമായ വഴികള്‍ തേടുകയാണ് വേണ്ടത്.
പരാതി നല്‍കാം: അക്കൗണ്ട് മരവിപ്പിച്ച് 7 ദിവസത്തിനുള്ളില്‍ 'ഫോം ജിഎസ്ടി ഡിആര്‍സി - 22എ' വഴി ഇതിനെതിരെ പരാതി സമര്‍പ്പിക്കാം. എന്തുകൊണ്ട് നടപടി പിന്‍വലിക്കണം എന്നതിനുള്ള തെളിവുകളും നല്‍കണം. ബാങ്ക് അക്കൗണ്ട് വിട്ടുതരുന്നതിന് പകരമായി ബാങ്ക് ഗ്യാരണ്ടിയോ മറ്റ് വസ്തുവകകളോ ഈടായി നല്‍കിയാല്‍ കമ്മീഷണര്‍ക്ക് നടപടി പിന്‍വലിക്കാവുന്നതാണ്. ജിഎസ്ടി വകുപ്പില്‍ നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം . ബിസിനസ് നടത്തിപ്പിനെ ബാധിക്കുന്ന രീതിയില്‍ അന്യായമായി അക്കൗണ്ട് മരവിപ്പിച്ചാല്‍ കോടതികള്‍ പലപ്പോഴും നികുതിദായകര്‍ക്ക് അനുകൂലമായി ഇടപെടാറുണ്ട്.
ചുരുക്കത്തില്‍, സര്‍ക്കാര്‍ വരുമാനം സംരക്ഷിക്കാനാണ് ഈ നിയമമെങ്കിലും, നിരപരാധിയാണെന്ന് തെളിയിക്കാനുള്ള അവസരം നിയമം തന്നെ നല്‍കുന്നുണ്ട്.