ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞോ? 18% ജിഎസ്ടി ഇളവിന്റെ ഗുണം ജനങ്ങള്‍ക്ക്; സ്ഥിരീകരിച്ച് കേന്ദ്രം

Published : Feb 12, 2026, 03:47 PM IST
GST

Synopsis

നികുതി കുറഞ്ഞതിന്റെ പൂര്‍ണ ഗുണം പോളിസി ഉടമകള്‍ക്ക് നല്‍കുന്നുണ്ടെന്നും ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചതായി മന്ത്രി സഭയില്‍ പറഞ്ഞു.

 

ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള 18 ശതമാനം ജിഎസ്ടി ഒഴിവാക്കിയ തീരുമാനം പോളിസി ഉടമകള്‍ക്ക് വലിയ ആശ്വാസമായെന്ന് കേന്ദ്ര സര്‍ക്കാര്‍. ലൈഫ് ഇന്‍ഷുറന്‍സ്, ഫാമിലി ഫ്‌ലോട്ടര്‍ അടക്കമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം തുകയില്‍ ഈ ഇളവ് പ്രതിഫലിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിനിടെ രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രീമിയം കുറഞ്ഞു, പോളിസി എടുക്കുന്നവര്‍ കൂടി : 18 ശതമാനം നികുതി ഭാരം ഒഴിവായതോടെ പ്രീമിയം തുക കുറഞ്ഞുവെന്നും ഇത് കൂടുതല്‍ ആളുകളെ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കി, സമൂഹത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശങ്കകള്‍ക്ക് വിരാമം; കമ്പനികള്‍ നിരക്ക് കൂട്ടിയില്ല : കഴിഞ്ഞ സെപ്റ്റംബറിലാണ് ജിഎസ്ടി കൗണ്‍സില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലുള്ള 18 ശതമാനം സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ജിഎസ്ടി ഒഴിവാക്കുമ്പോള്‍ കമ്പനികള്‍ക്ക് കമ്മീഷന്‍, വാടക തുടങ്ങിയ ചെലവുകള്‍ നികുതിയില്‍ വകയിരുത്താന്‍ സാധിക്കാതെ വരും. ഈ നഷ്ടം നികത്താന്‍ കമ്പനികള്‍ അടിസ്ഥാന പ്രീമിയം 1 മുതല്‍ 4 ശതമാനം വരെ വര്‍ധിപ്പിച്ചേക്കുമെന്ന് ബ്രോക്കറേജ് ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. എന്നാല്‍, ഈ ആശങ്കകള്‍ അസ്ഥാനത്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നികുതി ഇളവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി കര്‍ശന നിരീക്ഷണം നടത്തിവരികയാണ്. ജിഎസ്ടി ഇളവിനു ശേഷം പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ലെന്നും, നികുതി കുറഞ്ഞതിന്റെ പൂര്‍ണ ഗുണം പോളിസി ഉടമകള്‍ക്ക് നല്‍കുന്നുണ്ടെന്നും ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചതായി മന്ത്രി സഭയില്‍ പറഞ്ഞു.

പുസ്തകങ്ങള്‍ക്ക് ജിഎസ്ടി ഉണ്ടോ?

മെഡിക്കല്‍, വിദ്യാഭ്യാസ പുസ്തകങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയാകുന്നില്ലേ എന്ന ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. നിലവില്‍ അച്ചടിച്ച പുസ്തകങ്ങള്‍ക്കും ബ്രെയിലി പുസ്തകങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

പൊന്നും വെള്ളിയും 'പൊള്ളുന്നു': പണികുറഞ്ഞ് വിപണി; ആഭരണ മേഖലയില്‍ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടം
120 കോടിയിലേറെ മുതൽമുടക്ക്; കിൻഫ്രയിൽ പ്രവർത്തനമാരംഭിച്ച് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസ്