
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍, പരമ്പരാഗത രാജ്യങ്ങള്‍ക്ക് പുറമെ ജര്‍മ്മനി, റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നു. ഇന്ത്യയുടെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ കണക്കനുസരിച്ച്, 2024-ല്‍ ഏകദേശം 7.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയത്. കണക്കുകള്‍ പ്രകാരം, അമേരിക്ക ഇപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റവും ഇഷ്ടപ്പെട്ട പഠനകേന്ദ്രമായി തുടരുന്നു. കഴിഞ്ഞ വര്‍ഷം 2.04 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലേക്ക് പോയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെങ്കിലും, 2023-നെ അപേക്ഷിച്ച് ഇത് 13% കുറവാണ്. യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും 2024-ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായി.
കാനഡയില്‍, പുതിയ പഠനാനുമതികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 8% കുറവുണ്ടായി, 3.93 ലക്ഷമായി. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് യുകെയില്‍ 4% കുറവ് രേഖപ്പെടുത്തി. അതേസമയം, ഓസ്ട്രേലിയയില്‍ 1.39 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെത്തി, ഇത് 11% വര്‍ദ്ധനവാണ്. എന്നിരുന്നാലും, ഉയര്‍ന്ന വിസ ഫീസ്, കര്‍ശനമായ ഭാഷാ ആവശ്യകതകള്‍ തുടങ്ങിയ നയങ്ങള്‍ ചില അപേക്ഷകരെ ഭാവിയില്‍ പിന്തിരിപ്പിച്ചേക്കാം.
ജര്‍മ്മനി, റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയ്ക്ക് പ്രചാരമേറുന്നു പരമ്പരാഗത രാജ്യങ്ങള്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍, ജര്‍മ്മനി, റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ചയാണ് കണ്ടുവരുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, 2024-ല്‍ ഏകദേശം 35,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയെ തങ്ങളുടെ പഠനകേന്ദ്രമായി തിരഞ്ഞെടുത്തു. ഇത് 2019-ല്‍ ജര്‍മ്മനി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ ഏകദേശം ഇരട്ടിയാണ്. കുറഞ്ഞ ചെലവിലുള്ള പ്രോഗ്രാമുകളും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട യോഗ്യതകളും ജര്‍മ്മനിയെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാക്കുന്നു.
റഷ്യയിലേക്കും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്. 2024-ല്‍ ഏകദേശം 31,400 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയിലേക്ക് പോയി, ഇത് 2019-ലെ എണ്ണത്തിന്റെ ഏകദേശം ഇരട്ടിയാണ്. മികച്ച മെഡിക്കല്‍ ബിരുദങ്ങളും കുറഞ്ഞ ട്യൂഷന്‍ ഫീസും വിദ്യാര്‍ത്ഥികളെ റഷ്യയിലേക്ക് ആകര്‍ഷിക്കിക്കുന്നു. ഈ പട്ടികയില്‍ ഏറ്റവും അപ്രതീക്ഷിതമായി എത്തിയ രാജ്യമാണ് ഉസ്‌ബെക്കിസ്ഥാന്‍ . 2019-ല്‍ വെറും 300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉസ്‌ബെക്കിസ്ഥാനിലേക്ക് പോയത്. 2024-ല്‍ ഇത് ഏകദേശം 10,000 വിദ്യാര്‍ത്ഥികളായി ഉയര്‍ന്നു. ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന കോഴ്‌സുകളും കുറഞ്ഞ ചെലവിലുള്ള മെഡിക്കല്‍ ബിരുദങ്ങളും കാരണം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉസ്‌ബെക്കിസ്ഥാന്‍ തിരഞ്ഞെടുക്കുന്നു.