ബാങ്കുകളിലെ കിട്ടാക്കടം കുറഞ്ഞു, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് പങ്കജ് ചൗധരി

Published : Feb 09, 2026, 06:14 PM IST
debt

Synopsis

കിട്ടാക്കടം കുറഞ്ഞതോടെ ബാങ്കുകൾക്ക് നഷ്ടം നികത്താനായി മാറ്റിവെക്കേണ്ട തുകയിലും കുറവ് വന്നു

ദില്ലി: രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിട്ടാക്കടം കഴിഞ്ഞ എട്ട് വർഷമായി തുടർച്ചയായി കുറഞ്ഞുവരികയാണ്. 2025 സെപ്റ്റംബർ അവസാനത്തിലെ താൽക്കാലിക കണക്കുകൾ പ്രകാരം കിട്ടാക്കടത്തിന്റെ അനുപാതം 2.15 ശതമാനമാണ്. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2010-11 കാലഘട്ടത്തേക്കാൾ കുറവാണിതെന്ന് പങ്കജ് ചൗധരി വ്യക്തമാക്കി.

2015-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആസ്തി ഗുണമേന്മാ പരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് സർക്കാർ കിട്ടാക്കടം കുറയ്ക്കാൻ ശക്തമായ നടപടികൾ തുടങ്ങിയത്. കിട്ടാക്കടം സുതാര്യമായി കണ്ടെത്തുക, നിയമങ്ങളിലൂടെയും നടപടികളിലൂടെയും സമ്മർദ്ദത്തിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം തിരിച്ചുപിടിക്കുക, പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധനം നൽകുക, ബാങ്കിംഗ് രംഗത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരിക എന്നിവ ഉൾപ്പെടുന്ന '4R' തന്ത്രമാണ് സർക്കാർ നടപ്പാക്കിയത്. ഈ നടപടികൾ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിൽ വലിയ കുറവുണ്ടാക്കാൻ സഹായിച്ചുവെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.

കിട്ടാക്കടത്തിന്റെ പ്രതിമാസ കണക്കുകൾ ശേഖരിക്കാറില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. എന്നാൽ, 2025 സെപ്റ്റംബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2.15 ശതമാനമാണ്. പൊതുമേഖലാ ബാങ്കുകളിൽ ഇത് 2.50 ശതമാനവും സ്വകാര്യ ബാങ്കുകളിൽ 1.73 ശതമാനവും വിദേശ ബാങ്കുകളിൽ 0.80 ശതമാനവുമാണ്. 2018 മാർച്ചിന് ശേഷം സ്വകാര്യ, വിദേശ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളിലാണ് കിട്ടാക്കടത്തിൽ ഏറ്റവും വലിയ കുറവുണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കിട്ടാക്കടം കുറഞ്ഞതോടെ ബാങ്കുകൾക്ക് നഷ്ടം നികത്താനായി മാറ്റിവെക്കേണ്ട തുകയിലും (പ്രൊവിഷനിംഗ്) കുറവ് വന്നു. ഇത് ബാങ്കുകളുടെ ലാഭക്ഷമത വർധിപ്പിക്കുകയും ബിസിനസ് വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ശക്തമായ ബാലൻസ് ഷീറ്റും സ്ഥിരമായ ലാഭവും ഉള്ളതിനാൽ പൊതുമേഖലാ ബാങ്കുകളുടെ ആസ്തി ഗുണമേന്മയും വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങളും മെച്ചപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

റാഫേലിനും തേജസിനും കൂട്ടായി 'ഗ്രിപ്പന്‍' വരുമോ; ആകാശത്തെ 'എഐ' പോരാളികളെ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന വാഗ്ദാനവുമായി സ്വീഡന്‍
ജോലി മാറുമ്പോള്‍ എസ്‌ഐപി മുടക്കുന്നുണ്ടോ? സൂക്ഷിക്കുക, സമ്പാദ്യത്തിന് ഇത് വന്‍ തിരിച്ചടിയാകും!