ഒയോയ്ക്ക് തിരിച്ചടി; ബന്ധം അവസാനിപ്പിച്ച് ഹോട്ടലുടമകള്‍

By Web TeamFirst Published Nov 24, 2019, 8:31 PM IST
Highlights

ഹോട്ടലുകളില്‍ എത്തുമ്പോള്‍ റൂം അനുവദിക്കുന്നില്ലെന്ന് നിരന്തരമായി സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്

ദില്ലി: വാടക കൃത്യമായി കൊടുക്കാത്തതും കരാറുകള്‍ പാലിക്കാത്തതും ഒയോയ്ക്ക് വിനയാകുന്നു. നൂറ് നഗരങ്ങളില്‍ നിന്നായി എഴുന്നൂറോളം ഹോട്ടലുകള്‍ ഒയോയുമായുള്ള കരാര്‍ റദ്ദാക്കിയതായി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്എച്ച്ആര്‍ഐ) സെക്രട്ടറി പ്രദീപ് ഷെട്ടി പറഞ്ഞു.

ഹോട്ടലുകളുമായുള്ള കരാര്‍ ലംഘനവും അമിതമായ ചാര്‍ജുകള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വഷളായതിനെത്തുടര്‍ന്ന് കേരളത്തില്‍ ഉള്‍പ്പടെ ഒയോയ്‌ക്കെതിരെ സമരം നടന്നിരുന്നു. ഈ വിഷയത്തില്‍ എഫ്എച്ച്ആര്‍ഐ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒയോയുമായുളള പങ്കാളിത്തത്തില്‍ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും ഒയോസൈറ്റില്‍ സോള്‍ഡ് ഔട്ട് ലേബലില്‍ ഈ ഹോട്ടലുകളുടെ പേരുകളുണ്ട്.

ഇത് തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നതായും ഹോട്ടലുടമകള്‍ പരാതിപ്പെടുന്നു. എന്നാല്‍ ഒയോ വഴി ബുക്ക് ചെയ്ത് ഹോട്ടലുകളില്‍ എത്തുമ്പോള്‍ റൂം അനുവദിക്കുന്നില്ലെന്ന് നിരന്തരമായി സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. ഹോട്ടലുടമകള്‍ക്കും കസ്റ്റമേഴ്‌സിനും ഒരുപോലെ പ്രശ്‌നമുണ്ടാക്കുന്നതാണ് ഒയോയുടെ നിലപാടെന്നും എഫ്എച്ച്ആര്‍ഐ പറഞ്ഞു.

ഹോട്ടലുടമകളും കമ്പനിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചതോടെ ജൂണ്‍ ജൂലൈ മാസങ്ങളില്‍ തന്നെ മിക്ക ഹോട്ടലുകളും ഒയോയുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ്. എന്നാല്‍ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കമ്പനി തിരിച്ചുനല്‍കാത്തതിനാല്‍ പുറത്തുകടക്കാനും കഴിയുന്നില്ലെന്ന് ഷെട്ടി പറഞ്ഞു.

എഫ്എച്ച്ആര്‍ഐയുടെ ആരോപണങ്ങള്‍ ഒയോ അധികൃതര്‍ നിഷേധിച്ചു. കരാര്‍ സമയത്ത് വാഗ്ദാനം ചെയ്ത ഗുണമേന്മ നിലനിര്‍ത്താതിരുന്ന ഹോട്ടലുകളുമായുള്ള കരാര്‍ അവസാനിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും കസ്റ്റമേഴ്‌സിന്‍റെ അഭിപ്രായങ്ങള്‍ മാനിച്ച് ഗുണമേന്മയില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാറുണ്ട്. ഒരു മാസത്തെ സമയം നല്‍കിയാണ് കമ്പനി ഹോട്ടലുകളുമായി കരാര്‍ അവസാനിപ്പിക്കുന്നത്. നോട്ടീസ് പീരിയഡിലുള്ള സ്ഥാപനങ്ങളെ സോള്‍ഡ് ഔട്ട് സെക്ഷനിലായിരിക്കും കാണുക. ഇത് കസ്റ്റമേഴ്‌സിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും അധികൃതര്‍ പറഞ്ഞു.

വാടകയിനത്തില്‍ 35 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് ബെംഗലുരുവിലുള്ള ഹോട്ടലുടമ ഒയോ സ്ഥാപകന്‍റെയും മറ്റ് ആറ് പേരുടെയും പേരില്‍ വഞ്ചനാക്കുറ്റത്തിന് ഈ മാസം പരാതി നല്‍കിയിരുന്നു. ഇങ്ങനെ വാടകയിനത്തില്‍ ഒയോ ലക്ഷങ്ങളുടെ കുടിശ്ശിക നല്‍കാനുണ്ടെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

കുറഞ്ഞകാലത്തിനുള്ളില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഒയോ കൈവരിച്ചത്. ദക്ഷിണേഷ്യയില്‍ നിന്നും യുഎസ് വരെ ബിസിനസ് വ്യാപിപ്പിച്ച ഒയോയെക്കുറിച്ച് അടുത്ത നാളുകളില്‍ അത്ര നല്ല വാര്‍ത്തയല്ല വരുന്നത്. ഓഗസ്റ്റില്‍ 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

click me!