വണ്ടി വാങ്ങാന്‍ പ്ലാനുണ്ടോ? ഏപ്രില്‍ മുതല്‍ കാറിനും ബൈക്കിനും വില കൂടും; വിശദാംശങ്ങള്‍

By Web TeamFirst Published Mar 24, 2023, 5:02 PM IST
Highlights

പുതിയ വാഹനം വാങ്ങാനുള്ള പ്ലാൻ ഉണ്ടെങ്കിൽ ഈ കാര്യം ശ്രദ്ധിക്കുക. ഏപ്രിൽ ഒന്ന് കഴിഞ്ഞാൽ വില ഉയരുന്നത് ഇങ്ങനെ 

ദില്ലി: ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ ഇന്ത്യയിലെ ഏതെങ്കിലും ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പ്ലാനുണ്ടെങ്കില്‍, ഏപ്രില്‍ 1 ന് മുമ്പ് വാങ്ങുന്നതാണുചിതം. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹോണ്ട, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ, വാണിജ്യ വാഹനങ്ങളുടെ വില ഏപ്രില്‍ 1 മുതല്‍ രണ്ട് മുതല്‍ അഞ്ച്  ശതമാനം വരെ വര്‍ധിപ്പിക്കാനാണ് സാധ്യത. വാഹനങ്ങളുടെ മോഡലുകള്‍ ആശ്രയിച്ചായിരിക്കും വിലവര്‍ധന. 15,000 രൂപ മുതല്‍ 20,000 രൂപയുടെ വരെ വര്‍ധനവ് പ്രതീക്ഷിക്കാം.

മാരുതി സുസുകി ഇന്ത്യ

മലിനീകരണചട്ടങ്ങളുടെ ഭാഗമായുള്ള പരിഷ്‌കരണം,പണപ്പെരുപ്പം എന്നിവ കണക്കിലെടുത്ത് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുകി അറിയിച്ചു. എന്നാല്‍ വില വര്‍ധനവിന്ററെ വിശദാംശങ്ങള്‍ മാരുതി സുസുകി പുറത്ത് വിട്ടിട്ടില്ല. ചെലവ് കുറയ്ക്കുക എന്നതാണ് കമ്പനി ലക്ഷ്യമെന്നും, അതിന്റെ ഭാഗമായാണ് വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നും മാരുതി സുസുകി വക്താക്കള്‍ അറിയിച്ചു.

ALSO READ: ജിയോയെ വിജയിപ്പിച്ച അതേ തന്ത്രവുമായി മുകേഷ് അംബാനി; പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ച് കാമ്പ കോള

ടാറ്റ മോട്ടോഴ്‌സ്

മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി  ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍, ഓട്ടോമൊബൈല്‍ കമ്പനികള്‍ BS 6-II എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രം നിര്‍മ്മിക്കുന്നതിനാല്‍ ഏപ്രില്‍ 1 മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില അഞ്ച് ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. മാത്രമല്ല ടാറ്റ മോട്ടോഴ്‌സ് 2023 ഫെബ്രുവരി മുതല്‍ തന്നെ  BS 6-II  എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും,ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര മാധ്യമങ്ങളോട്് പറഞ്ഞു.

ഹോണ്ട കാര്‍സ് ഇന്ത്യ

എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാന്‍ അമേസിന്റെ വില അടുത്ത മാസം മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയും പ്രഖ്യാപിച്ചു. മോഡലുകളുടെ വ്യത്യസ്തതയ്ക്കനുസരിച്ച് തുകയില്‍ മാറ്റമുണ്ടാകും. മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉല്‍പ്പാദനച്ചെലവ് കൂടിയതിനാലാണ് വര്‍ധനവെന്നും ഹോണ്ട കാര്‍സ് ഇന്ത്യ മാര്‍ക്കറ്റിംഗ് & സെയില്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു

ഹീറോ മോട്ടോകോര്‍പ്പ്

കാറുകളുടെ മാത്രമല്ല ഏപ്രില്‍ മുതല്‍ ഇരുചക്രവാഹനങ്ങളുടെ വിലയും കൂടും. ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില ഏപ്രില്‍ 1 മുതല്‍ ഏകദേശം രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ ഉല്‍പ്പാദനച്ചെലവ് കൂടിയ സഹചര്യത്തിലാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത് എന്നാണ് കമ്പനി വിശദീകരണം.

ALSO READ:മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ടത് കോടികൾ; ഹിൻഡൻബെർഗ് റിപ്പോർട്ടിൽ കുരുങ്ങി ജാക്ക് ഡോർസി

വാഹനങ്ങള്‍ പുറത്തുവിടുന്ന ദോഷകരമായ വാതകങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യൂറോ 6 എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നടപ്പിലാക്കിക്കഴിഞ്ഞു.  രാജ്യത്ത് 2023 ഏപ്രില്‍ 1 മുതല്‍, ഓട്ടോമൊബൈല്‍ കമ്പനികള്‍ BS 6-II എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ വാഹനങ്ങള്‍ നിര്‍മ്മിക്കുകയുള്ളൂ. ഇതുമൂലം വാഹന നിര്‍മ്മാണത്തിന് ചെലവേറും. ഈ നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി നികത്താന്‍ കമ്പനികള്‍ തയ്യാറെടുക്കുകയാണ്. ഇതാണ് വില കൂടുന്നതിന്റെ മുഖ്യ കാരണം

click me!