
ദില്ലി: മാർച്ചിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരമായ 1.24 ലക്ഷം കോടി രൂപയ്ക്ക് സമീപമെത്തി. കഴിഞ്ഞവർഷം ഇതേ മാസത്തെ വരുമാനമായി താരതമ്യംചെയ്യുമ്പോൾ 27 ശതമാനമാണ് വരുമാന വർധന.
ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇത്രയും ഉയർന്ന വരുമാനം ലഭിക്കുന്നത് ഇതാദ്യമായാണ്. "കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജിഎസ്ടി വരുമാനത്തിൽ വീണ്ടെടുക്കൽ പ്രവണതയ്ക്ക് അനുസൃതമായി, 2021 മാർച്ച് മാസത്തെ വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 27 ശതമാനം കൂടുതലാണ്," ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി ജിഎസ്ടി വരുമാനം ഒരു ട്രില്യൺ രൂപയ്ക്ക് മുകളിലാണെന്നും ഈ കാലയളവിൽ കുത്തനെ വർദ്ധിക്കുന്ന പ്രവണത ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ വ്യക്തമായ സൂചകങ്ങളാണെന്നും മന്ത്രാലയം അറിയിച്ചു.
വ്യാജ ബില്ലിംഗിനെതിരായ സൂക്ഷ്മ നിരീക്ഷണം, ജിഎസ്ടി, ആദായനികുതി, കസ്റ്റംസ് ഐടി സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്ന ആഴത്തിലുള്ള ഡാറ്റാ അനലിറ്റിക്സ്, ഫലപ്രദമായ ടാക്സ് അഡ്മിനിസ്ട്രേഷൻ എന്നിവയും കഴിഞ്ഞ കുറച്ച് മാസങ്ങളായി നികുതി വരുമാനത്തിൽ ക്രമാനുഗതമായ വർദ്ധനവിന് കാരണമായിട്ടുണ്ട്.
മാർച്ച് മാസത്തെ ആകെ നികുതി വരുമാനം 1,23,902 കോടി രൂപയാണ്. ശേഖരിച്ച മൊത്തം വരുമാനത്തിൽ സിജിഎസ്ടി 22,973 കോടി രൂപയും എസ്ജിഎസ്ടി 29,329 കോടി രൂപയും ഐജിഎസ്ടി 62,842 കോടി രൂപയുമാണ് (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 31,097 കോടി രൂപ ഉൾപ്പെടെ) സെസ് 8,757 കോടി രൂപയുമാണ് ( ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 935 കോടി രൂപ ഉൾപ്പെടെ).
മാർച്ചിലെ അഡ്ഹോക് സെറ്റിൽമെന്റുകൾക്ക് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടിക്ക് 58,852 കോടി രൂപയും എസ്ജിഎസ്ടിക്ക് 60,559 കോടി രൂപയുമാണ്. 2021 മാർച്ച് മാസത്തിൽ 30,000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം വിതരണം ചെയ്തിട്ടുണ്ട്.
ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 70 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവന ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 17 ശതമാനം കൂടുതലാണ്.
ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും പാദങ്ങൾ, യഥാക്രമം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്, ജിഎസ്ടി വരുമാനവും സമ്പദ് വ്യവസ്ഥയും വീണ്ടെടുക്കുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നു.