അരി വില കുതിക്കുന്നു; ജയയ്ക്കും ജ്യോതിക്കും 10 രൂപ കൂടി, മട്ടയ്ക്ക് കൂടിയത് 6 രൂപയോളം

Published : Aug 20, 2022, 11:07 AM ISTUpdated : Aug 20, 2022, 11:21 AM IST
അരി വില കുതിക്കുന്നു; ജയയ്ക്കും ജ്യോതിക്കും 10 രൂപ കൂടി, മട്ടയ്ക്ക് കൂടിയത് 6 രൂപയോളം

Synopsis

ആന്ധ്രാപ്രദേശിൽ നിന്നും തമിഴ‍്‍നാട്ടിൽ നിന്നും അരി വരവ് കുറഞ്ഞിട്ടുണ്ട്. ആന്ധ്രയിൽ  സർക്കാർ ന്യായ വിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് കേരളത്തെ നല്ല രീതിയിൽ ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിക്കുന്നു. പൊന്നി ഒഴിച്ചുള്ള എല്ലാ ഇനങ്ങൾക്കും വില കൂടി. രണ്ട് മാസത്തിനിടെ അരി വിലയിൽ 10 രൂപയുടെ വരെ വ‌ർധനയാണ് ഉണ്ടായിരിക്കുന്നത്. ആവശ്യക്കാരേറെ ഉള്ള  ജയ അരിക്കും ജ്യോതി അരിക്കും 10 രൂപ കൂടി. സുരേഖ, സോൺ മസൂരി ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഉണ്ട മട്ടയ്ക്ക് ആറ് രൂപയോളമാണ് വ‌ർധിച്ചത്. മട്ട (വടി) അരിയുടെ വില മിക്ക ജില്ലകളിലും 50 രൂപ കടന്നു. ബ്രാൻഡഡ് മട്ട (വടി) അരിയുടെ വില 59 രൂപയ്ക്കും മുകളിലാണ്. മട്ട (ഉണ്ട) അരി വില 46 രൂപയും ബ്രാൻഡഡ് മട്ട (ഉണ്ട) 48 രൂപയും കടന്നു. കുറുവ, സുരേഖ അരിയിനങ്ങൾക്കും വില കുതിച്ചുകയറി. അരി വില കൂടിയതോടെ ഉപോൽപ്പന്നങ്ങളായ അവൽ, പച്ചരി, അരിപ്പൊടികൾ, അരച്ച മാവ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.

അരി വരവ് കുറ‍‍ഞ്ഞത് തിരിച്ചടി

അയൽ സംസ്ഥാനങ്ങളിൽ അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണം. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ‍്‍നാട്ടിൽ നിന്നും അരി വരവ് കുറഞ്ഞിട്ടുണ്ട്. ആന്ധ്രയിൽ  സർക്കാർ ന്യായ വിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് കേരളത്തെ നല്ല രീതിയിൽ ബാധിച്ചു. കേരളത്തിലെ വ്യാപാരികൾക്ക് അരി നൽകിയിരുന്ന ആന്ധ്രയിലെ കർഷകർ മല്ല വില കിട്ടിയതോടെ സർക്കാരിന് അരി കൈമാറുന്ന നില വന്നു. ശ്രീലങ്കയിലേക്ക് അരി ആവശ്യം കൂടിയതോടെ തമിഴ്നാട്ടിലെ മില്ലുകൾ കൂടുതൽ അരി അങ്ങോട്ടേക്ക് നൽകി തുടങ്ങിയതും തിരിച്ചടിയായി. ലങ്കയിൽ നിന്ന് നല്ല വില അരിക്ക് ലഭിക്കുന്നുണ്ട്. 

വിപണിയിൽ ഇടപെടുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രി

അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നിൽക്കണ്ട് കേരളത്തിലെ വ്യാപാരികൾ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അതേസമയം വിലക്കയറ്റം തടയാൻ ആവശ്യമായ ഇടപടെൽ സർക്കാർ വിപണിയിൽ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വിൽപ്പന നടത്താൻ ആവശ്യത്തിന് അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 700 ലോഡ് അരി ആന്ധ്രയിൽ നിന്ന് സപ്ലെകോയിൽ ഉടൻ എത്തുന്നതോടെ നിലവിലെ വില കുറയാൻ സാദ്ധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 
 

ഓണക്കിറ്റ് വിതരണം ഈ മാസം 23 മുതൽ സെപ്റ്റംബർ 7 വരെ, ഓണശേഷം കിറ്റ് വിതരണമില്ല

ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും . തിങ്കളാഴ്ച ഉദ്ഘാടനം സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാർഡ് ഉളളവർക്കാണ് കിറ്റ് നൽകുക. വ്യാഴം,വെള്ളി ,ശനി ദിവസങ്ങളിൽ പിങ്ക് കാർഡ് ഉള്ളവർക്ക്. 29 മുതൽ 31 വരെ  നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1 മുതൽ 3 വരെ  വെള്ള കാർഡ് ഉള്ളവർക്കും കിറ്റ് നൽകും. ഈ നിശ്ചിത ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്കായി നാലാം തിയതി മുതൽ 7ാം തിയതി വരെ സൌകര്യം ഒരുക്കിയിട്ടുണ്ട്. ഓണ ശേഷം കിറ്റ് വിതരണമില്ല. 

PREV
Read more Articles on
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി