
ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ അതിവേഗം മുന്നേറുമ്പോള്‍, ധനകാര്യ- നിക്ഷേപ മേഖലകളില്‍ എഐ ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ ലോകത്തിന് തന്നെ മാതൃകയാകുന്നു. പ്രമുഖ ആഗോള ബാങ്കായ എച്ച്എസ്ബിസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ ഉയര്‍ന്ന ആസ്തിയുള്ളവരില്‍ 86 ശതമാനം പേരും തങ്ങളുടെ നിക്ഷേപ കാര്യങ്ങള്‍ക്കായി എഐ സാങ്കേതികവിദ്യയുടെ സഹായം തേടുന്നുണ്ട്. എന്നാല്‍ സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും അന്തിമ തീരുമാനങ്ങള്‍ക്കായി ഇവര്‍ ഇപ്പോഴും ആശ്രയിക്കുന്നത് തങ്ങള്‍ക്കേറെ വിശ്വാസമുള്ള പ്രൊഫഷണല്‍ ഉപദേശകരെയും മനുഷ്യന്റെ ബുദ്ധിയേയുമാണ്.
ആഗോളതലത്തിലെ 10 പ്രമുഖ വിപണികളില്‍ നിന്നായി ഏകദേശം 10,000 സമ്പന്നരായ വ്യക്തികളിലാണ് ഈ സര്‍വേ നടത്തിയത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള 1,115 പേരും ഉള്‍പ്പെടുന്നു. നിക്ഷേപകര്‍ തങ്ങളുടെ ദൈനംദിന സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എഐയെ ഒരു പ്രധാന മാര്‍ഗമായി ഉപയോഗിക്കുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു.
ജീവിതത്തില്‍ എഐ ഉപയോഗിക്കുന്ന വിവിധ മേഖലകളില്‍ ഭൂരിഭാഗം ഇന്ത്യന്‍ നിക്ഷേപകരും (86%) ഇത് പ്രയോജനപ്പെടുത്തുന്നത് സാമ്പത്തിക-നിക്ഷേപ കാര്യങ്ങള്‍ക്കാണ്. സര്‍വേയില്‍ പങ്കെടുത്ത മറ്റ് വിപണികളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോകത്തിലെ ശരാശരി എഐ ഉപയോഗം 73 ശതമാനമാണെന്നിരിക്കെയാണ് ഇന്ത്യ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.
പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും തങ്ങളുടെ തീരുമാനങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനുമാണ് ഇവര്‍ പ്രധാനമായും എഐ ഉപയോഗിക്കുന്നത്. എഐയുടെ ഉപയോഗം വളരെ കൂടുതലാണെങ്കിലും, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എഐയേക്കാള്‍ കൂടുതല്‍ സ്വാധീനം പ്രൊഫഷണല്‍ ഉപദേശകര്‍ക്കാണെന്നത് ശ്രദ്ധേയമാണ്. എഐ പ്രൊഫഷണല്‍ ഉപദേശങ്ങള്‍ക്ക് പകരമാകുന്നില്ല, മറിച്ച് തീരുമാനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. വേഗത്തിലുള്ള വിശകലനങ്ങള്‍ക്ക് എഐയെ ഉപയോഗിക്കുമ്പോള്‍, വ്യക്തിപരമായ സഹായങ്ങള്‍ മനുഷ്യരായ ഉപദേശകര്‍ നല്‍കുന്നു.
ഇന്ത്യന്‍ നിക്ഷേപകര്‍ ധനകാര്യ മേഖലയില്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് എഐയുടെ സഹായം തേടുന്നത്:
വിശകലനവും ഗവേഷണവും: 80%
നിക്ഷേപ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ : 70%
തങ്ങളുടെ ചിന്തകള്‍ ശരിയാണോ എന്ന് രണ്ടാമതൊന്ന് പരിശോധിക്കാന്‍ : 32%
എഐ ഉപയോഗിക്കുന്നത് വഴി സാമ്പത്തിക ഉപദേശകരുമായി സംസാരിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം (36%) ലഭിക്കുന്നു. കൂടാതെ, വ്യത്യസ്ത നിക്ഷേപ സാധ്യതകള്‍ ഫലപ്രദമായി താരതമ്യം ചെയ്യാനും (32%), വിപണിയിലെ ട്രെന്‍ഡുകളും സാമ്പത്തിക വിവരങ്ങളും ആഴത്തില്‍ മനസ്സിലാക്കാനും (32%) ഇത് സഹായിക്കുന്നുവെന്നും റിപ്പോർർട്ടിൽ പറയുന്നു. എഐ സാങ്കേതികവിദ്യ നിക്ഷേപകര്‍ക്ക് കരുത്ത് പകരുമ്പോഴും പരസ്പര വിശ്വാസത്തിന് അത് പകരമാകുന്നില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍, ഇന്ത്യന്‍ സമ്പന്നര്‍ എഐയെ തങ്ങളുടെ നിക്ഷേപ യാത്രയിലെ ഒരു ശക്തനായ 'കോ-പൈലറ്റ്' ആയിട്ടാണ് കാണുന്നത്.