
ബെംഗളൂരു: ലോക്ക്ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഐഎംപിഎസ് (ഇമ്മിഡിയേറ്റ് പേയ്മെന്റ് സിസ്റ്റം) ഇടപാടുകളിൽ വ്യക്തം. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഇടപാടുകളുടെ എണ്ണത്തിന്റെ പാതിയിലും താഴെ ഇടപാടുകൾ മാത്രമാണ് ഏപ്രിലിൽ നടന്നത്.
ഏപ്രിലിൽ മാസം 12.2 കോടി ഇടപാടുകളാണ് റിപ്പോർട്ട് ചെയ്തത്. 24.7 കോടി ഇടപാടുകളാണ് ഫെബ്രുവരി മാസത്തിൽ നടന്നത്. യുപിഐ ഇടപാടുകളിലും ഇടിവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയിൽ 132 കോടി ഇടപാടുകൾ നടന്നപ്പോൾ ഏപ്രിലിൽ ഇത് 100 കോടിയിൽ താഴെയാണ്.
അതിഥി തൊഴിലാളികൾ പണമിടപാടുകൾ നടത്തിയതിലുണ്ടായ കുറവാണ് ഐഎംപിഎസ് ഇടപാടുകളിൽ ഇടിവുണ്ടാകാൻ കാരണമെന്ന് കരുതുന്നു. ചെറുകിട കച്ചവട സ്ഥാപനങ്ങളാണ് ഐഎംപിഎസ് പ്ലാറ്റ്ഫോം ധാരാളമായി ഉപയോഗിച്ചതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്ഥാപനങ്ങളും അടച്ചതാണ് ഇടപാടുകൾ കുറയാൻ കാരണം.
ഏപ്രിൽ മാസത്തിലെ ഐഎംപിഎസ് ഇടപാടുകൾ പത്ത് മാസത്തെ ഏറ്റവും കുറഞ്ഞ തുകയായിരുന്നു, 1.51 ലക്ഷം കോടി. ഇ-കൊമേഴ്സ് പർചേസ്, സിനിമ ടിക്കറ്റ്, വിമാന ടിക്കറ്റ് തുടങ്ങിയവയിലുണ്ടായ കുറവാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.