KSEB : ഒരുമാസത്തിനിടെ ഇടുക്കി ഡാം തുറന്നത് മൂന്ന് തവണ; കെഎസ്ഇബിക്ക് നഷ്ടം 50 കോടി

By Web TeamFirst Published Dec 3, 2021, 3:47 PM IST
Highlights

2018 ൽ ഡാം തുറന്നപ്പോൾ 800 കോടിയുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്. അതിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും തിരിച്ചടി.

ഇടുക്കി: ഇടുക്കി ഡാം (Idukki dam) തുറന്നതിലൂടെ കെഎസ്ഇബിക്ക് (kseb) ഇത്തവണയുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. 97 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവുന്ന വെള്ളമാണ് ഒഴുക്കിവിട്ടത്. ഒരുമാസത്തിനിടെ മൂന്ന് തവണയാണ് ഇത്തവണ ഇടുക്കി ഡാം തുറന്നത്. ഒക്ടോബര്‍ 19 നാണ് ആദ്യം ഡാം തുറന്നത്. 27 ന് ഡാം അടച്ചപ്പോഴേക്കും 46.29 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകിപ്പോയി. ഇതുകൊണ്ട് 68.5 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ പറ്റും. നവംബര്‍ 14 നായിരുന്നു അടുത്ത തുറക്കൽ. 

16 ന് രാത്രി ഷട്ടര്‍ അടച്ചപ്പോഴേക്കും 12.6 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിക്കാൻ പറ്റുന്ന എട്ട് മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. രണ്ട് ദിവസത്തിനകം വീണ്ടും ഡാം തുറന്നു. 18 മുതൽ 20 വരെയുളള ഈ തുറക്കലിൽ 16.45 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ പറ്റുന്ന വെള്ളം നഷ്ടമായി. ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ച് രൂപവച്ച് കണക്കാക്കിയാൽ ആദ്യ തവണ 35.8 കോടിയുടേയും രണ്ടാം തവണ 6.3 കോടിയുടെയും മൂന്നാം തവണ 8.22 കോടിയുടെയും നഷ്ടം സംഭവിച്ചു. 2018 ൽ ഡാം തുറന്നപ്പോൾ 800 കോടിയുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്. അതിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും തിരിച്ചടി.


 

tags
click me!