'കള്ളപ്പണിക്കാരെ' പിടിക്കാൻ ബിജെപി; സർക്കാർ ജീവനക്കാർക്കെല്ലാം സ്മാർട്ട്‌വാച്ച് സൗജന്യം

By Web TeamFirst Published Oct 24, 2021, 5:48 PM IST
Highlights

ജിപിഎസ് അടങ്ങിയ 7000 മുതല്‍ 8000 രൂപ വില വരുന്ന വാച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുക. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇത് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

ദില്ലി: ഹരിയാനയിലെ(Haryana) സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം (government employees)  സ്മാര്‍ട്ട് വാച്ച് (smart watch) നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ (Manohar lal ghattar). വാര്‍ത്ത കേട്ട് അമ്പരക്കേണ്ടതില്ല, ഓഫീസ് പ്രവര്‍ത്തന സമയത്ത് ജീവനക്കാര്‍ എങ്ങോട്ടൊക്കെ പോകുന്നെന്ന് അറിയാനാണിതെന്നാണ് ബിജെപി സര്‍ക്കാരിന്റെ വിശദീകരണം. ജീവനക്കാരുടെ ജിപിഎസ് അടിസ്ഥാനമായ ഹാജര്‍ രേഖപ്പെടുത്താനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

സംസ്ഥാനത്ത് മുഖ്യമന്ത്രി നടത്തുന്ന വികാസ് റാലിയിലാണ് പ്രഖ്യാപനം. ജിപിഎസ് അടങ്ങിയ 7000 മുതല്‍ 8000 രൂപ വില വരുന്ന വാച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുക. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇത് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബയോമെട്രിക് അറ്റന്റന്‍സ് സംവിധാനം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

ആഴ്ചയിലൊരിക്കല്‍ മാത്രം ഓഫീസില്‍ പോകുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കള്ളപ്പണി 
അവസാനിപ്പിക്കാനാണ് നേരത്തെ ബയോമെട്രിക് സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം വേണ്ടിവന്നതോടെ സമ്പര്‍ക്കത്തിന് കാരണമാകുന്ന ബയോമെട്രിക് സംവിധാനം നിര്‍ത്തിവെക്കുകയായിരുന്നു.

ബയോമെട്രികിനേക്കാള്‍ ഫലപ്രദമാകും സ്മാര്‍ട്ട്വാച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഓരോ വ്യക്തിക്കും നല്‍കുന്ന വാച്ച് മറ്റൊരാള്‍ ധരിച്ചാല്‍ തനിയെ നിലക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. അതിനാല്‍ തന്നെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം വഴി ഓരോ ഉദ്യോഗസ്ഥരുടെയും നീക്കങ്ങളറിയാനും സര്‍ക്കാരിന് സാധിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
 

click me!