
കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർച്ചയായ വ്യാപാര സംഘർഷങ്ങൾ നിലനിൽക്കെയാണ് രൂപ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ 88.7975 എന്ന താഴ്ന്ന നിലവാരത്തെ മറികടന്ന് രൂപയുടെ മൂല്യം 88.80 എന്ന നിലയിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്
തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു. ഒരു കുഞ്ഞിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ നിർമ്മാണ ബിസിനസ്സ് അമേരിക്കയിൽ നിന്ന് മോഷ്ടിച്ചു എന്നാണ് ട്രംപ് പറഞ്ഞത്. അതിനാൽ, ഈ ദീർഘകാല പ്രശ്നം പരിഹരിക്കുന്നതിനായി, അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും ഞാൻ 100 ശതമാനം താരിഫ് ഏർപ്പെടുത്തും എന്ന ട്രംപിന്റെ പ്രഖ്യാപനം നിക്ഷേകരെ സ്വാധീനിച്ചു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) വിൽപന തുടരുന്നതോടെ രൂപയുടെ സമ്മർദ്ദം ഉയരുന്നുണ്ട്. ഇന്തോ-യുഎസ് വ്യാപാര കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതും ഒക്ടോബർ 1 ന് മോണിറ്ററി പോളിസി കമ്മിറ്റിയുടെ പണനയം പുറത്തു വരുന്നതിനും മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തുന്നുണ്ട്. ആർബിഐ ബുധനാഴ്ച പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് വിദഗ്ധർ വിലയിരുത്തുണ്ട്. പണപ്പെരുപ്പം കുറഞ്ഞതിനാലും കറൻസിയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ ധാരാളം വിദേശനാണ്യ കരുതൽ ശേഖരം ഉള്ളതിനാലും ആർബിഐ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ഈ വർഷം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ഏഷ്യൻ കറൻസികളിൽ ഒന്നാണ് രൂപ. ഡോളറിനെതിരെ 3.7% ഇടിവാണ് ഉണ്ടായത്.