എയർ ഇന്ത്യ-വിസ്താര ലയനം യാത്രക്കാരെ ബാധിക്കുമോ? ടിക്കറ്റ് ബുക്ക് ചെയ്തവർ അറിയേണ്ടത്

Published : Nov 07, 2024, 03:54 PM IST
എയർ ഇന്ത്യ-വിസ്താര ലയനം യാത്രക്കാരെ ബാധിക്കുമോ? ടിക്കറ്റ് ബുക്ക് ചെയ്തവർ അറിയേണ്ടത്

Synopsis

ലയനത്തിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി, വിസ്താര വിമാനങ്ങള്‍ ബുക്ക് ചെയ്ത 270,000-ത്തിലധികം ഉപഭോക്താക്കള്‍ ഇതിനകം എയര്‍ ഇന്ത്യയിലേക്ക് മാറിയിട്ടുണ്ട്.

വംബര്‍ 12-ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും ടാറ്റ വിസ്താരയും ഔദ്യോഗികമായി ലയിക്കും. വിസ്താര ടിക്കറ്റുകള്‍ ഇതിനകം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക്, അവരുടെ യാത്രാ പരിപാടികളില്‍ മാറ്റമൊന്നും ഉണ്ടായിരിക്കില്ല. വിസ്താര വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. എന്നാല്‍ അക എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്ലൈറ്റ് കോഡായിരിക്കും അവര്‍ക്ക് ഉണ്ടാവുക. ഉദാഹരണത്തിന്, മുമ്പ് യുകെ 955 എന്നറിയപ്പെട്ടിരുന്ന ഫ്ലൈറ്റ് എഐ 2955 ആയി മാറ്റപ്പെടും. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ ആപ്പിലോ ബുക്ക് ചെയ്യുമ്പോഴോ ചെക്ക് ഇന്‍ ചെയ്യുമ്പോഴോ യാത്രക്കാര്‍ക്ക് ഇത് എളുപ്പത്തില്‍ തിരിച്ചറിയാനാകും. വിസ്താരയുടെ റൂട്ടുകളും ഷെഡ്യൂളുകളും അതേപടി തുടരും

വിമാനക്കമ്പനികളുടെ ലയനം മൂലം തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍, യാത്രക്കാരെ സഹായിക്കുന്നതിനായി എയര്‍ ഇന്ത്യ വിമാനത്താവളങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

1. ഹെല്‍പ്പ് ഡെസ്ക് കിയോസ്കുകള്‍: പ്രധാന ഹബ്ബുകളിലും മെട്രോ സിറ്റി വിമാനത്താവളങ്ങളിലും പ്രത്യേക ഹെല്‍പ്പ് ഡെസ്ക്കുകള്‍ സ്ഥാപിക്കും.
 2. സപ്പോര്‍ട്ട് സ്റ്റാഫ്: ലയനത്തെക്കുറിച്ചോ ഫ്ലൈറ്റുകളെക്കുറിച്ചോ സംശയമുള്ള യാത്രക്കാര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കാന്‍ പ്രത്യേകം ജീവനക്കാരെ നിയമിക്കും
3. ദിശാസൂചകങ്ങള്‍: പഴയ വിസ്താര ടിക്കറ്റുകളുള്ള ഉപഭോക്താക്കളുടെ സഹായത്തിനായി ദിശാ സൂചകങ്ങള്‍ സജ്ജീകരിക്കും
4. എയര്‍പോര്‍ട്ട് അപ്ഡേറ്റുകള്‍: വിസ്താര ചെക്ക്-ഇന്‍ കൗണ്ടറുകളും ടിക്കറ്റിംഗ് ഓഫീസുകളും ക്രമേണ എയര്‍ ഇന്ത്യയുടേതായി മാറും

ലയനത്തിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി, വിസ്താര വിമാനങ്ങള്‍ ബുക്ക് ചെയ്ത 270,000-ത്തിലധികം ഉപഭോക്താക്കള്‍ ഇതിനകം എയര്‍ ഇന്ത്യയിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ, 4.5 ദശലക്ഷത്തിലധികം വിസ്താര ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങളെ എയര്‍ ഇന്ത്യയുടെ ഫ്രീക്വന്‍റ് ഫ്ലയര്‍ പ്രോഗ്രാമിലേക്കും മാറ്റും. ഇത് നിലവിലുള്ള ആനുകൂല്യങ്ങളും പോയിന്‍റുകളും അവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.

ടാറ്റയുടെും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭമാണ് വിസ്താര . ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനകളിലൊന്നായി എയര്‍ഇന്ത്യ മാറും. ഇതോടെ എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.  ടാറ്റയുടേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭം എന്ന നിലയ്ക്ക് വിസ്താര എയര്‍ഇന്ത്യയില്‍ ലയിക്കുന്നതോടെയാണ് ഓഹരി പങ്കാളിത്തത്തിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് അവകാശം ലഭിക്കുന്നത്. ഏതാണ്ട് 2,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ ഓഹരികള്‍. എയര്‍ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ