
കായിക ലോകത്തെ ഏറ്റവും പ്രശസ്തവും വിജയകരവുമായ ബിസിനസ് കൂട്ടുകെട്ടുകളിൽ ഒന്നാണ് ലയണൽ മെസിയും അഡിഡാസും തമ്മിലുള്ളത്. എന്നാൽ, ഇതിന് പിന്നിൽ ഒരു വലിയ കഥയുണ്ട്. അഡിഡാസിന്റെ ഏറ്റവും വലിയ എതിരാളികളായ നൈക്കിയുടെ (Nike) ഒരു ചെറിയ വീഴ്ചയും, അതിനെത്തുടർന്നുണ്ടായ ഒരു വലിയ നിയമപോരാട്ടവുമാണ് മെസിയെ അഡിഡാസിലേക്ക് എത്തിച്ചതെന്നാണ് കഥ. 2022 ൽ വാൾസ്ട്രീറ്റ് ജേണൽ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളിൽ വളരെ വിശദമായി ഇത് പറഞ്ഞിരുന്നു. ട്വിസ്റ്റ് നിറഞ്ഞ ആ കഥയറിയാം…
2001- 2005 കാലഘട്ടത്തിലാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. ബാഴ്സലോണയുടെ 'ലാ മാസിയ' (La Masia) യൂത്ത് അക്കാദമിയിൽ ഉണ്ടായിരുന്ന അക്കാലത്ത് മെസി നൈക്കി ബ്രാൻഡാണ് ഉപയോഗിച്ചിരുന്നത്. ബാഴ്സലോണ ക്ലബ്ബിന്റെ സ്പോൺസർ നൈക്കി ആയിരുന്നതുകൊണ്ട് തന്നെ ഇത് സ്വാഭാവികമായിരുന്നു. 2004ൽ ബാഴ്സലോണയുടെ സീനിയർ ടീമിനായി മെസി അരങ്ങേറ്റം കുറിച്ചതും, തന്റെ കരിയറിലെ ആദ്യത്തെ ചരിത്രപ്രസിദ്ധമായ ഗോൾ നേടിയതുമെല്ലാം നൈക്കി ബൂട്ട് ധരിച്ചുകൊണ്ടായിരുന്നു.
2006 ൽ മെസിയുടെ അച്ഛനും ഏജന്റുമായ ജോർജ്ജ് മെസി, കുറച്ചുകൂടി കായിക സാമഗ്രികളും ട്രാക്ക്സ്യൂട്ടുകളും തന്റെ മകന് വേണമെന്ന് ആവശ്യപ്പെട്ട് നൈക്കിയെ സമീപിച്ചിരുന്നു. എന്നാൽ നൈക്കി ഇതിനോട് കൃത്യസമയത്ത് പ്രതികരിക്കുകയോ സാധനങ്ങൾ എത്തിച്ചുകൊടുക്കുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ. മെസിയുടെ ഭാവി പ്രവചിക്കാൻ നൈക്കിക്ക് സാധിക്കാതെ പോയതും, കുടുംബത്തിന് തോന്നിയ നീരസവും ചരിത്രമേ തിരുത്തിക്കുറിച്ചു.
അഡിഡാസിന്റെ വരവും നിയമപോരാട്ടവും
ഈ അവസരം മുതലെടുത്ത് അഡിഡാസ് മെസിക്ക് മുന്നിലേക്ക് വൻ തുകയുടെ ഒരു കരാർ വെച്ചു. പ്രതിവർഷം ഏകദേശം 400,000 പൗണ്ട് (5,00,000 ഡോളർ) ലഭിക്കുന്ന 5 വർഷത്തെ കരാറാണ് അഡിഡാസ് വാഗ്ദാനം ചെയ്തത്. ഇത് നൈക്കി നൽകിയിരുന്ന തുകയേക്കാൾ വളരെ കൂടുതലായിരുന്നു. ഇതോടെ, 2006 ഫെബ്രുവരിയിൽ മെസി ഔദ്യോഗികമായി അഡിഡാസുമായി കരാറിലൊപ്പിട്ടു. ഇതിൽ പ്രകോപിതരായ നൈക്കി, തങ്ങളുമായി മെസിക്ക് നിലവിൽ കരാറുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചു. എന്നാൽ, നൈക്കിയുടെ കയ്യിലുള്ളത് വെറുമൊരു 'സമ്മതപത്രം' മാത്രമാണെന്നും നിയമപരമായി നിലനിൽക്കുന്ന കരാറല്ലെന്നും കണ്ടെത്തിയ സ്പാനിഷ് കോടതി മെസിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചു.
ബ്രാൻഡിന്റെ മുഖമായി മാറിയ മെസി
താരം അഡിഡാസിന്റെ ഭാഗമായതോടെ, കമ്പനി തങ്ങളുടെ ബ്രാൻഡിന്റെ പ്രധാന മുഖമായി മെസിയെ മാറ്റി. 2013 ൽ ഡേവിഡ് ബെക്കാമിന് ശേഷം ആദ്യമായി ഒരു ഫുട്ബോൾ താരത്തിന് മാത്രമായി സ്വന്തം ബൂട്ട് ലൈനും പ്രത്യേക ലോഗോയും നൽകി മെസിയെ ആദരിച്ചു. 2017ൽ ഈ ബന്ധം എന്നെന്നേക്കുമായി നിലനിർത്താൻ അഡിഡാസ് മെസിയുമായി (Lifetime Contract)ൽ ഒപ്പുവെച്ചു. ഇത് ഏകദേശം 1 ബില്യൺ ഡോളറിലധികം മൂല്യമുള്ളതാണെന്ന് പറയപ്പെടുന്നു.
വൻ വിജയം കൊയ്ത അഡിഡാസ്
ഈ കൂട്ടുകെട്ട് അഡിഡാസിന് നൽകിയ ലാഭം ചെറുതല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മെസിയിലൂടെ അഡിഡാസിന്റെ വിപണി മൂല്യം മൂന്നിരട്ടിയോളമാണ് വർദ്ധിച്ചത്. 2022-ൽ ഖത്തർ ലോകകപ്പിൽ അഡിഡാസിന്റെ സ്വർണ നിറത്തിലുള്ള ബൂട്ട് ധരിച്ച് മെസി കിരീടമുയർത്തിയതും, പിന്നീട് ഇന്റർ മിയാമിയിലേക്ക് മാറിയപ്പോൾ അദ്ദേഹത്തിന്റെ പിങ്ക് ജേഴ്സിക്കായി ലോകമെമ്പാടും ഉണ്ടായ വൻ ഡിമാൻഡും ഈ കൂട്ടുകെട്ടിന്റെ ചരിത്ര വിജയത്തെ അടിവരയിടുന്നു.