Asianet News MalayalamAsianet News Malayalam

ഗോതമ്പ് വില കുതിക്കുന്നു; ബ്രെഡ്, ബിസ്‌ക്കറ്റ്, റൊട്ടി എന്നിവയ്ക്ക് വില കൂടുമോ?

ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ ഈ വർഷം 100 ശതമാനം ഗോതമ്പും വിപണിയിൽ നിന്ന് വാങ്ങേണ്ടിവരും.

Breads Biscuits Rotis May Get Costlier As Flour Prices High
Author
Trivandrum, First Published May 9, 2022, 4:25 PM IST

ഗോതമ്പ് പൊടിയുടെ (wheat flour) ഉയർന്ന വിലയും നടപ്പുവർഷത്തെ ഗോതമ്പിന്റെ ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (open market sale scheme) ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലും അടുത്ത മാസം മുതൽ ബ്രെഡ്(Bread), ബിസ്‌ക്കറ്റ്(Biscuit), റൊട്ടി (Roti) എന്നിവയ്‌ക്ക് വില ഉയരാൻ സാധ്യത. കാലങ്ങളായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (Food Corporation of India) ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീമിന് (open market sale scheme) കീഴിൽ ഗോതമ്പ് വിൽക്കുന്നു. ഇതിലൂടെ ഉത്പാദനം കുറഞ്ഞ സീസണിൽ പോലും ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്താൻ സർക്കാരിന് കഴിയാറുണ്ട്. 

സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പുകൾ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന് ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം ഗോതമ്പ് പൊടിയുടെ വില കിലോയ്ക്ക് 32.78 രൂപയായിരുന്നു, ഒരു വർഷം മുമ്പുള്ള വിലയേക്കാൾ 9.15 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 30.03 രൂപയായിരുന്നു. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറ വിൽപന വില മുംബൈയിലാണ് ഏറ്റവും ഉയർന്നത്. 2021-22 കാലയളവിൽ ഗോതമ്പ് സംസ്കരണ വ്യവസായം സർക്കാരിൽ നിന്ന് ഏഴ് ദശലക്ഷം ടൺ ഭക്ഷ്യധാന്യമാണ് സംഭരിച്ചത്. ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ ഈ വർഷം 100 ശതമാനം ഗോതമ്പും വിപണിയിൽ നിന്ന് വാങ്ങേണ്ടിവരും.

സർക്കാർ മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്നതിനെയാണ് ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതുപ്രകാരം കമ്മി സീസണിൽ ധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താനും കമ്മിയുള്ള പ്രദേശങ്ങളിൽ മിതമായ രീതിയിൽ വില നിലനിർത്താനും സാധിക്കുന്നു. 

അതേസമയം, ഇന്തോനേഷ്യയുടെ പാമോയിൽ കയറ്റുമതി നിരോധനം മൂലം സോപ്പുകൾ, ഷാംപൂ, ബിസ്‌ക്കറ്റ്, നൂഡിൽസ് എന്നിവ വിലക്കയറ്റ സമ്മർദ്ദം നേരിടുകയാണ്. സോപ്പ്, ഷാംപൂ, നൂഡിൽസ്, ബിസ്‌ക്കറ്റ് എന്നിവ മുതൽ ചോക്ലേറ്റുകൾ വരെയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പാമോയിൽ അവശ്യ വസ്തുവാണ്. പാമോയിൽ വില വര്‍ധനവ് ഈ ഉത്പന്നങ്ങളുടെ നിര്‍മ്മാണ ചെലവ് ഉയത്താന്‍ കാരണമാക്കും. അതുവഴി വിലയും വർദ്ധിപ്പിക്കും.

ലോകത്ത് ഏറ്റവും കൂടുതൽ  ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിൽതന്നെ പാം ഓയിലും സോയാബീൻ ഓയിലും ആണ് ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പ്രതിവർഷം 13.5 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ 8 മുതൽ 8.5 ദശലക്ഷം ടൺ (ഏകദേശം 63 ശതമാനം) പാം ഓയിൽ ആണ്. ഇപ്പോൾ, ഏകദേശം 45 ശതമാനം ഇന്തോനേഷ്യയിൽ നിന്നും ബാക്കിയുള്ളത് അയൽരാജ്യമായ മലേഷ്യയിൽ നിന്നുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഓരോ വർഷവും ഇന്തോനേഷ്യയിൽ നിന്ന് ഏകദേശം 4 ദശലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, നൂഡിൽസ് ചോക്ലറ്റ് തുടങ്ങി നിത്യോപയോഗത്തിനുള്ള നിരവധി സാധനങ്ങൾ നിർമ്മിക്കാൻ പാമോയിലും അതിന്റെ ഡെറിവേറ്റീവുകളും ഉപയോഗിക്കുന്നുണ്ട്. നെസ്‌ലെ, ബ്രിട്ടാനിയ, മാരികോ തുടങ്ങിയ കമ്പനികളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. അസംസ്കൃത വസ്തുക്കളുടെ വില കൂടുന്നതോടെ ഉത്പന്നത്തിന്റെ വില വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകും.  
 

Follow Us:
Download App:
  • android
  • ios