
ബംഗളൂരു: ജീവനക്കാർക്ക് മറ്റു കമ്പനികൾക്ക് വേണ്ടിയും പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി ഐടി ഭീമനായ ഇൻഫോസിസ്. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് മൂൺലൈറ്റിംഗിനെതിരെ കർശന നിലപാട് സ്വീകരിച്ച കമ്പനിയാണ്. ഒരു കമ്പനിയിൽ ജോലി ചെയ്യവേ മറ്റു കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനെതിരെ ഇൻഫോസിസ് പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജീവനക്കാർക്ക് മറ്റ് കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇൻഫോസിസ്. എന്നാൽ ചില നിബന്ധനകളോടെ ആണെന്ന് മാത്രം. എച്ച് ആർ മാനേജരുടെയോ ജനറൽ മാനേജരുടെയോ അനുമതിയോടു കൂടി മാത്രമേ ജീവനക്കാർക്ക് മറ്റു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യാൻ അനുവാദം ഉണ്ടാകുകയുള്ളൂ.
ALSO READ: ഇന്ത്യയിൽ 1,661 കോടി നിക്ഷേപിക്കാന്‍ ഫോൺപേ; ലക്ഷ്യം ഡാറ്റാ സെന്റർ നിർമ്മാണം
മാത്രമല്ല കമ്പനിയുമായോ കമ്പനിയുടെ ക്ലയന്റുകളുമായോ മത്സരിക്കാത്ത അല്ലെങ്കിൽ താൽപ്പര്യ വൈരുദ്ധ്യം ഇല്ലാത്ത കമ്പനികൾക്ക് വേണ്ടി മാത്രമേ ജീവനക്കാർക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടാവുകയുള്ളു. അതേസമയം ഇൻഫോസിസ് ഇപ്പോഴും മൂൺലൈറ്റിംഗിനെ എതിർക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ പ്രധാന സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് എങ്ങനെ ബാഹ്യ ജോലികൾ ചെയ്യാമെന്നതിനെ കുറിച്ച് ജീവനക്കാർക്ക് മെയിൽ അയച്ചിട്ടുണ്ട്.
മൂൺലൈറ്റിംഗിനെ എതിർക്കുന്ന ഇൻഫോസിസ്, കഴിഞ്ഞ ഒരു വർഷത്തിനിടെ മൂൺലൈറ്റിംഗ് ചെയ്തതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മൂൺലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇൻഫോസിസ് സി ഇ ഒ സലീൽ പരേഖ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കമ്പനിക്ക് പുറത്ത് അവസരങ്ങൾ വരുമ്പോൾ നിബന്ധനകൾ പാലിച്ച് ജീവനക്കാർക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ഇലോൺ മാസ്ക് ട്വിറ്റർ ഏറ്റെടുത്താൽ 75 ശതമാനം തൊഴിലാളികൾ പടിക്ക് പുറത്തേക്ക്
മൂൺലൈറ്റിംഗ് എന്താണ്?
ഒരു കമ്പനിയിൽ മുഴുവൻ സമയ ജോലി ചെയ്യവേ തൊഴിലുടമയുടെ അറിവില്ലാതെ മറ്റ് കമ്പനിയുടെ ജോലികൾ ഒരേസമയം ചെയ്യുന്നതിനെയാണ് മൂൺലൈറ്റിംഗ്.എന്ന് പറയുന്നത്. ഒരേ സമയം രണ്ട് കമ്പനിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനെ മിക്ക കമ്പനികളും എതിർക്കാറുണ്ട്. ഇത് ഉത്പാദനക്ഷമതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്നതായി വിലയിരുത്തുന്നു.