റാം ക്ഷാമം രൂക്ഷം; വില കുറഞ്ഞ ലാപ്‌ടോപ്പുകൾക്കായുള്ള ഇന്റൽ പ്രോസസറുകൾ വിറ്റുതീർന്നു

Published : Oct 31, 2026, 02:04 PM IST
Intel Chip

Synopsis

കമ്പ്യൂട്ടർ വിപണിയിൽ റാം ക്ഷാമം രൂക്ഷമാകുന്നതിനിടെ ഇന്റലിന്റെ ബജറ്റ് ലാപ്ടോപ്പുകൾക്കായുള്ള വൈൽഡ്‍കാറ്റ് ലേക്ക് ചിപ്പുകൾ പൂർണമായും വിറ്റുതീർന്നു. എഐ ഡാറ്റാ സെന്ററുകളുടെ വർധിച്ച മെമ്മറി ഉപയോഗമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ റാം ക്ഷാമം 2028 മുതൽ 2030 വരെ തുടർന്നേക്കാമെന്ന് പ്രമുഖ മെമ്മറി നിർമാതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

കമ്പ്യൂട്ടർ വിപണിയിൽ റാം ക്ഷാമം രൂക്ഷമാകുന്നതിനിടെ കുറഞ്ഞ വിലയിലുള്ള ലാപ്‌ടോപ്പുകൾക്കായി ഇന്റൽ പുറത്തിറക്കിയ പ്രോസസറുകൾ വിറ്റുതീർന്നു. ഘടകഭാഗങ്ങളുടെ വില വർധിക്കുന്നത് പിസി നിർമാതാക്കൾക്ക് വലിയ വെല്ലുവിളിയാകുന്നതിനിടെയാണ് ഇന്റലിന്റെ ബജറ്റ് വിഭാഗത്തിലുള്ള വൈൽഡ്‍കാറ്റ് ലേക്ക് (Wildcat Lake chips) ചിപ്പുകൾക്ക് ആവശ്യക്കാർ ഏറിയത്. ആവശ്യകതയ്ക്കനുസരിച്ച് വിതരണം നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കമ്പനി വ്യക്തമാക്കി.

ആവശ്യക്കാർ ഏറിയതോടെ ചിപ്പുകൾ വിറ്റുതീർന്നു

2026ലെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ഇന്റൽ മേധാവി ലിപ്-ബു ടാൻ വൈൽഡ്‍കാറ്റ് ലേക്ക് പ്രോസസറുകൾക്കുള്ള ഉയർന്ന ഡിമാൻഡ് സ്ഥിരീകരിച്ചത്. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡേവിഡ് സിൻസ്നറും ചിപ്പുകൾ പൂർണമായും വിറ്റുതീർന്നതായി വ്യക്തമാക്കി. ലാപ്‌ടോപ്പുകളുടെ നിർമാണച്ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ഇത്തരം പ്രോസസറുകൾക്ക് ഇപ്പോൾ വലിയ പ്രാധാന്യമുണ്ടെന്ന് സിൻസ്‍നർ പറഞ്ഞു. താരതമ്യേന കുറഞ്ഞ വിലയിൽ ലാപ്‌ടോപ്പുകൾ വിപണിയിലെത്തിക്കാൻ നിർമാതാക്കളെ സഹായിക്കുന്നതാണ് ഈ ചിപ്പുകളുടെ പ്രധാന പ്രത്യേകത.

ഡെൽ, എച്ച്പി ലാപ്‌ടോപ്പുകളിലും ഉപയോഗിക്കുന്നു

ഡെൽ എക്സ്പിഎസ് 13, എച്ച്പി ഓംനിബുക്ക് 5 14 തുടങ്ങിയ വിൻഡോസ് ലാപ്‌ടോപ്പുകളിൽ വൈൽഡ്‍കാറ്റ് ലേക്ക് പ്രോസസറുകൾ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ ലാപ്‌ടോപ്പുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം മോഡലുകൾ ആകർഷകമാണ്. എന്നാൽ ചില പതിപ്പുകളിൽ 8 ജിബി റാം മാത്രമാണുള്ളത്. ഒരേസമയം ഒന്നിലധികം ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നവർക്കും കൂടുതൽ ശേഷി ആവശ്യമായ ജോലികൾ ചെയ്യുന്നവർക്കും ഇത് പരിമിതിയാകാം.

റാം ക്ഷാമം 2028 വരെയും തുടർന്നേക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കമ്പനികൾ ഡാറ്റാ സെന്ററുകൾക്കായി വൻതോതിൽ മെമ്മറി ഉപയോഗിക്കുന്നതാണ് നിലവിലെ ക്ഷാമത്തിന് പ്രധാന കാരണം. ഇതോടെ സാധാരണ കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപ്പുകൾക്കും ആവശ്യമായ റാമിന്റെ വില കുതിച്ചുയരുകയാണ്. 2027ലും മെമ്മറി ലഭ്യതയിൽ കാര്യമായ പുരോഗതിയുണ്ടാകില്ലെന്നാണ് ഇന്റലിന്റെ വിലയിരുത്തൽ. സാഹചര്യം മെച്ചപ്പെടുന്നുണ്ടോയെന്ന് അറിയാൻ 2028 വരെ കാത്തിരിക്കേണ്ടിവരുമെന്ന് ഡേവിഡ് സിൻസ്‍നർ വ്യക്തമാക്കി.

മുന്നറിയിപ്പുമായി മൈക്രോണും എസ്‌കെ ഹൈനിക്സും

മെമ്മറി നിർമാതാക്കളായ മൈക്രോണും ക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2027ലും 2028ലും മെമ്മറിയുടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം വർധിച്ചേക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 2027ലെ ഉൽപ്പാദനത്തിന്റെ 75 ശതമാനത്തിലധികവും ഇതിനകം ഉപഭോക്താക്കൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്ന് മൈക്രോൺ മേധാവി സഞ്ജയ് മെഹ്റോത്ര വ്യക്തമാക്കി. അതേസമയം, എസ്‌കെ ഹൈനിക്സിന്റെ ഡിആർഎഎം, ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറി ശേഖരം 2029 വരെ വിറ്റുതീർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ക്ഷാമം 2030 വരെ തുടർന്നേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2027ൽ എഐ മേഖലയിലെ ആവശ്യകത മെമ്മറി വിതരണത്തെ മറികടക്കുമെന്ന് സാംസങ്ങും വിലയിരുത്തുന്നു.

പിസി വിപണിയിൽ പുതിയ മുന്നേറ്റം പ്രതീക്ഷിച്ച് ഇന്റൽ

എഐ മേഖലയിലെ വൻ വളർച്ച സെമികണ്ടക്ടർ വിതരണ ശൃംഖലയിലാകെ സമ്മർദം സൃഷ്‍ടിക്കുന്നുണ്ട്. പുതിയ നിർമാണശാലകൾ സ്ഥാപിക്കാൻ കമ്പനികൾ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ സമയമെടുക്കും. നിലവിലെ പ്രതിസന്ധികൾക്കിടയിലും പേഴ്സണൽ കമ്പ്യൂട്ടർ വിപണിയുടെ ഭാവിയിൽ ഇന്റൽ പ്രതീക്ഷ കൈവിട്ടിട്ടില്ല. എഐ കമ്പ്യൂട്ടിങ്ങിനായുള്ള അഭൂതപൂർവമായ ആവശ്യകതയാണ് ഇപ്പോഴത്തെ വിതരണ പ്രതിസന്ധിക്ക് കാരണമെന്ന് ഇന്റൽ മേധാവി ലിപ്-ബു ടാൻ ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും പിസി വിപണിയിൽ വലിയൊരു പുനരുജ്ജീവനം ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ ബിസിനസ് സ്‍കൂളുകൾ അടച്ചുപൂട്ടണം; പകരം സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകൾ വരണമെന്ന് ശ്രീധർ വെമ്പു
ഒരു കുപ്പി വിസ്‌കിക്ക് വില 31 ലക്ഷം രൂപ! വിലയ്ക്ക് പിന്നില്‍ അപൂര്‍വമായ കലാസൃഷ്ടി; ആഡംബര പാക്കേജിങ്ങിന്റെ രഹസ്യം