
അവധിക്കാലം ആഘോഷമാക്കാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍? എന്നാല്‍ ശ്രദ്ധിക്കുക. ആകര്‍ഷകമായ യാത്രാ പാക്കേജുകളും എളുപ്പത്തില്‍ ലഭിക്കുന്ന വായ്പാ സൗകര്യങ്ങളും നിങ്ങളെ ഒരു വലിയ കടക്കെണിയിലേക്ക് നയിച്ചേക്കാം. പലപ്പോഴും യാത്രാച്ചെലവുകള്‍ക്ക് ആളുകള്‍ വ്യക്തിഗത വായ്പകളെ ആശ്രയിക്കാറുണ്ട്. 2025-ല്‍ പൈസാബസാര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, ഇന്ത്യക്കാരില്‍ 27% പേരും അവധിക്കാല യാത്രകള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ എടുത്തവരാണ്. ഇത് കടമെടുത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ സൂചനയാണ്.
യുവതലമുറയാണ് ഇക്ക്രാര്യത്തില്‍ മുന്നില്‍. അവധി ആഘോഷിക്കാന്‍ വായ്പ എടുക്കുന്നവരില്‍ 20- 30 വയസ്സുള്ളവരുടെ എണ്ണം 2025-ല്‍ 29 ശതമാനമായി ഉയര്‍ന്നു. 2023-ന്റെ ആദ്യ പകുതിയില്‍ ഇത് 14 ശതമാനമായിരുന്നു. 47 ശതമാനം വിഹിതവുമായി മില്ലെനിയല്‍സ് (30-40 വയസ്സുള്ളവര്‍) ഇപ്പോഴും ഈ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. ഈ വായ്പകളില്‍ ഭൂരിഭാഗവും 1 ലക്ഷം മുതല്‍ 3 ലക്ഷം വരെയുള്ള തുകകളാണ്. 2023-ല്‍ 13% ആയിരുന്ന ഈ തുകയ്ക്കുള്ള വായ്പകള്‍ 2025-ല്‍ 30% ആയി ഉയര്‍ന്നു 50,000-ന് താഴെയുള്ള വായ്പകള്‍ പോലും 2% നിന്ന് 15% ആയി വര്‍ധിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഈ വായ്പകള്‍ കൂടുതലായി എടുക്കുന്നത്.
ഉയര്‍ന്ന പലിശയും സാമ്പത്തിക ബാധ്യതയും
അവധിക്കാല വായ്പകളുടെ പലിശ നിരക്ക് 10% മുതല്‍ 20% വരെയാകാം. ഉദാഹരണത്തിന്, 1 ലക്ഷം 15% പലിശക്ക് മൂന്ന് വര്‍ഷത്തേക്ക് എടുത്താല്‍ തിരികെ അടക്കേണ്ടി വരിക 1.3 ലക്ഷത്തിലധികം വരും. ഭവന വായ്പയോ വാഹന വായ്പയോ ഉള്ളവര്‍ക്ക് ഈ അധിക ബാധ്യത വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
കടക്കെണിയിലെ അപകട സാധ്യത
പല കുടുംബങ്ങളുടെയും സാമ്പത്തിക ബജറ്റ് വളരെ പരിമിതമാണ്. അതുകൊണ്ട് തന്നെ ചെറിയൊരു തുക പോലും വീഴ്ച വരുത്തുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അടിയന്തര സാഹചര്യങ്ങളോ, തൊഴില്‍ നഷ്ടമോ സംഭവിച്ചാല്‍ തിരിച്ചടവ് മുടങ്ങാന്‍ സാധ്യതയുണ്ട്. ഇത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. പിന്നീട് ആവശ്യ സമയങ്ങളില്‍ വായ്പ ലഭിക്കാനുള്ള സാധ്യത കുറവായിരിക്കും.
വായ്പയില്ലാതെ എങ്ങനെ യാത്ര ചെയ്യാം?
പതിവായ നിക്ഷേപം: അവധിക്കാല യാത്രകള്‍ക്കായി എല്ലാ മാസവും ഒരു ചെറിയ തുക മാറ്റിവെക്കുക. ഉദാഹരണത്തിന്, 10,000 രൂപ മാറ്റി വെച്ചാല്‍ ഒരു വര്‍ഷം കൊണ്ട് 1.2 ലക്ഷം നിങ്ങളുടെ കയ്യിലുണ്ടാവും.
ചിട്ടയായ നിക്ഷേപ പദ്ധതികള്‍: റിക്കറിംഗ് ഡിപ്പോസിറ്റുകളിലോ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളിലോ നിക്ഷേപിച്ചാല്‍ സുരക്ഷിതമായി പണം സ്വരൂപിക്കാം.
സീസണ്‍ അല്ലാത്ത യാത്രകള്‍: യാത്രകള്‍ക്ക് തിരക്ക് കുറഞ്ഞ സമയങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് യാത്രാ ചിലവുകളും താമസ ചിലവുകളും കുറയ്ക്കാന്‍ സഹായിക്കും.