
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്ന കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും നല്‍കുക. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുമ്പോള്‍, വിദേശത്ത് നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള ചെലവ് ഉയരും. എങ്കിലും നിലവിലെ സാഹചര്യത്തില്‍, രാജ്യത്തെ വിലക്കയറ്റം നിയന്ത്രണത്തിലായതും ആഗോള തലത്തില്‍ ചരക്കുകളുടെ വില താരതമ്യേന കുറഞ്ഞിരിക്കുന്നതും താല്‍കാലിക ആശ്വാസമാണ്.
ഇറക്കുമതിയെ ആശ്രയിക്കുന്ന ചില പ്രധാന മേഖലകളില്‍ ഉല്‍പാദനച്ചെലവ് കുത്തനെ ഉയരും
അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും : ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതി പൂര്‍ണമായും ഡോളര്‍ അധിഷ്ഠിതമായതിനാല്‍, രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇവ ഇറക്കുമതി ചെയ്യാനുള്ള ചെലവ് വര്‍ധിക്കും.
എണ്ണ, വളം : ഭക്ഷ്യ എണ്ണകള്‍, രാസവളങ്ങള്‍ എന്നിവ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇവയുടെ ഇറക്കുമതിച്ചെലവ് വര്‍ധിക്കുകയും അത് സര്‍ക്കാരിന്റെ സബ്‌സിഡി ബാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
എഫ്.എം.സി.ജി.: സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ രൂപയുടെ ഇടിവ് ബാധിക്കും. ഇവയുടെ അസംസ്‌കൃത വസ്തുക്കളുടെ 20 മുതല്‍ 30 ശതമാനം വരെ പാം ഓയില്‍, ക്രൂഡ് ഓയിലിന്റെ ഉപോല്‍പ്പന്നങ്ങള്‍ എന്നിവയാണ്. ഇവ ഇറക്കുമതി ചെയ്യുന്നവയാണ്. ഇതോടെ ഉല്‍പാദനച്ചെലവ് 5-7% വരെ കൂടാന്‍ സാധ്യതയുണ്ട്.
വിമാനക്കമ്പനികള്‍ : വിമാന ഇന്ധനം, എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍, വിമാനം പാട്ടത്തിനെടുക്കുന്നതിനുള്ള വാടക എന്നിവയെല്ലാം ഡോളറിലാണ് നല്‍കുന്നത്. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഈ ചെലവുകള്‍ കുത്തനെ വര്‍ധിക്കുകയും ലാഭം കുറയുകയും ചെയ്യും.
രൂപയുടെ മൂല്യം ഇടിയുന്നത് ചില ആഭ്യന്തര ഉല്‍പാദകര്‍ക്ക് അനുകൂലമായേക്കാം
ഒ.എന്‍.ജി.സി., ഓയില്‍ ഇന്ത്യ: ആഭ്യന്തരമായി ക്രൂഡ് ഓയില്‍ ഉല്‍പാദിപ്പിക്കുന്ന ഒ.എന്‍.ജി.സി., ഓയില്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്ക് രൂപയുടെ ഇടിവ് ലാഭകരമാകും. കാരണം, ഇവയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയിലെ വിലയാണ് ലഭിക്കുക.
റിഫൈനറികള്‍: എണ്ണ ശുദ്ധീകരണശാലകള്‍ക്ക് അവരുടെ ലാഭത്തിന്റെ ഒരു ഭാഗം ഡോളറുമായി ബന്ധിപ്പിച്ചതിനാല്‍ രൂപയുടെ ഇടിവ് ഒരു പരിധി വരെ മറികടക്കാന്‍ കഴിഞ്ഞേക്കും.
പല മേഖലകളിലും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. ഭക്ഷ്യ എണ്ണകള്‍, കല്‍ക്കരി എന്നിവയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ എടുക്കുന്നുണ്ട്. ഇതിന്റെ ഫലം കണ്ടു തുടങ്ങിയിട്ടുമുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ച മൂലമുള്ള ചെലവ് വര്‍ധനവ് മറികടക്കാന്‍ പല എഫ്.എം.സി.ജി. കമ്പനികളും ഇപ്പോള്‍ യൂറോപ്യന്‍, യു.എസ്. വിപണികളിലേക്ക് തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ പോലുള്ളവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.