സമ്മാനം കിട്ടിയ സാധനങ്ങൾ ഇമ്രാൻ ഖാൻ രഹസ്യമായി വിറ്റു; നാണംകെട്ട് പാക്കിസ്ഥാൻ

By Web TeamFirst Published Oct 22, 2021, 11:01 AM IST
Highlights

ഗൾഫിലെ രാജകുമാരനാണ് ഇമ്രാൻ ഖാന് പത്ത് ലക്ഷം ഡോളർ വിലയുള്ള വാച്ച് നൽകിയത്. ഇത് ബന്ധുവഴി ദുബൈയിൽ ഖാൻ വിറ്റെന്നാണ് ആരോപണം

ഇസ്ലാമാബാദ്: മറ്റ് രാജ്യങ്ങളിലെ നേതാക്കൾ നൽകിയ സമ്മാനങ്ങൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിറ്റതായി ആരോപണം. 10 ലക്ഷം ഡോളർ വില വരുന്ന വാച്ചടക്കം വിറ്റതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാന് വൻ നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവം.

പാക്കിസ്ഥാൻ മുസ്ലിം ലീഗ് (എൻ) വൈസ് പ്രസിഡന്റ് മറിയം നവാസ് ഉർദുവിൽ ട്വീറ്റ് ചെയ്തതോടെയാണ് ഈ വിവാദം ഉയർന്നത്. ഇതര രാജ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രിക്ക് കിട്ടുന്ന സമ്മാനങ്ങളെല്ലാം രാജ്യത്തിന്റെ സ്വത്തായാണ് നിയമപ്രകാരം കണക്കാക്കുന്നത്. ഇത് പൊതു ലേലത്തിൽ കൂടിയല്ലാതെ വിൽക്കാനാവില്ല.

എന്നാൽ 10000 രൂപയിൽ കൂടുതൽ വിലമതിക്കാത്ത സമ്മാനങ്ങൾ പ്രധാനമന്ത്രിയടക്കമുള്ളവർക്ക് കൈവശം വെക്കാവുന്നതാണ്. ഇതിന് പണം കൊടുക്കേണ്ടതുമില്ല. ഗൾഫിലെ രാജകുമാരനാണ് ഇമ്രാൻ ഖാന് പത്ത് ലക്ഷം ഡോളർ വിലയുള്ള വാച്ച് നൽകിയത്. ഇത് ബന്ധുവഴി ദുബൈയിൽ ഖാൻ വിറ്റെന്നാണ് ആരോപണം. ഇക്കാര്യം വാച്ച് സമ്മാനിച്ച ഗൾഫിലെ രാജകുമാരനും അറിഞ്ഞതായാണ് വിവരം.

മറ്റ് രാജ്യങ്ങളിൽ നിന്ന് കിട്ടിയ സമ്മാനങ്ങളുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞ മാസം പാക്കിസ്ഥാൻ ഭരണകൂടം നിലപാടെടുത്തിരുന്നു. ഇത് ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് സർക്കാർ വ്യക്തമാക്കിയത്. ഇപ്പോഴുയരുന്ന വിവാദങ്ങൾക്ക് ബലം നൽകുന്നത് കൂടിയാണ് ഈ നിലപാട്.

click me!