
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനുള്ള അവകാശം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ഒരു പ്രധാന ആനുകൂല്യമാണ്. ഇതിനെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോര്‍ട്ടിംഗ് എന്ന് പറയുന്നു. നിങ്ങളുടെ ഇതുവരെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ തന്നെ ഈ മാറ്റം സാധ്യമാകും. വ്യക്തികളുടെ ആരോഗ്യ ആവശ്യങ്ങളും സാമ്പത്തിക മുന്‍ഗണനകളും മാറുന്നതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനും, ഇന്‍ഷുറര്‍മാരെ മാറ്റുന്നതിലൂടെ യാതൊരു നഷ്ടവും വരാതിരിക്കാനും ഇത് സഹായിക്കുന്നു.
എപ്പോഴാണ് പോളിസി പോര്‍ട്ട് ചെയ്യേണ്ടത്? എങ്ങനെ ചെയ്യാം? ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോര്‍ട്ടിംഗ് ഒരു ഓട്ടോമാറ്റിക് പ്രക്രിയയല്ല. നിങ്ങളുടെ നിലവിലെ പ്ലാനിന്റെ പുതുക്കല്‍ തീയതിക്ക് 45 ദിവസം മുമ്പെങ്കിലും ഇതിനുള്ള നടപടികള്‍ ആരംഭിക്കണം. അതുകൊണ്ട്, നിങ്ങളുടെ പോളിസി ജൂലൈയില്‍ പുതുക്കേണ്ടതാണെങ്കില്‍, ഇപ്പോള്‍ തന്നെ ഈ പ്രക്രിയ തുടങ്ങാന്‍ പറ്റിയ സമയമാണ്.
മറ്റ് ഇന്‍ഷുറര്‍മാരുടെ പ്ലാനുകള്‍ താരതമ്യം ചെയ്തുകൊണ്ട് തുടങ്ങുക. റൂം റെന്റ് കവറേജ്, പ്രമേഹം പോലുള്ള നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാം.
ഒരിക്കല്‍ അനുയോജ്യമായ പ്ലാന്‍ കണ്ടെത്തി കഴിഞ്ഞാല്‍, നിങ്ങള്‍ മാറാന്‍ ഉദ്ദേശിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്ക് ഒരു പോര്‍ട്ടബിലിറ്റി റിക്വസ്റ്റ് ഫോമും പുതിയ പ്രൊപ്പോസല്‍ ഫോമും പൂരിപ്പിച്ച് നല്‍കണം. പ്രമേഹം പോലുള്ള എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും, നിലവിലെ പോളിസിയില്‍ മുന്‍പ് നടത്തിയിട്ടുള്ള ക്ലെയിമുകളും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ഈ ഘട്ടത്തില്‍ കൃത്യമായി വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും വിവരങ്ങള്‍ വിട്ടുപോകുകയോ തെറ്റായി നല്‍കുകയോ ചെയ്താല്‍ അപേക്ഷ നിരസിക്കപ്പെടുകയോ ഭാവിയില്‍ ക്ലെയിമുകള്‍ക്ക് തടസ്സം വരികയോ ചെയ്യാം.
പുതിയ ഇന്‍ഷുറര്‍ നിങ്ങളുടെ അപേക്ഷ പരിശോധിച്ച് മെഡിക്കല്‍ ടെസ്റ്റുകള്‍ ആവശ്യപ്പെട്ടേക്കാം. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ അല്ലെങ്കില്‍ ചില മാറ്റങ്ങളോടെ അംഗീകരിക്കുകയോ ചെയ്യാം. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, നിങ്ങളുടെ പുതിയ പോളിസിയിലേക്ക് നിലവിലുള്ള വെയിറ്റിംഗ് പീരിയഡുകളും കണ്ടിന്യൂവിറ്റി ആനുകൂല്യങ്ങളും മാറ്റാന്‍ സാധിക്കും.
പോര്‍ട്ടിംഗ് വഴി പോളിസി ഉടമകള്‍ക്ക് തങ്ങള്‍ ഇതിനകം നേടിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ ഇന്‍ഷുറന്‍സ് കവറേജ് മാറ്റാന്‍ സാധിക്കുന്നു. നിലവിലെ പ്ലാനില്‍ അതൃപ്തരായവര്‍ക്കും കൂടുതല്‍ വിപുലമായ ആരോഗ്യ സംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്കും ഇത് വളരെ പ്രയോജനകരമാണ്.