പിടിച്ച് കെട്ടാനാകാതെ ഗോതമ്പിന്‍റെ ആഭ്യന്തര വിപണി; കയറ്റുമതി നിരോധിച്ച് ഇന്ത്യ

By Web TeamFirst Published May 14, 2022, 11:29 AM IST
Highlights

ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ തല്‍ക്കാലത്തേക്കുള്ള കയറ്റുമതി നിരോധനം.

ദില്ലി : രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതി (wheat export) നിരോധിച്ചതായി കേന്ദ്രസർക്കാർ. എന്നാൽ ഇതിനകം കരാർ നൽകിയ കയറ്റുമതികൾക്ക് ഇത് ബാധകമായിരിക്കില്ല. ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ തല്‍ക്കാലത്തേക്കുള്ള കയറ്റുമതി നിരോധനം. എന്നാൽ മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ അതാത് സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.

Read Also : ഗോതമ്പ് വില കുതിക്കുന്നു; ബ്രെഡ്, ബിസ്‌ക്കറ്റ്, റൊട്ടി എന്നിവയ്ക്ക് വില കൂടുമോ?

റഷ്യ-യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. കൂടാതെ തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കാന്‍ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്. 

Read Also: പണപ്പെരുപ്പം; വില കൂട്ടുന്നത് ഒഴിവാക്കാന്‍ തൂക്കം കുറച്ച് ഈ കമ്പനികള്‍

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയിൽ കഴിഞ്ഞ മാസം ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. ഗോതമ്പിന്റെ വില കുതിച്ചുയർന്നിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇനിയും കയറ്റുമതി തുടർന്നാൽ ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിടേണ്ടി വരുമെന്ന് വിമർശനം ഉയർന്നിരുന്നു. 

click me!